
കവിയായിരുന്നു മെല്ലി ഇറാനി. ക്യാമറ കൊണ്ട് ഫ്രെയിമുകളില്‍ കവിതയുടെ സൗന്ദര്യം നിറച്ച കലാകാരന്. ഇറാനിയുടെ ക്യാമറക്കണ്ണുകളിലൂടെ മലയാളികള്‍ വിസ്മയത്തോടെ കണ്ടുനിന്ന അനശ്വര കഥാപാത്രങ്ങള്‍ എത്രയെത്ര. ഒന്ന് വിരല്‍ ഞൊടിച്ചാല്‍ മതി, ഓര്‍മയുടെ വാനവീഥിയില്‍ വന്നു നിരന്നുനില്ക്കും അവര്‍: ‘അനുഭവങ്ങള്‍ പാളിച്ചക’ളിലെ ചെല്ലപ്പന്, ‘വാഴ്വേമായ’ത്തിലെ സുധി, ‘യക്ഷി’യിലെ പ്രൊഫസര്‍ ശ്രീനിവാസന്, ‘അടിമക’ളിലെ രാഘവന്, ‘അരനാഴികനേര’ത്തിലെ കുഞ്ഞോനാച്ചന്, ‘ഒരു പെണ്ണിന്റെ കഥ’യിലെ ഗായത്രീദേവി, ‘പണി തീരാത്ത വീടി’ലെ ജോസ്, ‘ശരപഞ്ജര’ത്തിലെ സൗദാമിനി, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യിലെ രോഹിണി, ‘കടല്‍പ്പാല’ത്തിലെ നാരായണക്കൈമള്‍….
ചെന്നൈ ചെട്ട്പേട്ടിലെ വീട്ടില്‍ ഇറാനിയെ ചെന്നു കണ്ടതിന്റെ ആവേശത്തില്‍ വിളിച്ചതായിരുന്നു സംവിധായകന് ഹരിഹരന്. ‘ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും നേരില്‍ കണ്ടിട്ട് കുറച്ചുകാലമായിരുന്നു.’- ഹരിഹരന് പറഞ്ഞു. ‘ഇറാനിക്ക് മുന്നില്‍ ചെന്നിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് അറിയാതെ തിരിച്ചുപോയി എന്റെ മനസ്സ്. മലയാള സിനിമക്ക് മറക്കാനാവാത്ത ഒരു കാലം. കറുപ്പും വെളുപ്പും വര്‍ണ്ണഭംഗിയും നിറഞ്ഞ ഫ്രെയിമുകള്‍ കൊണ്ട് നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ആ മഹാപ്രതിഭയെ ആരോര്‍ക്കുന്നു ഇന്ന്? ഛായാഗ്രഹണകല യഥാര്‍ത്ഥത്തില്‍ എന്താണെന്ന് എന്റെ തലമുറയെ പഠിപ്പിച്ചത് വിന്‍സന്റ് മാഷും മെല്ലി ഇറാനിയുമൊക്കെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ലജന്‍ഡുകള്‍. അവരെ മറന്നുകൊണ്ട് നമുക്കൊരു സിനിമാചരിത്രമില്ല…’
മെല്ലി ഇറാനിയുടെ ശിഷ്യനായിരുന്നു സിനിമാജീവിതത്തിന്റെ ആരംഭകാലത്ത് ഹരിഹരന്. സ്വതന്ത്ര സംവിധായകനായ ശേഷം നിരവധി ചിത്രങ്ങളില്‍ ഇറാനിയുടെ പരിചയസമ്പത്തും പ്രതിഭയും പ്രയോജനപ്പെടുത്തി അദ്ദേഹം: ഭൂമിദേവി പുഷ്പിണിയായി, പഞ്ചമി, ശരപഞ്ജരം, ലാവ, അങ്കുരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, പൂച്ചസന്യാസി, വെള്ളം… ‘ഛായാഗ്രഹണകലയ്ക്ക് പുതിയൊരു വ്യാകരണം ചമച്ച പ്രഗത്ഭനായിരുന്നു ഇറാനി.’ – ഹരിഹരന് പറയും. ‘വെളിച്ചത്തെ എങ്ങനെ പ്രകൃതിയോട് ഇണങ്ങുന്ന വിധം ഔചിത്യപൂര്‍വം സിനിമയില്‍ ഉപയോഗിക്കാമെന്ന് മലയാളികളെ പഠിപ്പിച്ചവരിലൊരാള്. അതുവരെ കാണാത്ത ആംഗിളുകളില്‍ നമ്മള് സത്യനേയും നസീറിനെയും ഷീലയേയുമൊക്കെ കണ്ടുതുടങ്ങിയത് വിന്‍സന്റിന്റെയും ഇറാനിയുടേയും ക്യാമറക്കണ്ണുകളിലൂടെയാണ്…’
