ബോളിവുഡ് താരം സെയ്ഫ് അലി ഖാനുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ നാലരവര്‍ഷം മുമ്പ് അതിദുരൂഹമായ സാഹചര്യത്തില്‍ നടന് സുശാന്ത് സിംഗ് രാജ്പുത് മരിച്ച സംഭവത്തെ ഓര്‍മപ്പെടുത്തുന്നതാണ്. സെയ്ഫിനു നേരെയുള്ള ആക്രമണം സംബന്ധിച്ച് സംഭവത്തെക്കുറിച്ച് പോലീസും കുടുംബവും പറയുന്ന കാര്യങ്ങളിലുള്ളത് ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത പൊരുത്തക്കേടുകളാണ്. ഭരിക്കുന്നത് ആരായാലും ബോളിവുഡിനും അധോലോകത്തിനും രാഷ്ട്രീയത്തിനും മുകളില്‍ പറക്കാനുള്ള ത്രാണി മുംബൈ പോലീസിന് ഒരിക്കലും ഉണ്ടാവില്ലെന്ന തോന്നല്‍ ഊട്ടിയുറപ്പിക്കുന്നു സെയ്ഫിന്റെ കേസ്. ഉന്നതര്‍ ഇടപെടുമ്പോള്‍ സത്യം തീരെ സെയ്ഫല്ല!
ജനുവരി 19-നു നടന്ന സംഭവം ആദ്യദിവസം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്നു. കഴിഞ്ഞ ദിവസം സെയ്ഫ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ സംശയങ്ങള്‍ പലമടങ്ങ് വര്‍ധിപ്പിച്ചു. ലീലാവതി ആശുപത്രി നേരത്തേ അറിയിച്ചത് സെയ്ഫിന്റെ നട്ടെല്ലിന് ഒരു മില്ലിമീറ്റര്‍ അകലത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു, കത്തിയുടെ രണ്ടര ഇഞ്ച് നീളമുള്ള അഗ്രം ഒടിഞ്ഞു നട്ടെല്ലില്‍ തറഞ്ഞിരുന്നു, സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ ചോര്‍ച്ചയുണ്ടായി എന്നൊക്കെയാണ്. വേറെയുമുണ്ടായിരുന്നു കുത്തേറ്റ പരിക്കുകള്‍. ആറുമണിക്കൂറോളം നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കൊടുവില്‍ തറച്ചു കയറിയ കത്തിയുടെ അഗ്രം പുറത്തെടുക്കുകയായിരുന്നു.
പക്ഷേ, ആറാംനാള്‍ സെയ്ഫ് പ്രസന്നവദനനായി പുറത്തുവരുന്നു, പതിവുള്ള വേഗത്തില്‍ നടന്ന് ആരാധകര്‍ക്കുനേരെ കൈവീശി. ഇതിലും വളരെ ചെറിയ സര്‍ജറിക്ക് വിധേയരായവര്‍ക്കു പോലും ഇത്രയ്ക്ക് അനായാസം വീട്ടിലേക്ക് പോകാനാകില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാരണം, കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പൂര്‍ണവിശ്രമം വേണ്ടുന്ന പരിക്കാണത്. നമ്മളറിയാതെ നമുക്കിടയില്‍ ജീവിച്ച, ജീവിക്കുന്ന സൂപ്പര്മാന് ആയിരിക്കുമോ സെയ്ഫ് അലിഖാന് എന്ന് സംശയം തോന്നിക്കുന്നത്ര അനായാസമായുള്ള നടപ്പായിരുന്നു ജനങ്ങള്‍ കണ്ടത്.
സുശാന്ത് സിങ് രാജ്പുത്
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മന്ത്രി നീലേഷ് റാണെ പറഞ്ഞതു കേള്‍ക്കുക: ‘അയാള്‍ ആശുപത്രിയില്‍നിന്ന് പുറത്തു വരുന്നത് കണ്ടപ്പോള്‍ ഞാന്‍ സംശയിച്ചു, അയാള്‍ക്ക് കുത്തേറ്റതാണോ, അതോ അഭിനയിക്കുകയാണോ എന്ന്. നടക്കുന്നതിനിടെ അയാള്‍ നൃത്തം ചെയ്യുകയായിരുന്നു,’ റാണെ ആരോപിച്ചു.
