
കഴിഞ്ഞവര്‍ഷം സംഗീത് പ്രതാപ് ജന്മദിനം ആഘോഷിച്ചത്, രുചിച്ചത് നസ്ലിന് ഗഫൂറിനും മമിത ബൈജുവിനുമൊപ്പം ‘പ്രേമലു’വിന്റെ വിജയാരവങ്ങള്ക്കിടയിലാണ്. അന്ന് എല്ലാവരും ‘ഈ അമല്‍ ഡേവിസ് ഒരു രസികന്‍ തന്നെ’ എന്നുപറഞ്ഞു. ഇത്തവണ കേക്ക് മുറിച്ചുകൊടുത്തത് മോഹന്‍ലാലാണ്. തൊട്ടടുത്ത് സത്യന് അന്തിക്കാട്. അപ്പോള്‍ കേട്ട വിളി ‘എടാ ഹരിഹരസുതനേ’ എന്നാണ്.
ഈ മാറ്റത്തില്‍ സംഗീതിന്റെ കരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച കാണാം. രണ്ടുകാലങ്ങള്ക്കിടയില് നടനെന്ന നിലയിലുണ്ടായ വളര്‍ച്ചയുടെ മധുരം നുണഞ്ഞ് നില്‍ക്കുമ്പോഴും കയറ്റിറക്കങ്ങളുള്ള യാത്രയുടെ എല്ലാ അനിശ്ചിതത്വങ്ങളെയും ഈ ചെറുപ്പക്കാരന് ഓര്‍ക്കുന്നു. എഡിറ്റര്‍ എന്ന നിലയില്‍ തുടങ്ങിയ ജീവിതം, അമല്‍ ഡേവിസിന്റെ ആഹ്ലാദങ്ങള്‍ക്കുമീതേ വന്നുചേര്‍ന്ന, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാനപുരസ്കാരം ‘ബ്രോമാന്‍സ്’ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടം, തിരിച്ചുവരവ്… പക്ഷേ, അതിനെല്ലാമൊടുവില്‍ ക്ലൈമാക്സിലെ ട്വിസ്റ്റ് പോലെ, ‘ബ്രോമാന്‍സി’ലെ ഹരിഹരസുതന് പ്രേക്ഷകരെ ആനന്ദചിത്തരാക്കുമ്പോള് സംഗീത് പ്രതാപും സന്തോഷത്തിലാണ്.
അമല്‍ ഡേവിസില്‍ നിന്ന് ഹരിഹരസുതനിലേക്കുള്ള യാത്ര
അമല്‍ ഡേവിസിനോടുള്ള താരതമ്യം വരരുത് എന്ന് കരുതി ബോധപൂര്‍വം കഥാപാത്രങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പ്രേമലുവിന്റെ വിജയത്തിനുശേഷം ഒരുപാട് കഥകള്‍ കേട്ടു. ആഗ്രഹിച്ച വ്യത്യസ്തത അതിലൊന്നിലുമുണ്ടായില്ല. അതിനിടയ്ക്കാണ് ‘ബ്രോമാന്‍സി’ന്റെ കഥ കേള്‍ക്കുന്നത്. അടുത്തറിയുന്നവരായിരുന്നു അതിനു പിന്നിലുള്ള ഭൂരിഭാഗം പേരും. രചയിതാക്കളിലൊരാളായ തോമസും എഡിറ്റര്‍ ചമനും ഞാനുമെല്ലാം ഒന്നിച്ചുതുടങ്ങിയവരാണ്. ആദ്യ ഡ്രാഫ്റ്റില്‍ത്തന്നെ എന്റെ കഥാപാത്രം നന്നായി വര്‍ക്കൗട്ട് ആയി. അടുത്ത ഡ്രാഫ്റ്റില്‍ അത് കുറെക്കൂടി രസകരമായി. ഹാക്കര്‍ എന്ന മേല്‍വിലാസത്തിലെത്തുന്ന ഹരിഹരസുതന് അമല്‍ ഡേവിസിനോട് ഒട്ടും ബന്ധം തോന്നിക്കാത്തയാളാണ്. റിയല്ലൈഫില്പോലും പിടിക്കാത്ത ലുക്കാണ് ഇതിനായി ട്രൈ ചെയ്തത്. ഭാഷപോലും ഒന്ന് ന്യൂട്രല്‍ ആക്കി.
