
സിംഗപ്പുരിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്ത് തെലുങ്ക് സൂപ്പർതാരവും ആന്ധ്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. ബിരുദദാനച്ചടങ്ങിൽ പവൻ കല്യാണും പങ്കെടുത്തു. ആർട്സിൽ മാസ്റ്റർ ബിരുദമാണ് അന്ന നേടിയത്.
ബിരുദ നേട്ടത്തിൽ അന്നയെ അഭിനന്ദിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. അന്നയുടെ നേട്ടം ശ്രദ്ധേയമാണെന്ന് അദ്ദേഹം എക്സിലൂടെ പറഞ്ഞു. കുടുംബത്തിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം അക്കാദമിക് രംഗത്ത് തുടരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെ സഹോദരിമാർക്കും പെൺമക്കൾക്കും അന്നയുടെ ബിരുദം ഒരു പ്രചോദനമായിത്തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിംഗപ്പുരിൽ നടന്ന ബിരുദദാനച്ചടങ്ങിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അന്ന കൊനിഡേല എന്നാണ് ചടങ്ങിലെ വീഡിയോ വാളിൽ അന്നയുടെ പേര് പ്രദർശിപ്പിച്ചിരിക്കുന്നത്. 2013-ലാണ് പവൻ കല്യാണും അന്നയും വിവാഹിതരായത്. പവൻ കല്യാണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. പൊലേന, മാർക് എന്നിങ്ങനെ രണ്ടുമക്കളുമുണ്ടിവർക്ക്.
അതേസമയം മൂന്ന് ചിത്രങ്ങളുമായി സിനിമാരംഗത്തും തിരക്കിലാണ് പവൻ കല്യാൺ. ഒ.ജി, ഉസ്താദ് ഭഗത് സിംഗ്, ഹരി ഹര വീര മല്ലു: പാർട്ട് 1 -സ്വോർഡ് വേഴ്സസ് സ്പിരിറ്റ് എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]