‘ഒരു ബ്രഹ്മാണ്ഡ സിംപിള്‍ പടം!’ -അന്‍പോട് കണ്മണി തിയേറ്ററുകളിലെത്തിയ വെള്ളിയാഴ്ച രാവിലെ സംവിധായകന് ലിജു തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണിത്. സംവിധായകന്റെ വാക്കുകളെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന വിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ചിത്രം കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും തന്റെ ജീവിതത്തില്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ തന്നെയല്ലേ വെള്ളിത്തിരയിലും കാണുന്നത് എന്ന് തോന്നിപ്പിക്കാന്‍ ലിജു തോമസിനും സംഘത്തിനും കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് വലിയ താമസമൊന്നുമില്ലാതെ നമ്മുടെ നാട്ടിലെ നവദമ്പതികള്‍ക്ക് നേരിടേണ്ടി വരുന്ന ‘ഇതുവരെ വിശേഷമൊന്നുമായില്ലേ മോനേ/മോളേ?’ എന്ന അലോസരപ്പെടുത്തുന്ന ചോദ്യമാണ് അന്‍പോട് കണ്മണിയുടെ വണ്‍ലൈന്‍. അര്ജുന് അശോകന്റെ നകുലനും അനഘ നാരായണന്റെ ശാലിനിയുമാണ് ചിത്രത്തില്‍ ഈ ചോദ്യം നേരിടുന്ന നവദമ്പതിമാര്‍. വിശേഷമായില്ലേ എന്നും നിങ്ങളിലാര്‍ക്കാണ് കുഴപ്പമെന്നുമെല്ലാമുള്ള ചോദ്യം അവരുടെ ജീവിതത്തെ ഏതുതരത്തിലാണ് സമ്മര്‍ദ്ദത്തിലാക്കുന്നതെന്നും അവര്‍ അതിനെ എങ്ങനെയാണ് അതിജീവിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് അന്‍പോട് കണ്മണി പറഞ്ഞുവെക്കുന്നത്.
നാട്ടിന്‍പുറത്തിന്റെ നന്മയെയും ഗ്രാമീണതയുടെ വിശുദ്ധിയേയുമെല്ലാം പൊളിച്ചടുക്കുന്ന വരത്തന് പോലുള്ള ചിത്രങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളില്‍ കണ്ട ഗ്രാമീണകാഴ്ചകള്‍ അതിശയോക്തി കലര്‍ന്നതല്ലേ എന്ന് തോന്നിപ്പിച്ചിരുന്നു. അന്‍പോട് കണ്മണിയിലേക്ക് വരുമ്പോള്‍ തികച്ചും റിയലിസ്റ്റിക്കായാണ് ‘ഗ്രാമത്തിന്റെ നന്മയു’ടെ ഇരുണ്ട മറുവശം തുറന്നുകാട്ടുന്നത്. യാതൊരു ഔചിത്യവുമില്ലാതെ, മറ്റുള്ളവരുടെ വികാരങ്ങളെ ഒട്ടും പരിഗണിക്കാതെ ഇന്‍സെന്‍സിറ്റീവായി സംസാരിക്കുന്നവരുടെ ‘മുഖത്ത് പൊള്ളലേല്‍പ്പിക്കാന്‍’ ചിത്രത്തിന് സാധിക്കുന്നു.
കണ്ണൂരിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അവിടെ ‘കപ്പണ’ (കല് പണ – ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലം) നടത്തുന്നയാളാണ് നകുലന്. നകുലന്റെ ജീവിതത്തിലേക്ക് ശാലിനി കടന്നുവരുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. ഹ്യൂമറില്‍ പലപ്പോഴും പ്രധാനതാരങ്ങളേക്കാള് മറ്റ് അഭിനേതാക്കളാണ് സ്കോര്‍ ചെയ്തത്. കോമഡിക്ക് വേണ്ടിയുള്ള കോമഡിയല്ല, മറിച്ച് നാട്ടിന്‍പുറത്തെ സാധാരണ സംഭാഷണങ്ങള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന നര്മ്മമായതിനാലാണ് ഇത് കൂടുതല്‍ ആസ്വാദ്യകരമാകുന്നത്.
ആദ്യപകുതി രസകരമായി തന്നെ കടന്നുപോകുന്ന ചിത്രം പിന്നീട് പിരിമുറുക്കത്തിന്റെ ട്രാക്കിലേക്ക് വഴിമാറുന്നുണ്ട്. നായകനൊപ്പം പ്രേക്ഷകരുടെ നെഞ്ചിടിപ്പുമേറ്റുന്ന നിമിഷങ്ങള്‍ക്കൊടുവിൽ സംതൃപ്തി സമ്മാനിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എന്‍ഡ് ക്രെഡിറ്റ് സീനും ചിത്രത്തിലുള്ളത് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസാണ്. ചിത്രം അവസാനിച്ച് ക്രെഡിറ്റ് കാണിച്ച് തുടങ്ങുമ്പോള്‍ തന്നെ തിയേറ്റര്‍ വിട്ട് പോയാല്‍ ഈ സീന്‍ മിസ്സാകും. സംവിധായകന് ആര്‍ക്കാണ് ചിത്രം സമര്‍പ്പിച്ചതെന്നതും അന്‍പോട് കണ്മണിയെ വ്യത്യസ്തമാക്കുന്നുണ്ട്.
മാലാ പാര്‍വതി, ജോണി ആന്റണി, അല്‍ത്താഫ് സലിം, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍ എന്നിവര്‍ക്കൊപ്പം കണ്ണൂരിലെ ഉള്‍ഗ്രാമത്തിലുള്ള നാട്ടുകാരായി എത്തുന്ന ഒരുപിടി അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മനു മഞ്ജിത്തിന്റെ വരികളില്‍ സാമുവല്‍ എബി ഒരുക്കിയ ഗാനങ്ങളും ആസ്വാദ്യമാണ്. കെ.എസ്. ചിത്ര പാടിയ ഗാനം സന്ദര്‍ഭത്തോട് ഏറെ ഇഴചേര്‍ന്നുനില്‍ക്കുന്നതാണ്. ചിത്രത്തിന്റെ തുടക്കത്തിലുള്ള ‘വടക്കുദിക്കിലൊരു കറക്കുചെക്കനിതാ’ എന്ന ഗാനവും നന്നായിരുന്നു.
വാല്‍ക്കഷ്ണം: അന്‍പോട് കണ്മണിയുടെ ചിത്രീകരണത്തിനായി അണിയറക്കാര്‍ പുതിയൊരു വീട് നിര്‍മ്മിച്ചിരുന്നു. ചിത്രീകരണത്തിന് ശേഷം ആ വീട് പാവപ്പെട്ടൊരു കുടുംബത്തിന് കൈമാറിയ സംഭവം ഓരോരുത്തരുടേയും മനസ് നിറയ്ക്കുന്നതായിരുന്നു. സമാനമായി, ഓരോ പ്രേക്ഷകന്റേയും ഹൃദയം നിറയ്ക്കുന്ന ഫീല്‍ഗുഡ് സിനിമാനുഭവമാണ് അന്‍പോട് കണ്മണിയും സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]