കരീന എവിടെയായിരുന്നു? പോലീസിനെ അറിയിക്കാത്തത് എന്തുകൊണ്ട്?
ആദ്യദിവസം തന്നെ ഉയര്‍ന്നുകേട്ട ചോദ്യം സെയ്ഫിനു കുത്തേല്‍ക്കുമ്പോള്‍ ഭാര്യ കരീനാ കപൂര്‍ എവിടെയായിരുന്നു എന്നതാണ്. കരീനയും സെയ്ഫും പോലീസിന് കൊടുത്ത മൊഴികളനുസരിച്ച് സംഭവസമയത്ത് അവര്‍ അവിടെ ഉണ്ടായിരുന്നു. എങ്കില്‍ എന്തുകൊണ്ടാണ് ആശുപത്രിയില്‍ സെയ്ഫിനൊപ്പം കരീന പോകാത്തത് എന്ന ചോദ്യമുണ്ട്. കുത്തേറ്റ് ചോര വാര്‍ന്നൊഴുകുന്ന സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുപോയത് ആരാണെന്ന കാര്യത്തിലും തര്‍ക്കമുണ്ട്.
ആദ്യം പറഞ്ഞു കേട്ടത് സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതാസിംഗില് ജനിച്ച മകന് ഇബ്രാഹിം ഖാനായിരുന്നു അദ്ദേഹത്തെ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ്. ലീലാവതിയിലെ ഡോക്ടര്‍മാര്‍ പറയുന്നത് ഒപ്പമുണ്ടായിരുന്നത് സെയ്ഫിന്റെ എട്ടു വയസ്സുകാരന് മകന് തൈമൂര്‍ ആയിരുന്നെന്നാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞത് തൈമൂറും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു എന്നും.
കഴിഞ്ഞ ദിവസം ലീലാവതി ആശുപത്രിയില്‍നിന്ന് പുറപ്പെടുവിച്ച മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയില്‍ എത്തിച്ചത് സെയ്ഫിന്റെ സുഹൃത്ത് അഫ്സര്‍ സെയ്ദിയാണ്. തന്നെ പുലര്‍ച്ചെ മൂന്നര മണിക്ക് സെയ്ഫിന്റെ വീട്ടില്‍നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയതെന്ന് പിന്നീട് സെയ്ദി വ്യക്തമാക്കി. റിപ്പോര്‍ട്ട് പ്രകാരം ആക്രമണം നടന്നത് പുലര്‍ച്ചെ രണ്ടരയ്ക്കാണ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4.11-നും. അതായത് സംഭവം കഴിഞ്ഞ് ഒരു മണിക്കൂറും 41 മിനിറ്റിനും ശേഷം. നിരവധി ജോലിക്കാര്‍ ഉള്ള വീടാണ്, ഫ്ലാറ്റ് സമുച്ചയത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാരുണ്ട്. 112 വിളിച്ചാല്‍ ആംബുലന്‍സ് സര്‍വീസ് ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഓട്ടോ വിളിച്ച് പോകേണ്ടിവന്നത് എന്ന ചോദ്യമുണ്ട്.
അക്രമി അകത്തു കടക്കുമ്പോള്‍ സുരക്ഷാജീവനക്കാര്‍ ഉറക്കമായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. എങ്കിലും ഇത്രയും പ്രശ്നങ്ങള്‍ നടന്ന ശേഷവും അവര്‍ ഉറക്കത്തിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പാടാണ്. ഒരു ഓട്ടോ വിളിച്ചു കൊടുക്കാന്‍ പോലും അവര്‍ തയ്യാറായില്ലേ? നിരവധി കാറുകളുള്ള ബോളിവുഡ് ദമ്പതിമാരെ സഹായിക്കാന്‍ സ്വന്തം ഡ്രൈവര്മാരില്ലെന്നതു പോട്ടെ, ഫ്ളാറ്റ് സമുച്ചയത്തിലെ മറ്റാരും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ മുന്നോട്ടു വന്നില്ലേ?
ഇവയേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം ഇത്ര ഗുരുതരമായ സംഭവം നടന്നിട്ട് പോലീസിനെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നതാണ്. സെയ്ഫിനെ പ്രവേശിപ്പിച്ച ശേഷം ലീലാവതി ആശുപത്രിയാണ് പോലീസിനെ വിവരമറിയിക്കുന്നത്. പോലീസ് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ എത്തുന്നത് നാലര മണിയോടെയാണ് ക്രൈംബ്രാഞ്ച് എത്തുന്നത് രാവിലെ 6.30നും.
മൂന്നായി മുറിഞ്ഞ കത്തിയും പോലീസ് ഭാഷ്യവും
ഏതാണ്ട് 150 പോലീസുകാരെയാണ് കുറ്റവാളിയെ പിടികൂടാന്‍ നിയോഗിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ അവര്‍ കുറ്റവാളി എന്ന് പറയപ്പെടുന്ന ആളിനെ പിടികൂടി. മാത്രമല്ല, സംഘത്തലവന് ടീമിലുള്ള എല്ലാവര്ക്കും ഉപഹാരങ്ങള്‍ നല്കി. പക്ഷേ, രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അത്ര കുറ്റമറ്റതാണ് അന്വേഷണമെങ്കില്‍ മാറ്റേണ്ട കാര്യമില്ലല്ലോ. പിടിയിലായ പ്രതി ഏതാനും മാസങ്ങള്‍ക്കു മുമ്പ് ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു കടന്നയാളാണ്. മോഷണമായിരുന്നു ലക്ഷ്യം. ബാന്ദ്ര പോലീസ് സ്റ്റേഷനിലെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം ശരീഫുല്‍ ഇസ്ലാം ഷെഹസാദ് മുഹമ്മദ് റോഹില്ല അമീന് എന്ന വിജയ് ദാസ് അല്ലെങ്കില്‍ മുഹമ്മദ് ശരീഫുല്‍ ഇസ്ലാം ഷെഹസാദ് ഒരു കോടി രൂപ ചോദിച്ചു. കുടുംബത്തെ രക്ഷിക്കാന്‍ സെയ്ഫ് ഇടപെട്ടതോടെയാണ് കത്തിക്കുത്തുണ്ടായത്.
പ്രതിയെ പിടികൂടിയത് എങ്ങനെയെന്ന് നോക്കാം. രണ്ടു സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് പ്രതിയുടേത് എന്ന പേരില്‍ ലഭ്യമായിട്ടുള്ളത്. ഏതാണ്ട് പത്തടി നീളമുള്ള ഏണിയുമായി വന്ന പ്രതി അതു ചാരിവെച്ച് കെട്ടിടത്തില്‍ കയറി, പിന്നെ അതിന്റെ എ.സി കേബിളിന്റെ ഡക്ട് വഴി മുകളിലേക്ക് കയറി എന്നാണ് പോലീസ് പറയുന്നത്. ഏണിയും കൊണ്ട് ഇത്രയധികം സുരക്ഷാ സൗകര്യങ്ങളുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ കടന്നു കയറുക എളുപ്പമല്ല. ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവേശന കവാടത്തില്‍ പോലും സി.സി.ടി.വി ഇല്ല. ലഭ്യമായ ദൃശ്യങ്ങള്‍ അനുസരിച്ച് മുഖം മറച്ച ഒരു യുവാവ് മുകളിലേക്ക് പോകുന്നു, എമര്‍ജന്‍സി എക്സിറ്റ് വഴി മുഖം മറക്കാതെ പുറത്തേക്ക് വരുന്നു. ആദ്യം മുഖസാദൃശ്യമുള്ള ഒന്നുരണ്ടു പേരെ പിടികൂടുന്നു, വിട്ടയക്കുന്നു. മൂന്നാം ദിവസം പരിസരത്തുള്ള ഒരു പാര്‍ക്കില്‍ ഒളിച്ചിരിക്കുകയായിരുന്ന ബംഗ്ലാദേശി യുവാവിനെ കണ്ടെത്തുന്നു
