
താനുമായി അടുത്തിടപഴകുന്ന സീനിൽ അഭിനയിക്കാൻ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര വിസമ്മതിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ അന്നു കപൂർ. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത 7 കൂൻ മാഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
എഎൻഐയ്ക്ക് അനുവദിച്ച പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘7 കൂൻ മാഫ് ചിത്രത്തിൽ നായികയുമായി അടുത്തിടപഴകുന്ന സീൻ ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്കാ ചോപ്രയ്ക്ക് ആ സീനിൽ അഭിനയിക്കുന്നതിന് നാണമാണെന്ന് വിശാൽ ഭരദ്വാജ് എന്നോട് പറഞ്ഞു. അവർ കംഫർട്ടബിൾ അല്ലെങ്കിൽ ആ സീൻ ഒഴിവാക്കിയേക്കൂ എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സീൻ അവിടെ പ്രധാനപ്പെട്ടതും അത് എന്തിനാണ് അവിടെനിന്ന് ഒഴിവാക്കുന്നത് എന്നുമായിരുന്നു വിശാൽ ഭരദ്വാജ് തന്നോട് ചോദിച്ചത്’- അന്നു കപൂർ അഭിമുഖത്തിൽ പറഞ്ഞു.
‘പിന്നീട് ഒന്നിച്ചുള്ള സീനും ഒറ്റക്കുള്ള സീനും ചിത്രീകരിച്ചു. ഞാൻ അഭിനയിച്ച ഭാഗങ്ങളിൽ സെറ്റിൽ നിന്ന് ഏറെ പ്രശംസ ലഭിച്ചു. അതിന് ശേഷം പ്രിയങ്ക ചോപ്ര അന്നു കപൂറിനെ ചുംബിക്കാൻ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പരന്നു. അവർ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്നാൽ, അവിടെ ഒരു ഹീറോ ആയിരുന്നു ചുംബിക്കുന്ന സീനിൽ ഉണ്ടായിരുന്നതെങ്കിൽ പ്രിയങ്കാ ചോപ്രയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആ സ്ഥാനത്ത് ഞാനായിരുന്നു. അതുകൊണ്ടായിരിക്കാം പ്രശ്നമുണ്ടായത്’ – അന്നു കപൂർ പറഞ്ഞു.
പ്രിയങ്ക ചോപ്രയുമായുള്ള ചുംബനരംഗത്തെച്ചൊല്ലിയുള്ള വിവാദം നേരത്തെയും ബോളിവുഡിൽ അന്നു കപൂർ ഉയർത്തിയിരുന്നു. ഇപ്പോൾ എഎൻഐയുടെ അഭിമുഖത്തിന് പിന്നാലെ വീണ്ടും വിഷയം ചർച്ചയാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]