
വീണ്ടും ഒടിടിയിൽ റിലീസുകളുടെ ആഘോഷക്കാലം. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളുടെ റിലീസുകളാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മലയാള ചിത്രം ‘വാഴ’ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം ചെയ്ത ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഹോട്സ്റ്റാറിലൂടെയാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയ ഒരുപിടി മലയാള ചിത്രങ്ങൾ ഓണത്തിനോട് അനുബന്ധിച്ച് പ്രദർശനം ആരംഭിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ സീ ഫൈവ് ആണ് സ്ട്രീം ചെയ്യുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂരജ് ടോം ചിത്രം ‘വിശേഷം’ ആമസോൺ പ്രെെമിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തി.
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ജിസ് ജോയുടെ ക്രൈം ത്രില്ലർ ചിത്രം ‘തലവൻ’ സോണി ലിവിൽ പ്രേക്ഷകർക്ക് കാണാം. ആസിഫ് അലിയും സുരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘അഡിയോസ് അമിഗോ’ നെറ്റ്ഫ്ലിക്സിലൂടെ ആസ്വദിക്കാം. ഉര്‍വശി–ഇന്ദ്രന്‍സ് കോമ്പോയില്‍ പുറത്തിറങ്ങിയ ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ ജിയോ സിനിമയിലൂടെ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
ഇനിയും ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സെപ്റ്റംബറിൽ ഒടിടി റിലീസിന് ഒരുങ്ങുന്നുണ്ട്. തിയേറ്ററുകളിൽ വൻവിജയമായി മാറിയ നാനി ചിത്രം ‘സൂര്യാസ് സാറ്റർഡേ‘ ആണ് അതിൽ പ്രധാനം. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 26-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും.
വിക്രമിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കിയ ‘തങ്കലാൻ’ തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. നെറ്റ്ഫ്ലിക്സാണ് സ്ട്രീമിങ് പാർട്ണർ. പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയൽ കാൽടാഗിറോൺ, പശുപതി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.
സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡിമൊണ്ടെ കോളനി’യുടെ രണ്ടാം ഭാഗം ‘ഡിമൊണ്ടെ കോളനി 2’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 27-ന് ചിത്രം ഒടിടിയിലെത്തും. സീ 5 ആണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]