കുട്ടികളുടെ മുറിയില്‍ ഒളിച്ചിരുന്ന അക്രമിയെ ആയ ഏലിയാമ്മ ഫിലിപ്പാണ് കണ്ടതെന്നും അയാള്‍ ഒരുകോടി രൂപ ആവശ്യപ്പെട്ടുവെന്നും ആയ ബഹളം വെച്ചപ്പോള്‍ സെയ്ഫ് എത്തി എന്നുമായിരുന്നു പോലീസ് പറഞ്ഞത്. കുട്ടികളുടെ കിടപ്പുമുറിയിലേക്ക് വന്ന് ആയയോട് പണം ചോദിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അവിടെനിന്ന് കാര്യമായി ഒന്നും മോഷണം പോയതായും കാണുന്നില്ല. എന്തുകൊണ്ടാണ് അയാള്‍ അത്രയ്ക്ക് ആത്മവിശ്വാസത്തോടെ മുഖം മറക്കാതെ എമര്‍ജന്‍സി എക്സിറ്റ് വഴി ഇറങ്ങിപ്പോകുന്നത്? അക്രമി അയാളായിരുന്നെങ്കില്‍ മുഖം മറയ്ക്കാതെ പോകുമായിരുന്നോ? സംഭവം നടന്ന പതിനൊന്നും പന്ത്രണ്ടും നിലകളില്‍നിന്നും ഉപയോഗപ്രദമായ സി.സി.ടി.വി ഫുട്ടേജ് ഇല്ല.
അതും പോകട്ടെ, കരീനയുടെയും സെയ്ഫിന്റെയും മൊഴികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. മകന്റെയും ജോലിക്കാരിയുടെയും കരച്ചില് കേട്ട് അവര്‍ പന്ത്രണ്ടാം നിലയില്‍നിന്ന് താഴേയ്ക്ക് ഇറങ്ങിവന്നു നോക്കുമ്പോള്‍ ഭര്‍ത്താവിനെ കുത്തുന്നതു കണ്ടു എന്ന് കരീന പറയുന്നു. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ സെയ്ഫ് പറയുന്നത് ജോലിക്കാരിയുടെ ശബ്ദം കേട്ട് താനും കരീനയും എത്തിയതെന്നും തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നുമാണ്. കുത്തൊക്കെ കിട്ടിയെങ്കിലും അക്രമിയെ പിടിച്ച് മുറിക്കകത്തിട്ട് പൂട്ടാന്‍ സാധിച്ചു, അവിടെനിന്നാണ് അക്രമി ചാടിപ്പോയത്. ഇതിനേക്കാള്‍ രസകരമായ കാര്യം കുത്താന്‍ ഉപയോഗിച്ച കത്തി യുടെ ഒരു കഷണം സെയ്ഫിന്റെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തു. രണ്ടാമതൊരു കഷണം രണ്ട് ദിവസത്തിന് ശേഷം മകന്റെ കിടപ്പുമുറിയില്‍ നിന്ന് കിട്ടി. മൂന്നാമത്തെ കഷണം പോലീസ് കണ്ടെടുത്തത് അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും വളരെ അകലെയുള്ള കുളത്തില്‍ നിന്നും (അക്രമി ഉപേക്ഷിച്ച സഞ്ചിയിലുണ്ടായിരുന്നു കത്തിക്കഷണം)!
അകത്താര്, പുറത്താര്?
