
പ്രഭാസ് നായകനായെത്തുന്ന സലാറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പ്രതികാരമോ രാക്ഷസരേ’ എന്നുതുടങ്ങുന്ന ലിറിക്കൽ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 22-നാണ് തിയേറ്ററുകളിലെത്തുന്നത്.
നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. കെജിഎഫ് എന്ന സൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാർ. പ്രഭാസിനൊപ്പം പൃഥ്വിരാജും സുപ്രധാന വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രവി ബസ്രുർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വർധരാജ് മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, ആക്ഷൻസ് – അൻമ്പറിവ്.