
തമിഴ്നാട് രാഷ്ട്രീയത്തിലും തമിഴ് സിനിമാ രംഗത്തും ഏറെ പ്രാധാന്യമേറിയ ദിവസമായിരുന്നു വ്യാഴാഴ്ച. സൂപ്പർതാരം വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഔദ്യോഗിക ഗാനവും പുറത്തിറക്കി. പാർട്ടി പ്രവർത്തനത്തിൽ സജീവമാകാൻ സിനിമയിൽനിന്ന് പൂർണമായി മാറിനിൽക്കുകയും ചെയ്യുമെന്ന് ഇതിനോടകം വിജയ് വ്യക്തമാക്കിയിട്ടുണ്ട്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങാനാണ് വിജയ് ഇനി ശ്രമിക്കുക.
വലിയ ഹൈപ്പോടെ സിനിമകൾ പുറത്തിറങ്ങാറുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് അങ്ങനെയൊരു കാത്തിരിപ്പ് ഇതാദ്യമായിരിക്കാം. പല നടന്മാരും പാർട്ടികൾ പ്രഖ്യാപിക്കുകയും പാതിവഴിയിൽ പിന്നാക്കം പോകുകയുമൊക്കെ ചെയ്ത ചരിത്രമുള്ള തമിഴ് മണ്ണിലാണ് വിജയ് പുത്തൻ രാഷ്ട്രീയ നീക്കവുമായെത്തുന്നത്. ആദ്യം തന്റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയ വിമർശനമുയർത്തി. അന്നേ കേൾക്കുന്നതാണ് ഈ സൂപ്പർതാരത്തിന്റെ നേതൃത്വത്തിൽ ഒരു പാർട്ടി വന്നേക്കുമെന്ന്. അത്തരം ചർച്ചകൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം വിരാമമിട്ടാണ് ഇപ്പോൾ തമിഴക വെട്രി കഴകം എന്ന പേരിൽ പുതിയൊരു രാഷ്ട്രീയനീക്കത്തിന് തമിഴ് രാഷ്ട്രീയ- സിനിമാ ലോകം സാക്ഷിയായത്.
ആരാധകരുടേയും അങ്ങനെയല്ലാത്തവരുടേയും സംഗമമായിരിക്കും ടി.വി.കെയെന്ന് ആദ്യസമ്മേളനം അടിവരയിടുന്നു. പാർട്ടിയുടെ ആദ്യസമ്മേളനത്തിൽ വിജയ് നടത്തിയ സംഭാഷണം ഒന്ന് കേൾക്കാം. പാർട്ടിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ ഇങ്ങനെയൊരു ദിവസത്തിനുവേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം ആരംഭിച്ചത്. ഇന്ന് ഈ കൊടി അവതരിപ്പിച്ചതിൽ വളരെ അഭിമാനമുണ്ട്. ഇതുവരെ നാം നമ്മൾക്കുവേണ്ടിയാണ് അധ്വാനിച്ചത്. ഇനി വരും വർഷങ്ങളിൽ നമ്മൾ രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ തമിഴ്നാടിനും തമിഴ്ജനതയ്ക്കുമായി പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു.
“ഒരു പാർട്ടിയുടെ കൊടിയെന്നതിലപ്പുറം തമിഴ്നാടിന്റെ വരുംകാല തലമുറയുടെ വിജയത്തിന്റെ അടയാളമായാണ് ഞാനിതിനെ കാണുന്നത്. ഇതെല്ലാം ഞാൻ പറയാതെ തന്നെ നിങ്ങൾ മനസിലേറ്റുമെന്ന് എനിക്കറിയാം. നല്ലതേ നടക്കൂ, വിജയം സുനിശ്ചിതം. അതുവരേയ്ക്കും നന്ദി, വണക്കം.” വിജയ് പറഞ്ഞവസാനിപ്പിക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ തന്റെ ചിന്ത വരച്ചിട്ടു വിജയ്. പ്രസംഗം അവസാനിപ്പിച്ച് വേദി വിടുമ്പോൾ അന്തരീക്ഷമാകെ ഒരേയൊരു മുദ്രാവാക്യം, ദളപതി കീ ജയ്…