
വിരലിലെണ്ണാവുന്നവയേ ഉള്ളൂവെങ്കിലും മലയാളത്തിൽ പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ബോളിവുഡ് ഗായകനാണ് ഉദിത് നാരായൺ. ഇദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംഗീതസംവിധായകൻ ദീപക് ദേവ്. അക്ഷരത്തെറ്റുണ്ടാവാമെങ്കിലും അദ്ദേഹം പാടിത്തീരുമ്പോൾ കിട്ടുന്ന ഫീൽ മാത്രം മതി ഒരു പാട്ടിനെ ഉയർത്തിക്കൊണ്ടുവരാനെന്ന് ദീപക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഉദിത് നാരായണൻ പാടുന്നത് ചിരിച്ചുകൊണ്ടാണെന്ന് ദീപക് ദേവ് പറഞ്ഞു. ഏത് വിഭാഗത്തിൽപ്പെട്ട പാട്ടാണ്, ലവ് സോങ്ങാണോ? ഓ.കെ ടേക്ക് എടുക്കാം എന്നാണ് അദ്ദേഹത്തിന്റെ രീതിയെന്നും ദീപക് ദേവ് ചൂണ്ടിക്കാട്ടി. പക്ഷേ വരികൾ നമ്മൾ നന്നായി ശ്രദ്ധിക്കും. കാരണം നമ്മുടെ പല അക്ഷരങ്ങളും ഉച്ചാരണങ്ങളും അവർക്ക് ഇല്ലാത്തതാണല്ലോ. ശരിക്കും ഒരു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. ചില സമയങ്ങളിൽ നല്ല ഭാവമുണ്ടായിരിക്കും പക്ഷേ പറഞ്ഞ വാക്ക് തെറ്റിപ്പോയിട്ടുണ്ടാവും. പറഞ്ഞത് ശരിയാക്കുമ്പോൾ ഭാവം പോകുമെന്നും ദീപക് ദേവ് ഓർത്തെടുത്തു.
രസകരമായ കാര്യമെന്താണെന്നുവെച്ചാൽ വരികളുടെ അർത്ഥം എന്താണെന്ന് നമ്മൾ പറഞ്ഞുകൊടുത്താലും പുള്ളി കേൾക്കുകയേയില്ല. ലവ് ആണോ, സാഡ് ആണോ പാട്ടിന്റെ മൂഡ് എന്നുവെച്ചാൽ പറഞ്ഞാൽ മതി, ബാക്കി താൻ നോക്കിക്കോളാം എന്നാണ് അദ്ദേഹം പറയുക. പുള്ളി പാടിത്തീരുമ്പോൾ നമുക്ക് കിട്ടുന്ന ആ ഫീൽ, അതെന്ത് അക്ഷരത്തെറ്റുമുള്ളതായിക്കൊള്ളട്ടേ, ആ പാട്ടിനെ ഉയർത്തിക്കൊണ്ടുവരാൻ അതുമതി.
അദ്ദേഹത്തിന്റെ റെക്കോർഡിങ്ങും നല്ല രസമാണ്. പല്ലവി പാടി പൂർത്തിയാക്കിയാൽ പല്ലവിയിലെ വരികൾ വേറെ എവിടെയെല്ലാം വരുന്നുണ്ടെന്ന് അദ്ദേഹം ചോദിക്കും. അതിനേക്കുറിച്ച് വിശദീകരിച്ചുകൊടുക്കും. അതിനനുസരിച്ച് റെക്കോർഡ് ചെയ്യും. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ പറയും ഈ ഭാഗം തീർത്തുകഴിഞ്ഞാൽ ഇതങ്ങ് മറക്കാമല്ലോ എന്ന്. ആരുടെ ട്യൂണാണെങ്കിലും ടെൻഷനാണെന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. ഇത്തരം കാര്യങ്ങൾപോലും വളരെ തമാശയായാണ് ഉദിത് ജി പറഞ്ഞിട്ടുള്ളതെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലയൺ, സ്പീഡ് ട്രാക്ക് എന്നീ ചിത്രങ്ങൾക്കായാണ് ഇരുവരും ഒന്നിച്ചത്. ലയണിലെ സുന്ദരീ ഒന്നു പറയൂ, സ്പീഡ് ട്രാക്കിലെ ഒരു കിന്നര ഗാനം എന്നീ ഗാനങ്ങൾ ഇപ്പോഴും സംഗീതപ്രേമികൾ പാടിനടക്കുന്നവയാണ്.