
ആരാധകർ സ്നേഹത്തോടെ മെഗാ സ്റ്റാർ എന്ന് വിളിക്കുന്ന തെലുങ്ക് താരമാണ് ചിരഞ്ജീവി. ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ പദവി എന്ന ഗിന്നസ് റെക്കോർഡ് നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു.
1978 സെപ്റ്റംബർ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. ഇതിന് ആദരമർപ്പിച്ചുകൊണ്ടാണ് ഗിന്നസ് അധികൃതർ കഴിഞ്ഞദിവസം ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ചിരഞ്ജീവിയുടെ ഗാനങ്ങൾക്കും നൃത്തരംഗങ്ങൾക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയിൽ അരങ്ങേറി 46 വർഷങ്ങൾകൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം.
ഇന്ത്യയിലെ മറ്റൊരു നടനും ഈ നാഴികക്കല്ലിലേക്ക് എത്താൻ സാധിച്ചിട്ടില്ല. 15 സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ 143 ചിത്രങ്ങളേ ഗിന്നസ് അധികൃതർ പരിഗണിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിരഞ്ജീവിയെ ഗിന്നസ് അധികൃതർ ആദരിക്കുന്ന ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകൻ രാംചരൺ തേജയുടെ ഭാര്യയായ ഉപാസന കോനിഡേല പങ്കുവെച്ചു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ചടങ്ങിനുണ്ടായിരുന്നു.
ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ഗാനം കാണുകയാണെങ്കിൽ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിർ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകർക്ക് അദ്ദേഹത്തിൽനിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകൾ ചിരഞ്ജീവിയെ തേടിയെത്തട്ടേയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. ചിരഞ്ജീവിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ രാജമൗലിയും രംഗത്തെത്തി.
ചിരഞ്ജീവിയുടെ മകൾ സുഷ്മിത കോനിഡേല, കുടുംബാംഗങ്ങളും നടന്മാരുമായ വരുൺ തേജ്, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ചിത്രീകരണത്തിലിരിക്കുന്നത്. 2025 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]