ജഗദീഷിന്റെ മായന്കുട്ടിയെയും ഹരിശ്രീ അശോകന്റെ രമണനെയുമെല്ലാം പോലെ പ്രധാനകഥാപാത്രങ്ങളുടെ സൈഡിലൂടെ വന്ന് കൈയടിവാങ്ങിപ്പോകുകയാണ് സംഗീതിന്റെ ഹരിഹരസുതന് എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്
അങ്ങനെയൊരു റഫറന്‍സ് വരരുത് എന്ന ആഗ്രഹത്തോടെയാണ് കഥാപാത്രത്തെ സമീപിച്ചത്. ഹാക്കറായതുകൊണ്ട് ഒരു കോമിക് ജാഡ കൊണ്ടുവരാനായിരുന്നു ശ്രമം. ബ്രോമാന്‍സിലെ ബാക്കിയെല്ലാ കഥാപാത്രങ്ങള്‍ക്കും സ്വഭാവം വെച്ച് നോക്കിയാല്‍ രണ്ട് ഷേഡ് ഉണ്ട്. ഹരിഹരസുതനു പക്ഷേ, ഒറ്റസ്വഭാവമാണ് കഥയിലുണ്ടായിരുന്നത്. ഞാനതില്‍ ജാഡട്രാക്ക് വളരെ നോര്‍മലായി കൊണ്ടുവന്ന് മറ്റൊരു ഷേഡ്കൂടി ഉണ്ടാക്കാനാണ് ശ്രമിച്ചത്. അത് ആളുകള്‍ സ്വീകരിച്ചു എന്നതില്‍ സന്തോഷം.
ഓരോ കഥാപാത്രത്തിനും ഓരോസമയത്ത് ഒരു ഏരിയ സൃഷ്ടിച്ചുകൊണ്ടാണ് ബ്രോമാന്‍സിന്റെ കഥ മുന്നോട്ടുപോകുന്നത്. മാത്യുവും അര്ജുന് ചേട്ടനും ബാക്കിയുള്ളവരുമെല്ലാം ഇങ്ങനെ ഓരോ ഘട്ടത്തിലും മുന്നിലേക്ക് വരുന്നുണ്ട്. നായയുടെ ഒപ്പമുള്ള സീന്പോലുള്ളവയും ചില വഴിത്തിരിവുകള്‍ കണ്ടുപിടിക്കലുമൊക്കയായിരുന്നു എന്റെ ഏരിയ. അതൊക്കെ രസകരമായി വന്നുവെന്ന് ഷൂട്ടിങ് സമയത്തുതന്നെ ഒരുപാട് പേര് പറഞ്ഞിരുന്നു. എന്റെതന്നെ പല ഷേഡുകളുമാണ് ഹരിഹരസുതനിലുള്ളത്. ജീവിതത്തില്‍ പലതരം വേരിയേഷനുകളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. അമല്ഡേവിസിനോടായിരുന്നു അതിന് ഇതുവരെ കൂടുതല്‍ സാമ്യം. ഇപ്പോള്‍ ഹരിഹരസുതന് വന്നപ്പോള്‍ ആ കഥാപാത്രത്തിലും കുറെയൊക്കെ ഞാനുണ്ട്.
ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍നിന്ന് കഥാപാത്രത്തിലേക്കും ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവ്
നേരത്തേ പറഞ്ഞതുപോലെ ഒരുപാട് കാത്തിരുന്ന് സെലക്ട് ചെയ്ത സിനിമയാണ് ബ്രോമാന്‍സ്. ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂക്കുകുത്തി. ബോഡി ഒന്ന് ഫിറ്റാക്കാന്‍ ഫിസിക്കല്‍ ട്രെയിനിങ്. ചുമ്മാ ഒരു റിലാക്സേഷനുവേണ്ടി മൂന്നുദിവസം വര്‍ക്ക്ഷോപ്പ് പോലെ ആക്ടിങ് ട്രെയിനിങ്. അങ്ങനെ നല്ല തയ്യാറെടുപ്പോടെ മൊത്തത്തിലൊന്ന് സെറ്റായിരിക്കുമ്പോഴാണ് ഷൂട്ട് തുടങ്ങുന്നത്. പത്താംദിവസമായിരുന്നു കാറപകടം. എല്ലാ പ്ലാനിങ്ങും ഇത്രയൊക്കെയേ ഉള്ളൂ എന്ന തിരിച്ചറിവുപോലെയായിരുന്നു അത് സംഭവിച്ചത്.
