പുതിയ തലമുറ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് ‘ബെസ്റ്റി’. ശരിക്കും ആരാണ് ‘ബെസ്റ്റി’യെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാണ്. ബെസ്റ്റി എന്ന പേരില്‍ ഷാനു സമദ് തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രം തിയേറ്ററിലെത്തിയിരിക്കുകയാണ്. ഷഹീന് സിദ്ദിഖ്, ശ്രവണ, അഷ്കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ എന്നിവരെ നായികാനായകന്മാരായി അണിനിരത്തിയ ചിത്രം മലബാറിലെ ഒരു മുസ്ലിം കുടുംബത്തിലെ വിവാഹാനന്തരം സംഭവിക്കുന്ന ഒരുപിടി സംഭവവികാസങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
കുടുംബ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഷാഹിന-ഫൈസി എന്നീ കഥാപാത്രങ്ങളുടെ ദാമ്പത്യത്തില്‍ ഉടലെടുക്കുന്ന ഒരു പ്രശ്നത്തിലൂടെ സഞ്ചരിച്ച് രസകരമായ നര്മമുഹൂര്ത്തങ്ങളോടെ അവസാനം സസ്പെന്‍സ് ത്രില്ലറിലേക്ക് കഥ വഴിമാറുന്നു. പ്രണയവും പ്രതികാരവും ‘ബെസ്റ്റി’യുടെ പ്രമേയത്തിലുണ്ട്.
കോഴിക്കോട്ടെ പലഹാരങ്ങളും കൊതിയൂറുന്ന വിഭവങ്ങളും പ്രേക്ഷകന് മുന്നിലേക്ക് നിരത്തിവെച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കെങ്കേമമായി നടക്കുന്ന ഒരു കല്യാണവും, എന്നാല്‍ കെട്ടുറപ്പിന്റെ കരുത്തറ്റുപോയ ബന്ധങ്ങളും ചിത്രത്തില്‍ കാണാം. നവദമ്പതികള്ക്കിടയിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന അതിഥിക്ക് ഒരു നിഗൂഢ ലക്ഷ്യമുണ്ടെന്നും അതെന്തെന്നുമാണ് പിന്നീട് ചുരുളഴിയുന്നത്. സിനിമ മുന്നോട്ടുപോകുമ്പോള്‍ കഥയ്ക്കുള്ളിലെ കഥ പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചേക്കാം. അത്രസങ്കീര്ണമല്ലാത്ത ഒരു പ്രശ്നത്തിന് പരിഹാരം തേടി പോകവെ പുതിയ കഥാപാത്രത്തിലേക്കും മറ്റൊരു കഥയിലേക്കുമാണ് ചിത്രം ചെന്നെത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍
‘ബെസ്റ്റി’യുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും എടുത്തുപറയേണ്ടതാണ്. പുതിയ പാട്ടിനൊപ്പം, ഏറെ ജനപ്രീതിയാര്‍ജിച്ച പഴയ മാപ്പിളപ്പാട്ടുകളും സിനിമയിലുണ്ട്. ഗൃഹാതുരത്വമുള്ള വരികളും ഈണങ്ങളും കഥയ്ക്കിണങ്ങുന്ന രീതിയിലാണ് ചേര്‍ത്തുവെച്ചിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ കൂട്ടുകെട്ടായ ഔസേപ്പച്ചന്-ഷിബു ചക്രവര്‍ത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘ബെസ്റ്റി’.
അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ജലീല്‍ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. ഔസേപ്പച്ചനെ കൂടാതെ അന്‍വര്‍ അമന്, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് മറ്റ് സംഗീതസംവിധായകര്‍.
ഫിനിക്സ് പ്രഭുവിന്റെ സംഘട്ടനരംഗങ്ങളും ശ്രദ്ധേയമാണ്. ജോണ്‍കുട്ടി എഡിറ്റിങും ജിജു സണ്ണി ക്യാമറയും എം.ആര്. രാജാകൃഷ്ണന് സൗണ്ട് ഡിസൈനിങും നിര്‍വഹിച്ച സിനിമ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത് ബെന്‍സി റിലീസ് ആണ്.
സോനനായര്‍, മെറിന മൈക്കിള്‍, സുരേഷ് കൃഷ്ണ, അബുസലിം, ഹരീഷ് കണാരന്, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, തുടങ്ങിയ താരങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളായെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]