കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ് സിനിമാ മേഖലയെ ആകെ ഉലച്ച സംഭവമായിരുന്നു നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം. ചലച്ചിത്രലോകത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായെത്തിയത്. വിജയിയുടെ വീട്ടിലെത്തി മടങ്ങവേ മാധ്യമങ്ങളോട് കരഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പാർത്ഥിപൻ പ്രതികരിച്ചത്.
എന്തുപറയണമെന്ന് അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പാർത്ഥിപൻ മാധ്യമങ്ങളോട് സംസാരിക്കാൻ ആരംഭിച്ചത്. ഒരു സുഹൃത്തിനുണ്ടായ നഷ്ടമായിമാത്രം ഈ സംഭവത്തെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ വീട്ടിൽ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ഭയമാണ് ഉള്ളിൽ നിറയെ. വയസ്സായവർ നമ്മെ വിട്ടുപോകുമ്പോൾ ചെറിയൊരു സമാധാനം ഉള്ളിലുണ്ടാകും. പ്രായമായ അവസ്ഥയാണ്, ഇത്രയും ജീവിച്ചില്ലേ എന്നു ചിന്തിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിലോ, അവർ കല്യാണം കഴിഞ്ഞുപോകുന്നതു പോലും നമുക്ക് താങ്ങാനാകില്ല. ഈ വേർപാട് ക്രൂരമാണെന്നും പാർത്ഥിപൻ പറഞ്ഞു.
മനോവിഷമം നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അവസ്ഥയാണെന്നും ആത്മഹത്യയിലേക്കു നയിക്കാൻ ഇതാണ് കാരണമെന്ന് പലരും പറയാറുണ്ടെന്നും പറഞ്ഞ താരം . സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ‘‘കാരണം ഓരോ കുട്ടിയുടെയും കാര്യം അപ്പോൾ നേരിട്ട് അന്വേഷിക്കാൻ അധ്യാപകർക്കാകും. വീട്ടിലെ സാഹചര്യമല്ല സ്കൂളിൽ കുട്ടികൾക്ക് ലഭിക്കുന്നത്. ഒരുപാട് കൂട്ടുകാർ, ചർച്ച ചെയ്യാൻ നിറയെ കാര്യങ്ങൾ. ഈ കുട്ടിയും സ്കൂളിൽ മിടുക്കിയായിരുന്നു, സ്കൂൾ ലീഡറായിരുന്നു. ബോൾഡ് ആയ ക്യാരക്ടറായിരുന്നു അവളുടേതെന്ന് എല്ലാവരും പറയുന്നു. എന്നാൽ ഉള്ളിൽ എങ്ങനെയായിരുന്നുവെന്നും എന്തുമാത്രം കഷ്ടതകൾ അനുഭവിച്ചെന്നും ആർക്കും അറിയില്ല.’’ പാർത്ഥിപൻ പറഞ്ഞു.
വിജയ് ആന്റണിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും തനിക്ക് വർഷങ്ങളായി അറിയാം. ഒരുപാട് നന്മയുള്ളവരാണ്. എന്ത് പ്രശ്നമായിരുന്നെങ്കിലും അവരോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനി മറ്റൊരു കുട്ടിക്കും അങ്ങനെ ഉണ്ടാകരുത്. കുട്ടികൾക്ക് മാനസിക ധൈര്യം കൊടുക്കണം. അത് പരീക്ഷപ്പേടിയോ എന്തുമാകട്ടെ, അതിനെ മനസ്സിൽനിന്നു തുടച്ചുനീക്കാനുള്ള ധൈര്യം നൽകണം. ജീവിതം എത്രമാത്രം സന്തോഷപൂരിതമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണമെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൊച്ചാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാർഥിനിയായിരുന്നു. മാനസിക സമ്മർദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടരുകയാണ്. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര. ലാര എന്ന മകൾ കൂടിയുണ്ട്.