ബോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് 2007-ല്‍ റണ്‍ബീര്‍ കപൂറിന്റെ ആദ്യചിത്രമായ ‘സാവരിയ’യുടെ പ്രീമിയര്‍ ഷോ കാണാന്‍ കരീനയും സെയ്ഫും കൈകോര്‍ത്തുപിടിച്ച് എത്തിയത്. വിവാഹിതരായി 12 വര്‍ഷം കഴിയുമ്പോഴും ആ കൈകള്‍ വിടാതെ കോര്‍ത്തുപിടിച്ചിട്ടുണ്ട് ഇരുവരും, കൂട്ടിന് രണ്ട് ആണ്മക്കളും. ബോളിവുഡിന്റെ പുതിയ പവര്‍ കപ്പിളാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും. 2012 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനുമുമ്പ്, ഗോസിപ്പ് കോളങ്ങളില്‍ തങ്ങളെപ്പറ്റി വന്നിരുന്ന വാര്‍ത്തകളെല്ലാം ആഘോഷമാക്കിയ ജോഡി യാതൊരുവിധ എതിര്‍പ്പും കൂടാതെയാണ് തങ്ങളുടെ പ്രണയം അംഗീകരിച്ചത്.
‘തഷന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ബോളിവുഡിന് ഏറെ പ്രിയപ്പെട്ട കരീന-സെയ്ഫ് പ്രണയകഥ ആരംഭിക്കുന്നത്. 2007-ല്‍ അക്ഷയ് കുമാറിനെ നായകനാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. ചിത്രത്തിലെ നായികയായിരുന്നു കരീന, മറ്റൊരു പ്രധാന കഥാപാത്രമായി സെയ്ഫും. ചിത്രത്തില്‍ അക്ഷയ് കുമാറിനെയും കരീനയേയും പ്രണയത്തിലാക്കാന്‍ പെടാപ്പാട് പെടുന്ന സെയ്ഫിനെയാണ് കാണാനാവുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കരീനയോടുള്ള തന്റെ പ്രണയം അവതരിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു സെയ്ഫ്.
ഒടുവില്‍ ബാന്ദ്രയിലെ ഒരു ക്ലബ്ബിനുപുറത്ത് ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. പിന്നാലെ പാപ്പരാസികള്‍ ഇരുവരെയും വിടാതെ പിന്തുടര്ന്നു തുടങ്ങി. സെയ്ഫും കരീനയുമാവട്ടെ തങ്ങളുടെ പ്രണയം ഒളിച്ചുവെക്കാന്‍ തുനിഞ്ഞതേയില്ല. അങ്ങനെയാണ് സാവരിയയുടെ പ്രീമിയര്‍ ഷോ കാണാന്‍ ഇരുവരും കൈകോര്‍ത്തുപിടിച്ച് എത്തിയത്. അവിടെവെച്ച് മാധ്യമങ്ങളുടെ മുന്നില്‍ ഇരുവരും പ്രണയം തുറന്നുപറയുകയും ചെയ്തു. നിങ്ങള്‍ ഡേറ്റിങിലാണോ എന്ന ചോദ്യത്തിന്, ‘അതേ, ഞങ്ങള്‍ ഒരുമിച്ചാണ്’ എന്നാണ് സെയ്ഫ് മറുപടി നല്‍കിയത്.
‘ഞങ്ങള്‍ ഇവിടെ ഒരുമിച്ചാണ്. അതേ, ഞങ്ങള്‍ ഒരുമിച്ചാണ്, ഈ നിമിഷം ഇങ്ങനെ പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഈയടുത്തായി ഈ വിഷയത്തിന് കുറച്ചധികം ശ്രദ്ധ കിട്ടുന്നുണ്ട്. ഇതിനെപ്പറ്റി വിളിച്ചുകൂവാനൊന്നും ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ ഒരുമിച്ചാണ്, സന്തോഷമായിട്ടിരിക്കുകയാണ്,’ സെയ്ഫ് മാധ്യമങ്ങളോട് പറഞ്ഞു. ദേവനാഗിരി ലിപിയില്‍ കരീനയുടെ പേര് തന്റെ കൈത്തണ്ടയില്‍ പച്ചകുത്തിക്കൊണ്ട് 2008-ല്‍ സെയ്ഫ് കരീനയോടുള്ള തന്റെ സ്നേഹം കുറച്ചുകൂടി തെളിച്ചുപറഞ്ഞു. നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2012-ല്‍ ഇരുവരും വിവാഹിതരായി.
അങ്ങനെ ഇന്ത്യയിലെ ഏറ്റവും പുരാതനവും കേള്‍വികേട്ടതുമായ പട്ടൗഡി കുടുംബത്തിലെ മരുമകളായി കരീന സെയ്ഫിന്റെ ജീവിതസഖിയായി. 2016-ല്‍ തൈമൂര്‍ അലി ഖാന് എന്ന ടിമ്മിനും 2021-ല്‍ ജഹാംഗീര്‍ അലി ഖാന് എന്ന ജേഹിനും കരീന ജന്മം നല്കി. ജീവിതത്തിലെ ഓരോ സുന്ദരനിമിഷങ്ങളും തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് ബോളിവുഡിന്റെ ബേബോ. ‘സിംഗം എഗെയ്ന്’ ആണ് കരീനയുടേതായി അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. തെലുഗ് ചിത്രമായ ‘ദേവര-പാര്‍ട്ട് 1’ ആണ് സെയ്ഫിന്റേതായി ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]