
റാഫിയുടെ തിരക്കഥയിൽ വിഷ്ണു ഉണ്ണി കൃഷ്ണന്റെയും ഷെെൻ ടോം ചാക്കോയുടേയും പൊടിപൂരം, ഒറ്റവാചകത്തിൽ ‘താനാരാ’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു കള്ളനെയും അദ്ദേഹത്തിൻ്റെ മോഷണത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ പ്രേക്ഷകരിൽ ചിരി പടർത്തുകയാണ് സംവിധായകൻ. കുറച്ചുകഥാപാത്രങ്ങൾ മാത്രമേ അണിനിരക്കുന്നുവുള്ളുവെങ്കിലും ചിരിക്ക് ഒരുകുറവും ചിത്രത്തിലില്ല.
തന്റേതായ പോളിസികളിൽ നിന്നുകൊണ്ട് മോഷണം നടത്തുന്ന വ്യത്യസ്തനായ കള്ളനാണ് തങ്കച്ചൻ. ഒരു വീട്ടിൽ കയറിയാൽ തനിക്ക് ആവശ്യമായ പണം മാത്രമേ ഈ കള്ളൻ എടുക്കുകയുള്ളൂ. എം.എല്‍.എ ആദര്‍ശ് ശ്രീവരാഹത്തിന്റെ വീട്ടിൽ തങ്കച്ചൻ കയറുന്നതോടെയാണ് സിനിമയക്ക് ചൂടുപിടിക്കുന്നത്. എം.എൽ.എ സ്ഥലത്തില്ലെന്ന് കരുതിയ തങ്കച്ചന്റെ കണക്കുകൂട്ടലുകൾ അവിടംമുതൽ തെറ്റുകയാണ്. പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം.
കള്ളൻ തങ്കച്ചനായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുമ്പോൾ എം.എല്‍.എയായി ഷൈന്‍ ടോം ചാക്കോ വേഷമിടുന്നു. ഇവർക്കൊപ്പം തകർക്കാൻ ദീപ്തി സതിയും ചിന്നു ചാന്ദ്നിയും ഒപ്പമുണ്ട്. അജു വർഗീസ്, സ്നേഹ ബാബു എന്നിവരും ചിത്രത്തെ കളറാക്കുന്നു.
ആദ്യാവസാനം ചിരിപ്പൂരമൊരുക്കുന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടനം കെെയടി നേടുന്നുണ്ട്. കള്ളൻ തങ്കച്ചനെ വിഷ്ണുവും ആദര്‍ശ് ശ്രീവരാഹം എം.എൽ.എയെ ഷെെൻ ടോം ചാക്കോയും ഭംഗിയാക്കി. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തലസംഗീതവും കഥാപരിസരത്തോട് യോജിച്ച രീതിയിൽ മികച്ചതാക്കാൻ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്.
വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. വി സാജൻ എഡിറ്റിങ്ങും ബി.കെ. ഹരിനാരായണൻ ഗാനരചനയും കെെകാര്യം ചെയ്തിരിക്കുന്നു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]