വിഖ്യാത ചലച്ചിത്രകാരന് പദ്മരാജന് അകാലത്തില്‍ അന്തരിച്ചിട്ട് ജനുവരി 23-ന് മുപ്പത്തിനാല് വര്‍ഷമാകുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് 1945-ലാണ് പദ്മരാജന് ജനിച്ചത്. മുതുകുളത്തെ ചൂളത്തെരിവില് ഞവരയ്ക്കല്‍ തറവാട്ടില്‍ ജനിച്ച പദ്മരാജന് ഓണാട്ടുകരയുടെ സംസ്കൃതിയും ജന്മദേശത്തിലെ വര്‍ത്തമാനകാല കഥകളുമെല്ലാം തന്റെ കലാസൃഷ്ടിയുടെ അടയാളമുദ്രകളാക്കി മാറ്റി. ദേശം കലയെ സ്വാധീനിച്ച വഴികളിലൂടെ അല്‍പ്പം സഞ്ചരിക്കാം…
മുപ്പത്തിയാറിലധികം തിരക്കഥകള്‍ എഴുതിയ പദ്മരാജന്, ജന്മദേശത്തേയും തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്തി. അത് കഥാരൂപത്തിലും കഥാപാത്രങ്ങളിലും കലാരൂപങ്ങളിലുമൊക്കെയായിരുന്നു. ഒരിടത്തൊരു ഫയല്വാന് എന്ന സിനിമയുടെ പിറവി തന്നെ, അവധിക്കാലത്ത് സന്ധ്യ കഴിഞ്ഞ് ഇരുള് കടന്നുവന്ന നേരം ഞവരയ്ക്കല്‍ തറവാട്ടിനടുത്തുള്ള വയല്‍വരമ്പില്‍ പദ്മരാജന് ഇരിക്കുമ്പോള്‍ ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തില്‍ അകലെ നിന്നുവരുന്ന തവളപിടിത്തക്കാരുടെ നിഴലുകള്‍ കണ്ടതില്‍നിന്നാണ്. പാടവും തോടും കായലും വേലി കെട്ടിയ ഒരു ഗ്രാമത്തില്‍ എവിടെ നിന്നോ വരുന്ന ഒരു ഫയല്‍വാന്റെ കഥ അപ്പോള്‍ പദ്മരാജനില്‍ ജനിച്ചു.
സര്‍പ്പക്കാവുകളും കുളങ്ങളും ഉള്ള ഒരു ഭൂപ്രദേശമാണ് ഓണാട്ടുകര. രതിനിര്‍വേദത്തിലെ സര്‍പ്പക്കാവ്, കഥാനായകനായ പപ്പുവില്‍ സൃഷ്ടിക്കുന്ന കൗമാരദശ പദ്മരാജന് ഒരു മനഃശാസ്ത്രജ്ഞനെപ്പോലെ മലയാള ചലച്ചിത്ര പ്രേക്ഷകരിലേക്ക് പകര്‍ന്നു. തകര എന്ന ചെറുകഥ തന്നെയാണ് തകര എന്ന പേരില്‍ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായത്. തകരയും ചെല്ലപ്പനാശാരിയും എല്ലാം മുതുകുളത്ത് ജീവിച്ചിരുന്ന മനുഷ്യകഥാപാത്രങ്ങള്‍ കൂടിയായിരുന്നു. കാള, മാതുമൂപ്പന്‍, സുഭാഷിണി, പാടങ്ങള്‍, ആശാരിപ്പണി, നാട്ടു ചന്തകള്‍, വ്യാപാരം, ഗ്രാമപ്രദേശത്തെ മാനസിക വളര്‍ച്ചയില്ലാത്ത മനുഷ്യര്‍, കൊലപാതകം തുടങ്ങി ഭാവനയും ജൈവികതയും കൂടിച്ചേര്‍ന്ന അപൂര്‍വമായ രചനയായിരുന്നു തകരയുടേത്. നെടുമുടി വേണു എന്ന കുട്ടനാട്ടുകാരന്റെ ചെല്ലപ്പനാശാരിയെ മറക്കാന്‍ മലയാളികള്‍ക്കാവുമോ?.
ഞവരയ്ക്കൽ തറവാട്
പദ്മരാജന്റെ മരണശേഷം ഭരതന്, ആവാരം പൂ എന്ന പേരില്‍ തമിഴ് സംസ്കാരത്തിലേക്കും തകരയെ മാറ്റി. തമിഴിലും ആ ചിത്രം വിജയമായിരുന്നു. തകര എന്ന കഥയും കഥാപാത്രവും എല്ലാ ദേശത്തും സ്വീകരിക്കപ്പെടുന്നു എന്നതും കഥാകൃത്തിന്റെ പ്രതിഭ കൂടിയാണ്. ഹരിപ്പാടിനടുത്തുള്ള മുട്ടം എന്ന സ്ഥലത്ത് യഥാര്‍ഥത്തില്‍ നടന്ന കൊലപാതകമാണ് ഇതാ ഇവിടെ വരെ എന്ന നോവലായത്. ഇത് പിന്നീട് 1977-ല്‍ ഐ. വി. ശശി ചലച്ചിത്രമാക്കി. താറാവുപറ്റങ്ങളെ കൊണ്ടുവരുന്ന പൈലിയേയും നായകനായ വിശ്വനാഥനേയും മറക്കാനാവില്ല. അന്നത്തെ ഓണാട്ടുകരയിലെ കാര്‍ഷിക ജീവിതങ്ങളുടെ ഒരു രേഖ ഇതാ ഇവിടെ വരെയില്‍ കാണാം.
