
തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിനായി തമിഴ് നടൻ വിജയ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് ചിത്രീകരണം.
ഇപ്പോഴിതാ, തന്നെ കാണാൻ എത്തിയ ആരാധകരോട് കുറച്ച് സമയം ചെലവഴിച്ചിരിക്കുകയാണ് താരം. പതിവ് പോലെ ബസിന് മുകളിൽ കയറിനിന്നാണ് ആരാധകരോട് നടൻ സംസാരിച്ചത്. ഇടയ്ക്ക് മലയാളത്തിലും താരം സംസാരിച്ചു. കെെയടികളോടെയാണ് ആരാധകർ വിജയുടെ വാക്കുകളെ വരവേറ്റത്.
അനിയത്തി, ചേട്ടന്മാർ, അമ്മ, എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ടെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ തന്റെ ആരാധകരെപ്പോലെ മലയാളികളും വേറെ ലെവലാണെന്ന് താരം ചൂണ്ടിക്കാട്ടി. ഓണത്തിന് മലയാളികൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് എല്ലാവരെയും കാണുമ്പോൾ തനിക്ക് ഉള്ളതെന്നും വിജയ് പറഞ്ഞു. ആരാധകരുടെ സ്നേഹത്തിന് കോടി നന്ദിയെന്നും മലയാള മണ്ണിൽ വന്നതിൽ വളരെയധികം സന്തോഷമെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, വിജയ് വന്ന ദിവസം ആരാധകരുടെ ആവേശം അതിരുവിട്ടിരുന്നു. വിമാനത്താവളത്തിന് പുറത്ത് ആരാധകരുടെ തള്ളിക്കയറ്റത്തിൽ വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നു. വാഹന വ്യൂഹം പുറത്തേക്കിറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെ ചാടി വീഴുകയായിരുന്നു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു. ‘ഗോട്ട്’ ഒരു ടൈംട്രാവൽ ചിത്രമാണെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ലൊക്കേഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]