
പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് സോഷ്യൽ മീഡിയയിൽ. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ കേരളാ പോലീസിന്റെ സൈബർ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾകൂടിയായ നടൻ പൃഥ്വിരാജാണ് ഈ വിവരം അറിയിച്ചത്. ഈ സിനിമ നിർമ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർഗ്ഗാത്മകതയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. പൈറസിയോട് നോ പറയൂ! എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പല നടയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും പങ്കുവെയ്ക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേരളാ പോലീസിന്റെ സൈബർ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാനഭാഗങ്ങൾ എന്നിവ കൈവശം വെയ്ക്കുന്നവർക്കും പങ്കുവെയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ സിനിമ നിർമിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർഗാത്മകതയും സംരക്ഷിക്കാൻ കൂടെ നിൽക്കുക, സഹകരിക്കുക. നന്ദി’, പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയിൽ’. താരനിരയും സംവിധായകന്റെ മുൻസിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]