
തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായെത്തിയത്. അതിൽ യുവസംവിധായകൻ തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പിറന്നാളാശംസ അൽപം വ്യത്യസ്തമാണ്.
സൂര്യക്കൊപ്പമുള്ള ചിത്രവും ചെറുകുറിപ്പുമാണ് തരുൺ മൂർത്തി പോസ്റ്റ് ചെയ്തത്. സൂര്യയോട് പഠിക്കുന്ന കാലംമുതലേയുള്ള ആരാധനയേക്കുറിച്ചാണ് തരുൺ പറയുന്നത്. ‘സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്പോൾ ഒരിക്കൽപ്പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടിക്കാഴ്ച’ എന്നാണ് തരുൺ മൂർത്തി എഴുതിയിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി L360 എന്ന് താത്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രം സംവിധാനംചെയ്യുകയാണ് തരുൺ ഇപ്പോൾ. ഈ ചിത്രത്തിൽ സൂര്യയുണ്ടെന്ന് പ്രചരിപ്പിച്ച് ടെൻഷൻ തരരുതെന്നും അദ്ദേഹം തമാശയായി പറയുന്നുണ്ട്.
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് L360. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭനയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് L360-ക്ക്.
കെ.ആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]