ബ്രോമാന്‍സിന് ശേഷം അഭിനയിക്കാനുള്ള സിനിമകള്‍പോലും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അപകടത്തിന് ശേഷം ഒരുമാസം വിശ്രമിച്ചപ്പോള്‍ ഇനിയെന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെപ്പറ്റി ക്ലാരിറ്റി കിട്ടി. ആ അര്‍ഥത്തില്‍ ജീവിതത്തിനൊരു പോസിറ്റീവ് വശമുണ്ടായി എന്നുവേണമെങ്കില്‍ പറയാം. ആദ്യമുണ്ടായിരുന്ന യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് അപകടത്തിനുശേഷം അഭിനയിക്കാന്‍ ചെന്നത്. കൂടെയുണ്ടായിരുന്നവരെല്ലാം ചേര്‍ത്തുനിര്‍ത്തി. അതോടെ അപകടത്തിന്റെ ആഘാതമെല്ലാം മനസ്സില്‍നിന്ന് ഒഴിഞ്ഞുപോയി.
മോഹന്‍ലാലിനൊപ്പം സത്യന് അന്തിക്കാട് ചിത്രത്തിലെ അനുഭവം എങ്ങിനെയുണ്ട്
ജെറി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ലാലേട്ടനൊപ്പമുള്ള മുഴുനീള കഥാപാത്രം. എങ്ങനെയാണ് അനുഭവം എന്ന് പറയാനറിയില്ല. ഞാനൊരു ഫാന്‍ബോയ് മൊമന്റില്‍ എല്ലാം കണ്ടുകൊണ്ടുനില്ക്കുന്നുവെന്നുമാത്രം. ഒപ്പം അഭിനയിക്കുന്നതിനെക്കാള്‍ ഞാന്‍ എന്ജോയ് ചെയ്യുന്നത് ലാലേട്ടനൊപ്പമുള്ള ഒഴിവ് നേരങ്ങളാണ്. അദ്ദേഹത്തിന്റെ തമാശകള്‍, നമ്മളോടുള്ള സ്നേഹം… അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാനിപ്പോള്‍. ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസങ്ങളേയായുള്ളൂ. ഓരോ ദിവസവും ലാലേട്ടനൊപ്പമുള്ള സിങ്ക് കൂടിക്കൂടിവരുന്നതിന്റെ സന്തോഷമുണ്ട്.
സിനിമ എന്തുതന്നു
ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ പ്രതീക്ഷിക്കുന്നത് അതില്‍നിന്ന് കിട്ടുന്ന ചിരികള്‍ മാത്രമാണ്. പക്ഷേ, കഥാപാത്രത്തിന്റെ പേരെടുത്തുവിളിച്ച് തിരിച്ചറിയുക എന്ന് പറയുന്നതിന്റെ ഭാഗ്യം മറ്റൊന്നാണ്. ആദ്യം അത് അമല്‍ ഡേവിസില്‍ കിട്ടി. അതിനെക്കാള്‍ കൂടുതലായി ഇപ്പോള്‍ ഹരിഹരസുതനിലും. പ്രേമലുവില്‍ സംഭവിച്ചതുപോലെത്തന്നെ, ഷൂട്ടിനിടെ ഒട്ടും പ്രതീക്ഷിക്കാതെ കൈയില്നിന്നിട്ടതോ അപ്പോഴത്തെ ഒരു പ്ലാനില്‍ പറഞ്ഞതോ ഒക്കെയായ കുഞ്ഞിക്കുഞ്ഞി ഡയലോഗുകള്‍പോലും ഡിജിറ്റല്‍ പോസ്റ്ററുകളായും ഇല്ലസ്ട്രേഷനുകളായുമെല്ലാം ഇറങ്ങുകയെന്ന് പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഭവമാണ്.
യുട്യൂബ് ചാനലുകളുടെ ഭാഷയില്‍ ചോദിച്ചാല്‍ ‘പ്രേമലു-2’ അപ്ഡേറ്റ്
ലാലേട്ടനൊപ്പമുള്ള സിനിമ കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന്റെ കൂടെയുള്ള ബേബി ഗേള്‍ എന്ന സിനിമയാണ്. അതുംകഴിഞ്ഞിട്ടുവേണം അമല്‍ ഡേവിസിലേക്ക് തിരിച്ചുപോകാന്‍. ഈ വര്‍ഷം പകുതിയോടെ പ്രേമലു-2 തുടങ്ങും. അതുപിന്നെയൊരു വീടുപോലെയാണ്. സമാധാനത്തോടെ ചെന്നുകയറാവുന്ന സ്ഥലം. അവിടെച്ചെന്നാല്‍ ഗിരീഷേട്ടനുണ്ടാകും. ബാക്കി പുള്ളി നോക്കിക്കോളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]