മലയാള സിനിമയിൽ പലവുരു വന്നതാണ് മാതൃത്വത്തിന്റെ മഹത്വം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ. അത്തരം ചിത്രങ്ങളിലേക്കുള്ള വ്യത്യസ്തമായ കണ്ണിയാണ് കവിപ്രസാദ് ഗോപിനാഥിന്റെ തിരക്കഥയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനംചെയ്ത അം അഃ. പേരിൽത്തുടങ്ങി പ്രമേയത്തിലും അവതരണത്തിലും പുതുമയനുഭവപ്പെടുന്ന കൊച്ചു ചിത്രം. ഒറ്റ വരിയിൽ അം അഃയെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തെയും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറച്ച് മനുഷ്യരേയുമാണ് അം അഃയിൽ കാണാനാവുക. മലയോര പ്രദേശമായ കവന്തയിലെ റോഡ് പണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനാണ് കേന്ദ്ര കഥാപാത്രം. സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളാണ് സസ്പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിൽ തോമസ് സെബാസ്റ്റ്യനും കൂട്ടരും ആവിഷ്ക്കരിക്കുന്നത്. നാട്ടിൽ അധികമാരോടും അടുപ്പമില്ലാതെ കഴിയുന്ന അമ്മിണിയുടേയും മകളുടേയും ജീവിതത്തിലേക്ക് സ്റ്റീഫൻ എത്തുന്നതോടെ ചിത്രം മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.
ഇമോഷണലായി തുടങ്ങുന്ന ചിത്രം പതിയെ സസ്പെൻസ് മൂഡിലേക്ക് കടക്കുകയാണ്. ഫീൽഗുഡ് എന്ന് തുടക്കത്തിൽ തോന്നിക്കുമെങ്കിലും ഒരു ഘട്ടത്തിൽ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള സസ്പെൻസ് രീതിയിലേക്ക് അം അഃ പ്രവേശിക്കുന്നു. പിന്നീട് ഇമോഷനും സസ്പെൻസും ഇടവിട്ടിടവിട്ട് വരുന്നുണ്ട്. ഇടയ്ക്ക് സസ്പെൻസിനുമേൽ വൈകാരികത ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്.
അടുത്ത കാലത്ത് മലയാളികൾക്കിടയിലും ഏറെ സുപരിചിതമായ വാക്കാണ് സറോഗസി അഥവാ വാടക ഗർഭധാരണം. വാടകഗർഭധാരണത്തിന്റെ അധികമാർക്കുമറിയാത്ത കാണാപ്പുറങ്ങളിലേക്ക് കടന്നുചെല്ലുന്നുണ്ട് ചിത്രം. ഇങ്ങനെയെല്ലാം സംഭവിക്കുമോ എന്ന് അല്പം ശ്വാസംമുട്ടൽ അനുഭവിക്കുന്ന പ്രതീതി പ്രേക്ഷകരിൽ സൃഷ്ടിക്കാൻ തിരക്കഥാകൃത്തിനും സംവിധായകനുമായിട്ടുണ്ട്. എല്ലാത്തിനുമൊടുവിൽ അം, അഃ എന്നീ രണ്ട് സ്വരാക്ഷരങ്ങൾ അമ്മയെന്ന ഒറ്റ വാക്കായി പൂർണത കൈവരിക്കുന്ന മാജിക് ലളിതസുന്ദരമായി അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തൻ, അമ്മിണിയമ്മയായെത്തിയ ദേവദർശിനി എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. നായികയായുള്ള മലയാളത്തിലേക്കുള്ള ആദ്യവരവ് ദേവദർശിനി ഉജ്ജ്വലമാക്കിയിട്ടുണ്ട്. കോഴിക്കോട് ജയരാജിന്റെ ആശാൻ എന്ന കഥാപാത്രം എടുത്തുപറയേണ്ടിയിരിക്കുന്നു. നിഗൂഢതയും നൊമ്പരവും ഒരേസമയം പ്രേക്ഷകരിലുണ്ടാക്കുന്ന കഥാപാത്രമായി ആശാൻ. ശ്രുതി ജയന്റെ വേഷവും തിയേറ്റർ വിട്ടാലും മനസിൽ തങ്ങിനിൽക്കും. ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ്, കബനി എന്നിവരും മികച്ച പ്രകടംതന്നെ കാഴ്ച വെച്ചിട്ടുണ്ട്.
കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കൃത്യമായ അളവിൽ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംഗീതസംവിധായകനായ ഗോപി സുന്ദറിന്റെ പങ്കും ചില്ലറയല്ല. സംഭാഷണങ്ങൾ പോലുമില്ലാത്ത രംഗങ്ങളിൽ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ്. അനാവശ്യ ഗിമ്മിക്കുകളോ, ഏച്ചുകെട്ടലുകളോ ഇല്ലാതെ വൃത്തിയായി ഒരു ചിത്രമൊരുക്കിയതിൽ അം അഃ ടീമിന് അഭിമാനിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]