ഇന്ത്യന്‍ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം ഇറാനിയുടെ മകനായ മെല്ലി ജനിച്ചത് മുംബൈയില്‍. അച്ഛനോടൊപ്പം ‘ജ്ഞാനസുന്ദരി’ (1962) യില്‍ ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. പില്ക്കാലത്ത് മലയാള സിനിമയുടെ തലക്കുറി തിരുത്തിയ എത്രയോ ചിത്രങ്ങള്‍ സമ്മാനിച്ച കെഎസ് സേതുമാധവന്റെ ആദ്യചിത്രം. ഇറാനിയുടെ ഛായാഗ്രഹണ ശൈലി മലയാളത്തില്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയതും സേതുമാധവന് തന്നെ. ‘എന്നിലെ സംവിധായകന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുന്ന ക്യാമറാമാനാണ് ഇറാനി. ഞങ്ങള്‍ തമ്മില്‍ നിശ്ശബ്ദമായ ഒരു ആശയവിനിമയമുണ്ടായിരുന്നു. ‘ – സേതുമാധവന്റെ വാക്കുകള്‍ ഓര്‍മ്മവരുന്നു. ‘ഗാനരംഗങ്ങള്‍ ആസ്വദിച്ചാണ് അദ്ദേഹം ചിത്രീകരിക്കുക. മാത്രമല്ല അന്നത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏതു തരത്തിലുള്ള പരീക്ഷണത്തിനും സന്നദ്ധമായ ഒരു മനസ്സ് ഇറാനിക്ക് ഉണ്ടായിരുന്നു.’
മെല്ലി ഇറാനി ഇന്നും അന്നും
വാഴ്വേമായത്തിലെ ‘സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്’ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ഉദാഹരണമായി എടുത്തുപറഞ്ഞു സേതുമാധവന്. ഗ്രാഫിക്സും അതുപോലുള്ള സാങ്കേതിക വിദ്യകളുമൊന്നും സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന കാലത്താണ് ഇറാനി ആ രംഗം വ്യത്യസ്തമായി ചിത്രീകരിച്ചത്. അലമാരയ്ക്ക് മുകളിലെ ഷീലയുടെ മിനിയേച്ചര്‍ രൂപവും നൃത്തവും അത്ഭുതക്കാഴ്ച്ചയായിരുന്നു അന്നത്തെ പ്രേക്ഷകര്‍ക്ക്. ‘ഒരു പരീക്ഷണം നടത്തിനോക്കാമെന്ന് ഇറാനി പറഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ മടിച്ചില്ല ഞാന്‍. സംവിധായകന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മിടുക്കുള്ള സാങ്കേതികവിദഗ്ദനായിരുന്നു അദ്ദേഹം.’