ഇനി പോലീസ് പിടികൂടിയിരിക്കുന്ന ‘കൊലയാളി’ക്ക് സി.സി.ടി.വിയില്‍ കാണുന്നയാളുമായി സാമ്യമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇവര്‍ മൂന്നു വ്യത്യസ്ത ആള്‍ക്കാരാണ് എന്ന് പറയുന്നവരും ഉണ്ട്. ലൈറ്റിങ്ങിന്റെ, അതായത് പ്രകാശ വിതാനത്തിന്റെ, വ്യത്യാസം കൊണ്ടാണ് വ്യത്യസ്തരായ ആള്‍ക്കാരാണെന്ന് തോന്നുന്നതെന്ന് പോലീസ്. അതുപോലെ തുടക്കം മുതല്‍ ഇതൊരു ‘ഇന്‍സൈഡര്‍ ജോബ് അല്ല, വീട്ടിനകത്തുള്ള ആരുമല്ല ഈ ആക്രമണത്തിന് പിന്നില്‍ എന്നും പോലീസ് പറയുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കുത്തേറ്റ ഭാഗത്ത്, സുഷുമ്നാനാഡിക്കരികില്, മാംസപേശികള്‍ക്ക് ഉളുക്ക് ഉണ്ടായാല്‍ പോലും കുറഞ്ഞത് ഏഴു ദിവസത്തെ സമ്പൂര്ണ്ണവിശ്രമം വേണ്ടിവരും, മാരകമായ പരുക്കും കൂടിയായാല്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടതാണ്. പക്ഷേ, സെയ്ഫിന് അത്തരം നിയന്ത്രണങ്ങളോ ശാരീരിക ബുദ്ധിമുട്ടോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമില്ല.
അറസ്റ്റിലായ ബംഗ്ലാദേശി യുവാവിന്റെ അച്ഛന് സി.സി.ടി.വി ദൃശ്യത്തിലെ ആള് തന്റെ മകനല്ല എന്ന് ഉറപ്പിച്ചു പറയുന്നു. പൗരത്വരേഖകളില്ലാത്തതിനാല് മകന് ജോലി ചെയ്തിരുന്ന സ്ഥാപനം അവനെ പുറത്തുവിടില്ലായിരുന്നു. അതിനാല്‍ അവൻ സെയ്ഫിന്റെ വീട്ടിലെത്തിച്ചേരാനുള്ള സാധ്യത നന്നേ കുറവാണ്- അയാള്‍ പറഞ്ഞു.
ഇരുപതു ടീമുകളിലായി 150 പോലീസുകാരാണ് കേസന്വേഷണത്തിനുള്ളത്. എന്നിട്ടും ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുംബൈ പോലീസിനായിട്ടില്ല. സെയ്ഫ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായി. അദ്ദേഹം ഡിസ്ച്ചാര്‍ജ് ആവുംവരെ മൊഴിയെടുത്തില്ല. മറ്റൊരാളായിരുന്നെങ്കില്‍ ആശുപത്രിയില്‍വെച്ച് ബോധം വന്നയുടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കുമായിരുന്നു. അക്രമി ഒരു മണിക്കൂറോളം ഫ്ളാറ്റിലുണ്ടായിരുന്നു. സെയ്ഫിന്റെ കുടുംബാംഗങ്ങളും ജോലിക്കാരും അയാളെ കണ്ടിരുന്നു. എന്നിട്ടും അക്രമിയെന്നു കരുതി ആദ്യം രണ്ടുപേരെ അറസ്റ്റു ചെയ്തു വിട്ടയച്ചത് എന്തിനായിരുന്നു എന്നും മനസ്സിലാവുന്നില്ല. അക്രമിയെന്നു കരുതുന്ന ബംഗ്ലാദേശി യുവാവിന്റെ വിരലടയാളം പലയിടത്തുനിന്നും കിട്ടിയെന്ന് പോലീസ് പറയുന്നു. ഒരുപക്ഷേ, കസ്റ്റഡിയിലുള്ള യുവാവ് തന്നെയായിരിക്കാം പ്രതി. പക്ഷേ, ആക്രമണത്തിന്റെ മോട്ടീവ് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാവൂ.
