സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് കഴിഞ്ഞ തിങ്കളാഴ്ച ലോകപ്രശസ്ത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സാക്കിർ ഹുസൈൻ വിടപറഞ്ഞ് ഒരാഴ്ചയാവുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ് ചെയ്ത ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്.
നാലുകൈകളാണ് ചിത്രത്തിൽ കാണാനാവുക. സാക്കിർ ഹുസൈന്റെ കൈകൾക്കുമേൽ അദ്ദേഹത്തിന്റെ ഭാര്യ അന്റോണിയ മിന്നെകോള, മക്കളായ അനിഷാ ഖുറേഷി, ഇസബെല്ലാ ഖുറേഷി എന്നിവർ ഒന്നിനുമുകളിൽ ഒന്നായി കൈചേർത്തുപിടിച്ചിരിക്കുന്നതായാണ് ചിത്രം. ഇതിൽ സാക്കിർ ഹുസൈൻ കൈവെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തബലയിലാണ്. സ്നേഹത്തിൽ എന്നേക്കും ഒരുമിച്ച് എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സാക്കിർ ഹുസൈന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.
1951 മാർച്ച് ഒൻപതിന് പ്രമുഖ തബലവാദകൻ ഉസ്താദ് അല്ലാ രഖയുടെയും ബവി ബീഗത്തിന്റെയും മകനായി മുംബൈയിലെ മാഹിമിലാണ് സാക്കിർ ഹുസൈന്റെ ജനനനം. സെയ്ന്റ് മൈക്കിൾസ് സ്കൂളിലും സെയ്ന്റ് സേവ്യേഴ്സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സാക്കിർ ഹുസൈൻ ഖുറേഷിയിൽ ബാല്യത്തിലേ കലയുടെ പ്രതിഭതെളിഞ്ഞിരുന്നു. മൂന്നാംവയസ്സിൽത്തന്നെ മൃദംഗത്തോട് സാദൃശ്യമുള്ള പഖാവാജിൽ കൊട്ടിത്തുടങ്ങി. പിന്നീട് തബലയിലേക്ക്, പിതാവ് അല്ലാ രഖയുടെ വഴിയിലേക്ക്.
എൽ. ശങ്കർ, ജോൺ മിക്ലാഫ്ലിൻ, രാംനന്ദ് രാഘവൻ, വിക്കു വിനായക്റാം എന്നിവരോടൊപ്പം ‘ശക്തി’ ബാൻഡിന് രൂപംനൽകി. ‘റിമെമ്പർ ശക്തി’ എന്നപേരിൽ യു. ശ്രീനിവാസ്, ടി.വി. ശെൽവ ഗണേഷ്, ശങ്കർ മഹാദേവൻ എന്നിവരെ ഉൾപ്പെടുത്തി പിന്നീടത് പുനഃസംഘടിപ്പിച്ചു. ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥം എന്ന സിനിമയടക്കം ചലച്ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
ലോകസംഗീതവേദിയിൽ മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടിയ ഏക ഇന്ത്യക്കാരനാണ് സാക്കിർ ഹുസൈൻ. പദ്മശ്രീയും പദ്മഭൂഷണും കഴിഞ്ഞവർഷം പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net