
ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദം സിനിമയിലേക്കും. ലഡുവുമായി ബന്ധപ്പെട്ട ഒരു പരാമർശം കുഴപ്പത്തിലാക്കിയത് തമിഴ് നടൻ കാർത്തിയേയാണ്. ലഡുവിനേക്കുറിച്ചുള്ള കാർത്തിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായ രംഗത്തെത്തി. പിന്നാലെ കാർത്തി മാപ്പുപറയുകയും ചെയ്തതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
കഴിഞ്ഞദിവസം ഹൈദരാബാദിൽ ഒരു ചടങ്ങിൽ കാർത്തി പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അവതാരക സ്ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതേക്കുറിച്ച് മനസിൽ വരുന്നത് പറയാനാവശ്യപ്പെട്ടു. അതിലൊരു മീം ലഡുവിൻെ ചിത്രമടങ്ങുന്നതായിരുന്നു. ലഡുവിനേക്കുറിച്ച് നമുക്ക് ഇപ്പോൾ സംസാരിക്കേണ്ടെന്നും അതൊരു വിവാദവിഷയമാണെന്നുമാണ് ഇതിനോട് കാർത്തി പ്രതികരിച്ചത്.
ചൊവ്വാഴ്ച വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവേ കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പവൻ കല്യാൺ ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് ഈ വിഷയത്തിൽ വിശദീകരണവുമായി കാർത്തിതന്നെ രംഗത്തെത്തി. ‘ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാൻ്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.’ കാർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയിരുന്നു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]