
ഹെെദരാബാദ്: ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്ക് എതിരായ ലൈംഗികാതിക്രമക്കേസിൽ നടൻ അല്ലു അർജുൻ്റെയും സംവിധായകൻ സുകുമാറിൻ്റെയും പേരുകൾ വലിച്ചിഴയ്ക്കുന്നതിനെതിരെ ‘പുഷ്പ’ നിർമാതാവ് രവിശങ്കർ. നടനെതിരെ ഉയർന്ന അഭ്യൂഹങ്ങളെല്ലാം നിർമാതാവ് തള്ളി. സെറ്റിൽ ആരുടേയും കാര്യത്തിൽ ഇടപെടുന്ന ആളല്ല അല്ലു അർജുനെന്ന് നിർമാതാവ് വ്യക്തമാക്കി.
പരാതിക്കാരിയായ പെൺകുട്ടിക്ക് ജോലിസംബന്ധമായ പിന്തുണ അല്ലു അർജുനും സംവിധായകൻ സുകുമാറും ഒരുക്കിയെന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഹെെദരാബാദിൽ പുതിയ ചിത്രത്തിൻ്റെ പ്രമോഷനിടയിൽ പ്രതികരിക്കുകയായിരുന്നു നിർമാതാവ് രവിശങ്കർ.
പെൺകുട്ടിയും ജാനി മാസ്റ്ററും തമ്മിൽ എന്ത് സംഭവിച്ചാലും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് നിർമാതാവ് പറഞ്ഞു. പെൺകുട്ടിയെ ഒരുപാട് നാൾക്ക് മുൻപാണ് ‘പുഷ്പ 2’വിലേയ്ക്ക് വിളിച്ചതെന്നും സിനിമയിലുടനീളം അവരുണ്ടാകുമെന്നും നിർമാതാവ് വ്യക്തമാക്കി. ‘പുഷ്പ 2’വിന് വേണ്ടി ജാനി മാസ്റ്റർ ഒരു സ്പെഷ്യൽ ഡാൻസ് ഒരുക്കാനിരുന്നതാണെന്നും തങ്ങളിത് പ്ലാൻ ചെയ്യുന്നതിനും രണ്ട് ദിവസം മുൻപാണ് ഈ സംഭവം നടന്നതെന്നും നിർമാതാവ് പറഞ്ഞു.
വിവിധ ലൊക്കേഷനുകളിൽ വെച്ച് പലതവണ ലെെംഗികാതിക്രമം; …
നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ, …
പോക്സോ കേസ്: കോറിയോഗ്രാഫർ ജാനി മാസ്റ്റർക്ക് …
ഒരാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയോ സ്ഥാനക്കയറ്റം നൽകുകയോ ചേയ്യേണ്ട ആവശ്യം അല്ലു അർജുന് എന്താണെന്നും നിർമാതാവ് ചോദിച്ചു. പരാതിക്കാരിയോടും ജാനി മാസ്റ്ററോടും പ്രൊഫഷണൽ ബന്ധമാണ് തങ്ങൾക്ക് ഉള്ളതെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സിനെ പ്രതിനിധീകരിച്ച് നടി ജാൻസി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് സംസാരിച്ചത് മുതലാണ് നടൻ അല്ലു അർജുൻ്റേയും സംവിധായകൻ സുകുമാറിൻ്റേയും പേരുകൾ ഉയർന്നുവന്നത്. വിഷയത്തിൽ തെലുങ്ക് ഇൻഡസ്ട്രി ഒറ്റക്കെട്ടാണെന്നും പരാതിക്കാരിക്ക് വേണ്ടി ആരും സംസാരിക്കുന്നില്ലെന്ന് തോന്നുമെങ്കിലും ഒരു വലിയ സംവിധായകനും രണ്ട് നിർമാതാക്കളും ഒരു പ്രമുഖ നായകനും പരാതിക്കാരിക്ക് ജോലി സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജാൻസി പറഞ്ഞിരുന്നു. പിന്നാലെയാണ് അല്ലു അർജുനെതിരെ അഭ്യൂഹങ്ങൾ പരക്കാൻ ആരംഭിച്ചത്.
സഹപ്രവർത്തകയാണ് ജാനി മാസ്റ്റർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. അസിസ്റ്റന്റ് ഡാൻസ് കോറിയോഗ്രാഫറായ 21-കാരിയെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു യുവതി. പ്രായപൂർത്തിയാകുന്നതിനും മുൻപ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് പോക്സോ കേസ് ചുമത്തിയത്. വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]