
കൊച്ചി: സിനിമകളുടെ കച്ചവടം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഒ.ടി.ടി. പ്ലാറ്റ് ഫോമായ ജിയോ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചു. ജിയോയ്ക്ക് സിനിമ വിൽക്കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് നിർമാതാക്കളുടെ പക്കൽനിന്ന് ഒരു സംഘം ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.
ഒ.ടി.ടി-സാറ്റലൈറ്റ് അവകാശം വാങ്ങുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരുടെ വിശദാംശങ്ങൾ രാജ്യത്തെ മറ്റ് പ്രധാന ഒ.ടി.ടി. പ്ലാറ്റ്ഫോമുകളോടും ടി.വി. ചാനലുകളോടും തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജിയോ സിനിമ ഇതുവരെ ഒരു മലയാളം സിനിമയുടെപോലും ഒ.ടി.ടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറുമായി കൈകോർക്കാൻ തീരുമാനിച്ചതോടെ സിനിമകൾ വാങ്ങാനുള്ള തീരുമാനം ജിയോ നിർത്തിവെച്ചതായാണ് വിവരം.
ജിയോയിൽ സിനിമ വിറ്റുതരാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിപ്പുസംഘം നിർമാതാക്കളിൽ നിന്ന് കൈക്കലാക്കിയത്. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാവായിരുന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർക്കെതിരേ പോലീസിൽ പരാതി നൽകുന്ന നിർമാതാക്കൾക്ക് നിയമപിന്തുണ നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]