മറിച്ചൊരു അഭിപ്രായമില്ല ഹരിഹരനും. ‘ബാക്ക് ലൈറ്റിന്റെ സാദ്ധ്യതകള്‍ ഏറ്റവുമാദ്യം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകന്‍ ഇറാനി ആയിരിക്കണം. ശരപഞ്ജരം പോലുള്ള സിനിമകളില്‍ ഇറാനിയുടെ ഈ പ്രതിഭ ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിഴലും വെളിച്ചവും ഔചിത്യപൂര്വമേ അദ്ദേഹം ഉപയോഗിക്കാറുള്ളൂ. സിനിമ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്ക് മാറിയപ്പോള്‍ ആ മാറ്റത്തിനനുസരിച്ചു സ്വയം നവീകരിക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന്.’
‘വെള്ളം’ (1985) ആണ് അവസാനമായി ഇറാനി ക്യാമറ കൈകാര്യം ചെയ്ത ഹരിഹരന് ചിത്രം. തീയേറ്ററിലെ ഇരുട്ടില്‍ വീര്‍പ്പടക്കിയിരുന്നു കണ്ടിട്ടുണ്ട് ‘വെള്ള’ത്തിന്റെ ക്ലൈമാക്സിലെ വെള്ളപ്പൊക്കം. കലിതുള്ളി ആര്‍ത്തലച്ചൊഴുകുന്ന പുഴ, കോരിച്ചൊരിയുന്ന മഴ, ആശങ്കയുയര്‍ത്തും വിധം കുതിച്ചുയരുന്ന ജലനിരപ്പ്, കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, വേരോടെ പിഴുതെറിയപ്പെടുന്ന വന്മരങ്ങള്…. പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു സ്ക്രീന്‍ നിറയെ.
‘സിനിമ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ല അന്ന്. അതുകൊണ്ടുതന്നെ അത്തരമൊരു ക്ലൈമാക്സ് ഷൂട്ട് ചെയ്യുക എളുപ്പമല്ല. എന്നിട്ടും കഴിയുന്നത്ര സാങ്കേതികത്തികവോടെ വെള്ളപ്പൊക്കം ചിത്രീകരിക്കാന്‍ എന്നെ സഹായിച്ചത് ഛായാഗ്രാഹകരായ മെല്ലി ഇറാനിയും യു രാജഗോപാലുമാണ്.” – ഹരിഹരന്റെ വാക്കുകള്‍. വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന തറവാട്ടില്‍ നിന്ന് പ്രേംനസീറും കെആര്‍ വിജയയും തോണിയില്‍ രക്ഷപ്പെടുന്ന ദൃശ്യം മൂന്നു ഘട്ടങ്ങളിലായാണ് ഹരിഹരന് ചിത്രീകരിച്ചത്. കുറച്ചു ഭാഗം ആലുവാപ്പുഴയില്‍. ബാക്കി ഷിമോഗയിലും ചെന്നൈയിലും വെച്ച്. ‘ഷിമോഗ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കാലമാണ്. കുറച്ചു ഷോട്ടുകള്‍ അവിടെ ചെന്ന് എടുത്തു. പക്ഷേ, സിംഹഭാഗവും ചിത്രീകരിച്ചത് ചെന്നൈയില്‍ തന്നെ. നഗര പരിസരത്തുള്ള വണ്ടലൂരിലെ ഒരു കൂറ്റന്‍ സിമന്റ് ഫാക്ടറിയില്‍ സെറ്റിട്ട് സൃഷ്ടിക്കുകയായിരുന്നു വെള്ളപ്പൊക്കം. വലിയൊരു തറവാടിന്റെ മാതൃകയുണ്ടാക്കി ആദ്യം. പിന്നെ ഫാക്ടറിയില്‍ ലോഡ് കണക്കിന് വെള്ളം നിറച്ച് പ്രളയത്തിന്റെ പ്രതീതിയുണ്ടാക്കി. ഒറിജിനലും മിനിയേച്ചറും കൂട്ടിക്കലര്‍ത്തിയായിരുന്നു ചിത്രീകരണം. ഉദാഹരണത്തിന്, പടിപ്പുര ഒറിജിനല്‍ തന്നെ. പക്ഷെ പടിപ്പുരയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ മിനിയേച്ചര്‍…”
