
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ താമസിച്ചതും ഭാഗികമായി പുറത്തുവിട്ടതും നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് നടി ജോളി ചിറയത്ത്. ഒരു പ്രത്യേക നിമിഷത്തിലാണ് ഡബ്ല്യൂ.സി.സി. കളക്റ്റീവ് ഉണ്ടാകുന്നത്. ഒരു കമ്മിറ്റിയെ നിയമിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഏതാണ്ട് നാലര വർഷത്തിലേറെയെടുത്തു ഇത് പുറത്തേക്ക് വരാൻ. അത് സ്വമേധയാ ഗവണ്മെന്റ് പുറത്തു വിടുകയല്ല ചെയ്തത്. ഓരോ സമയത്തും കോടതി ഇടപെടലുകൾ ഉണ്ടായതുകൊണ്ടുതന്നെ റിപ്പോർട്ടിനേക്കുറിച്ച് നിരാശയുണ്ടെന്നും അവർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കാണുന്നത് അതിന്റെ പ്രസക്തഭാഗങ്ങളൊന്നും ഇല്ലെന്നുള്ളതാണെന്നും പിന്നെ ആർക്കൊപ്പമാണ് ഗവണ്മെന്റ് എന്നൊരു ചോദ്യം നമ്മുടെ ഉള്ളിലുണ്ടാവുന്നുമുണ്ടെന്നും ജോളി ചിറയത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കാര്യങ്ങൾ പുറത്തുവന്നു എന്നുള്ളതും പൊതുജനങ്ങൾ അതിന്റെയൊപ്പം വിജിലന്റ് ആയിട്ട് നിൽക്കുന്നുവെന്നുള്ളതും, മാധ്യമപ്രവർത്തകരടക്കം അതിന്റെ വസ്തുതകളും നടപടി ക്രമങ്ങളും അറിയാനും ഒക്കെ താല്പര്യപ്പെടുന്നു എന്നുള്ളത് തന്നെയാണ് തങ്ങളുടെ ഒരു വലിയ വിജയമായി കാണുന്നതെന്നും അവർ പറഞ്ഞു.
“ഡബ്ല്യൂ.സി.സിയുടെ ഈ നീക്കം മുന്നോട്ടുവെച്ച കരുത്തുംകൂടിയാണ് ഇന്ന് പലരും സ്വമേധയാ വന്നു കാര്യങ്ങൾ പറയുന്നുവെന്നുള്ളതും. ഇൻഡസ്ട്രിയ്ക്കകത്ത് എല്ലാകാലത്തും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പറയാനുള്ള ഇടമുണ്ടായിരുന്നില്ല. നമ്മൾ അതിനൊരു നിമിത്തമായി എന്നുള്ളതൊരു സന്തോഷമുള്ള കാര്യമാണ്”ജോളി പറഞ്ഞു.
ഇതുവരെയും സിനിമയ്ക്കകത്ത് ഒരു ആഭ്യന്തര കമ്മിറ്റി ഉണ്ടായിരുന്നില്ല. ഇത് വേണമെന്നെല്ലാം വന്നത് റിപ്പോർട്ടിന്റെ കണ്ടെത്തലിന്റെ ഭാഗമായിട്ടാണ്. അപ്പോ സ്ത്രീകൾ എവിടെ പരാതിപ്പെടണമായിരുന്നു? സിനിമയുടെ കാര്യമെന്തെന്നാൽ നിർമ്മാതാവും അദ്ദേഹത്തിന്റെ ഭാഗമായി വരുന്ന ചില മനുഷ്യരുമാണ് നമുക്ക് ജോലി തരുന്നത്. അപ്പോൾ തന്റെ പ്രശ്നങ്ങൾ പറയാനുള്ളൊരു വേദി അവിടെ ഉണ്ടാവണം. അതുണ്ടെന്ന് ഉറപ്പ് കിട്ടണം. അതിന്മേൽ എന്തെങ്കിലും നടപടിയുണ്ടാവുമോ എന്നും ബോധ്യം വരണം. ഇത് അങ്ങനെ ഒന്നുമേയില്ല. ഇത് ഭയങ്കരമായൊരു വിക്ടിം ബ്ലെയിമിങ് ആയിട്ടാണ് തനിക്ക് തോന്നുന്നതെന്നും ജോളി ചിറയത്ത് കൂട്ടിച്ചേർത്തു.