അടുത്തകാലത്തിറങ്ങിയ തമിഴ് ചിത്രങ്ങളിലെ സെൻസേഷണൽ ഹിറ്റ് ആയിരുന്നു ജയിലർ. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഒരേപോലെ മികച്ച അഭിപ്രായം നേടിയ ചിത്രം അഞ്ഞൂറുകോടിയിലേറെയാണ് തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത്. ഈയിടെ ചിത്രത്തിന്റെ വിജയാഘോഷം വൻജനാവലിയെ സാക്ഷിയാക്കി നടത്തിയിരുന്നു. താരങ്ങളും അണിയറപ്രവർത്തകരും അണിനിരന്ന ചടങ്ങിൽ ജയിലറിൽ വർമൻ എന്ന വില്ലൻ വേഷത്തിലെത്തിയ വിനായകനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ക്ലാസിക് ചിത്രം ഷോലെയിൽ അംജദ് ഖാൻ അവതരിപ്പിച്ച ഗബ്ബർ സിംഗ് എന്ന കഥാപാത്രത്തോടാണ് രജനി വർമനെ ഉപമിച്ചത്. ഗബ്ബർ സിംഗിനെപ്പോലെ വർമനും സെൻസേഷനാകുമെന്ന് സംവിധായകൻ നെൽസണോട് പറയുമായിരുന്നു. ഗംഭീര പ്രകടനമായിരുന്നു വിനായകന്റേതെന്നും രജനി പറഞ്ഞു. അതേസമയം വിജയാഘോഷത്തിൽ പങ്കെടുക്കാൻ വിനായകൻ എത്തിയിരുന്നില്ല.
‘‘ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിങ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.
രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’’–രജനികാന്ത് പറഞ്ഞു. ജയിലർ സിനിമയിലെ ഏറ്റവും വലിയ അനുഭവം രജനികാന്തിന്റെ പെരുമാറ്റമായിരുന്നുവെന്ന് വിനായകനും പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രജനിയുടെ 169-ാം ചിത്രം കൂടിയായിരുന്നു ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തിയത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവരാജ് കുമാർ, തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. അനിരുദ്ധായിരുന്നു സംഗീത സംവിധായകൻ.