തമിഴിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനാണ് ഷങ്കർ. രാംചരൺ തേജ നായകനാവുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. എന്നാൽ സംവിധായകൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കഴിഞ്ഞദിവസം എക്സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന്റെ പേരിലാണ്. താൻ സിനിമയാക്കുന്നതിനായി അവകാശം വാങ്ങിയ നോവലിലെ ചില രംഗങ്ങൾ പുറത്താനിരിക്കുന്ന ഒരു സിനിമയുടെ ട്രെയിലറിൽ കണ്ടെന്നാണ് കുറിപ്പിലുള്ളത്.
തമിഴിലെ എക്കാലത്തേയും ജനപ്രിയ നേവലായ എസ്. വെങ്കടേശൻ എഴുതിയ വീരയുഗ നായകൻ വേൾപാരി എന്ന നോവൽ താൻ സിനിമയാക്കുമെന്നും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും മുൻപ് ഷങ്കർ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു സിനിമയുടെ ട്രെയിലറിൽ നോവലിലെ പ്രധാനരംഗങ്ങൾ ഉപയോഗിച്ചതായി കണ്ടെന്നാണ് ഷങ്കർ ആരോപിച്ചിരിക്കുന്നത്. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
” സു. വെങ്കടേശന്റെ വിഖ്യാതമായ ‘വീരയുഗ നായകൻ വേൾപാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും.’’ ഷങ്കർ കുറിച്ചു.
എന്നാൽ ഷങ്കറിന്റെ പോസ്റ്റ് വന്നതോടെ ചൂടുപിടിച്ച ചർച്ചയായി സോഷ്യൽ മീഡിയയിൽ. ഷങ്കറുദ്ദേശിച്ചത് ഏത് സിനിമയേക്കുറിച്ചാണെന്നായിരുന്നു ചർച്ച. സൂര്യ നായകനായ കങ്കുവയാണ് ഉടൻ വരുന്ന പീരിയോഡിക്കൽ സിനിമയെന്നും അതിനാൽ ഈ ചിത്രത്തേക്കുറിച്ചാണ് ഷങ്കറിന്റെ പോസ്റ്റെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ അതല്ല, ഷങ്കർ പറഞ്ഞിരിക്കുന്നത് ജൂനിയർ എൻ.ടി.ആറിന്റെ ‘ദേവര’യേക്കുറിച്ചാണെന്നാണ് മറുവിഭാഗത്തിന്റെ വാദം. ‘വീരയുഗ നായകൻ വേൾപാരി’ നോവൽ വായിച്ചവർക്ക് അത് മനസിലാവുമെന്നും ഇവർ വാദിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]