പി.ആര് ആഖ്യാനങ്ങളും മുംബൈ പോലീസും
സുശാന്ത് സിങ് മരിച്ച ശേഷമാണ് ബോളിവുഡിലെ പി.ആര് സ്ഥാപനങ്ങളുടെ വാര്‍ത്ത വളച്ചൊടിക്കാനും മാധ്യമശ്രദ്ധ വഴിതിരിച്ചുവിടാനുമുള്ള അസാധാരണമായ കഴിവിനെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത്. സുശാന്തിനെ ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ അദ്ദേഹത്തിന് വിഷാദരോഗമായിരുന്നുവെന്നും മയക്കുമരുന്നിന് അടിമയായിരുന്നും ആത്മഹത്യ ചെയ്തതാണെന്നുമുള്ള കഥകളിറങ്ങി. അയാളുടെ മരണത്തില്‍ ബോളിവുഡിന് പങ്കില്ലെന്നു സ്ഥാപിക്കുന്ന വാര്‍ത്തകള്‍ അവര്‍ മാധ്യമങ്ങളില്‍ പ്ലാന്റു ചെയ്തു. അതിനെ പിന്തുണയ്ക്കുന്ന അഭിമുഖങ്ങള്‍ക്ക് അവസരമൊരുക്കി. ഇപ്പോള്‍ തന്നെ, രോഹിത് ശര്‍മയെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ അദ്ദേഹത്തിനനുകൂലമായി പി.ആര് ക്യാമ്പെയിനുകള്‍ നടന്നത് ഓര്‍മിക്കുക.
സുശാന്ത് മരിച്ചത് 2020 ജൂണിലാണ്. മുംബൈ പോലീസ് കേസന്വേഷണം ഉഴപ്പാന്‍ കാരണം അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യക്ക് കേസുമായി ബന്ധമുള്ളതുകൊണ്ടാണ് എന്ന ആരോപണമുണ്ടായിരുന്നു. ഉദ്ധവ് സേനയുടെ പോലീസ് അതു പൂര്‍ണമായും ശരിവെക്കുന്ന രീതിയില്‍ പെരുമാറി. ഇന്നും മരണം ആത്മഹത്യയാണെന്ന ഉറപ്പില്ല സി.ബി,ഐക്ക്. സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കേസ് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിച്ചിട്ടില്ല. മഹായുതി സര്‍ക്കാര്‍ വന്നശേഷം സുശാന്തിന്റെ മുന്മാനേജര് മാനേജര്‍ ദിശാ സാലിയന്റെ ദുരൂഹ മരണക്കേസ് പോലീസ് അന്വേഷിച്ചുതുടങ്ങി. അതിന്റെ ഭാഗമായെങ്കിലും തങ്ങളുടെ പ്രിയങ്കരനായ നടന്റെ ആത്മാവിന് നീതി കിട്ടുമോ എന്ന ഉല്‍ക്കണ്ഠയിലാണ് സുശാന്തിന്റെ ലക്ഷക്കണക്കായ ആരാധകര്‍.
എന്തെങ്കിലും ചോദിക്കും മുമ്പ് സെയ്ഫിന്റെയും ബോളിവുഡിന്റെയും ആള്ക്കാര് പറയുക താരദമ്പതിമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനേക്കുറിച്ചാണ്. ഇവര്‍ ജിമ്മിലും മാളിലും പരിപാടികളിലുമൊക്കെ പോവുമ്പോള്‍ പാപ്പരാസികള്‍ക്കു പോസു ചെയ്യുന്നവരാണ്. ഈ കേസന്വേഷിക്കാന്‍ 150 പോലീസുകാരാണ് പുറത്തുള്ളത്. ഫ്ളാറ്റിന് 24 മണിക്കൂര്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്. ഇതിനുള്ള പണം മുടക്കുന്നത് നികുതിദായകരാണ്. പണം മുടക്കുന്നവര്‍ക്ക് ശരിക്കും എന്താണ് സംഭവിച്ചത് എന്നറിയാന്‍ അവകാശമുണ്ട്. മഹായുതി സര്‍ക്കാരിലെ പ്രമുഖര്‍തന്നെ സംശയം ഉന്നയിച്ചുതുടങ്ങിയ സ്ഥിതിക്ക് അന്വേഷണം ഇനിയെങ്കിലും ശരിയായ ദിശയില്‍ മുന്നോട്ടു പോവുമെന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]