ഹരിഹരനും മെല്ലി ഇറാനിയും
ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ ഉള്‍പ്പെടെ പടം കണ്ട പലരും ഇരുപതു മിനുറ്റിലേറെ നീണ്ടുനിന്ന ഈ ക്ലൈമാക്സ് രംഗത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു എന്നോര്‍ക്കുന്നു ഹരിഹരന്. ‘ശശി നായകനായി അഭിനയിച്ച രാജ് കപൂര്‍ ചിത്രമായ സത്യം ശിവം സുന്ദരത്തിലുമുണ്ട് ഒരു വെള്ളപ്പൊക്കം. പക്ഷേ അതിലും തികവാര്‍ന്നതായിരുന്നു ‘വെള്ള”ത്തിലെ സമാന രംഗങ്ങള്‍ എന്ന് ശശികപൂര്‍ പറഞ്ഞുകേട്ടപ്പോള്‍ അഭിമാനം തോന്നി. മെല്ലി ഇറാനിക്കും രാജഗോപാലിനും മനസ്സുകൊണ്ട് നന്ദി പറഞ്ഞു.’
മലയാളത്തിലെ അനശ്വര ഗാനങ്ങള്‍ പലതും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നത് മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ കൂടി അകമ്പടിയോടെയാണ്. പ്രവാചകന്മാരേ പറയൂ (അനുഭവങ്ങള്‍ പാളിച്ചകള്‍) എന്ന ഗാനരംഗത്തിന്റെ തുടക്കത്തിലെ സത്യന്റെ ക്ലോസപ്പ് ഷോട്ട് ഓര്‍ക്കുക. ചെല്ലപ്പന്റെ ആത്മസംഘര്‍ഷം മുഴുവന്‍ വായിച്ചെടുക്കാം സത്യന്റെ മുഖത്തുനിന്ന്. കെപിഎസി ലളിതയുടെ ലജ്ജാവിവശമായ മുഖത്തിന്റെ ഷോട്ടുകള്‍ ഒഴിച്ചുനിര്‍ത്തി ‘കല്യാണി കളവാണി’ എന്ന ഗാനരംഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാവില്ല. അഗ്നിപര്‍വതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക, സ്വര്‍ണചാമരം വീശിയെത്തുന്ന, വിളിച്ചു ഞാന്‍ വിളികേട്ടു, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാല്, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ…. മറക്കാനാവാത്ത ദൃശ്യാനുഭവങ്ങള്‍ കൂടിയായിരുന്നു മെല്ലി ഇറാനി ചിത്രീകരിച്ച ഈ ഗാനങ്ങള്‍ ഓരോന്നും.
ചെന്നൈയിലെ വീട്ടില്‍ പ്രായത്തിന്റെ ചില്ലറ ആരോഗ്യപ്രശ്നങ്ങളുമായി മകനൊപ്പം കഴിയുന്നു, മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന സാങ്കേതിക വിദഗ്ദരിലൊരാളായ മെല്ലി ഇറാനി. നവതി പിന്നിട്ടെങ്കിലും ഓര്‍മ്മയുടെ ഫ്രെയിമുകള്‍ക്ക് തെല്ലുമില്ല മങ്ങല്‍. ഹരിഹരന് ചിത്രമായ ‘ശരപഞ്ജര’ത്തിന്റെ പുതിയ ഡിജിറ്റല്‍ പതിപ്പ് നാലര പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം തീയേറ്ററുകളിലെത്തുമ്പോള്‍ ഒരിക്കല്‍ കൂടി ആ ഫ്രെയിമുകളില്‍ ജീവിതം നിറഞ്ഞുതുളുമ്പുന്നത് കാണാം നമുക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]