കള്ളന് പവിത്രന് എന്ന സിനിമയിലും ഗ്രാമീണാന്തരീക്ഷങ്ങള് പദ്മരാജന് ഉപയോഗിച്ചു. അരിമില്ല്, മോഷണം, പാത്രക്കച്ചവടം, ദാരിദ്ര്യം, ബഹുഭാര്യാത്വം എന്നിവ കഥാസംസ്കൃതിയായി മാറ്റുന്നു. ഗ്രാമീണ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയെ അതേ പോലെ പദ്മരാജന് തന്റെ ക്യാമറയില്‍ പകര്‍ത്തി.
ഓണാട്ടുകരയിലെ രണ്ട് സാഹിത്യകാരന്മാരുടെ രചനകളെ പദ്മരാജന് തന്റെ രണ്ട് ചലച്ചിത്രങ്ങള്‍ക്ക് അവലംബമാക്കിയിട്ടുണ്ട്. മാവേലിക്കര സ്വദേശിയായ കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം എന്ന കഥ നമുക്ക് മാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളായി പദ്മരാജന് ആവിഷ്കരിച്ചു.
മറ്റൊന്ന് ചെങ്ങന്നൂര്‍ സ്വദേശിയായ സജിനി പവിത്രന്റെ ഒരു റേഡിയോ നാടകം അവലംബിച്ച് പദ്മരാജന് തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമ എഴുതി. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ നമ്മുടെ ജീവിത പരിസരത്തെ യാഥാര്‍ത്ഥ്യം തന്നെയാണെന്ന് ആ ചിത്രം തെളിയിച്ചു. സര്‍പ്പം കോലംതുള്ളലും മറ്റും ഓണാട്ടുകരയിലെ മറ്റൊരു അനുഷ്ഠാനരൂപമാണ്. ഒഴിവുകാലം എന്ന സിനിമയില്‍ പദ്മരാജന് ആ അനുഷ്ഠാനത്തെയും കഥാന്തരീക്ഷത്തില്‍ സമര്‍ഥമായി കൊണ്ടുവന്നു. ഞാന്‍ ഗന്ധര്വന് എന്ന സിനിമയിലും ഓണാട്ടുകരയടക്കം നമ്മുടെ ഗ്രാമീണവും അനുഷ്ഠാന പരവുമായ ഗന്ധര്വസങ്കല്പ്പങ്ങളെ വിശ്വാസരീതിയായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. പാലപ്പൂക്കളുടെ ഗന്ധവും ഓണാട്ടുകരയിലെ ഗ്രാമീണതയില്‍ നിന്നു തന്നെ..
ഓണാട്ടുകര
കാര്‍ഷിക സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു അന്‍പതുകളില്‍ മുതുകുളം ഉള്‍പ്പെടെയുള്ള ഓണാട്ടുകര. ചക്രപ്പാട്ടുകളുടേയും ധനുമാസത്തിലെ തിരുവാതിരപ്പാട്ടുകളുടേയും കൊയ്തെടുത്ത കറ്റകളുടെ ഗന്ധം വമിക്കുന്ന വീട്ടന്തരീക്ഷത്തിന്റെയും ഇടയില്‍ വളര്‍ന്ന പദ്മരാജന്റെ ബാല്യകാലം. കൊയ്ത്തു കാലത്തെ രാത്രികളില്‍ റാന്തലിന്റെ വെളിച്ചവും തവളപിടിത്തകാരുടെ പെട്രോമാക്സിന്റെ വെട്ടവുമൊക്കെ ഫോട്ടോഗ്രാഫിക് മെമ്മറിയുടേതായ ദൃശ്യഭാഷയുടെ ബീജം കുട്ടിയായ പദ്മരാജനില്‍ മുളച്ചു എന്നും പറയാം.
ശിവാജിഗണേശന്റെ ഫാനായ പദ്മരാജന്
സ്കൂള്‍ കാലയളവില്‍ ഞവരയ്ക്കല്‍ തറവാട്ടിലെ കാരണവര്‍ ആയിരുന്ന കുഞ്ഞിക്കൃഷ്ണന് നായരാണ് പദ്മരാജനെ ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. മുതുകുളത്തുള്ള പുന്തിലേത്ത് കൊട്ടകയിലാണ് അന്ന് പദ്മരാജന് ആദ്യസിനിമ കാണുന്നത്. അധികവും തമിഴ് സിനിമകളാണ് അന്ന് കൊട്ടകകളില്‍ കളക്ഷന്‍ വാരിയിരുന്നത്. പതുക്കേ പതുക്കേ ശിവാജി ഗണേശന് ആരാധകനായി പദ്മരാജന് മാറി.
മുതുകുളത്തെ ഗാട്ടാഗുസ്തിക്കാലം
കൊല്ലത്തു നിന്നും പേരു കേട്ട ഫയല്വാന്മാര് വന്ന് ഗ്രാമങ്ങളില്‍ ഗാട്ടാ ഗുസ്തി മത്സരം അരങ്ങേറുന്ന കാലമായിരുന്നു മുതുകുളത്തെ അന്‍പതുകള്‍.. രണ്ടണയാണ് കാണാനുള്ള ടിക്കറ്റ് ചാര്‍ജ്. അത് കാണാന്‍ സഹോദരന്മാരുമൊത്ത് പദ്മരാജന് പോകും. ഫയല്വാന്മാരുടെ ജീവിതത്തെ നേരിട്ടറിഞ്ഞ ബാല്യകാലം കൊണ്ടായിരിക്കണം പിന്നീട് മാസ്റ്റര്‍പീസ് ചലച്ചിത്രമായ ഒരിടത്തൊരു ഫയല്വാന് പദ്മരാജന് സൃഷ്ടിച്ചത്.
മുതുകുളത്തെ വായനയും എഴുത്തും
സ്കൂളില്ലാത്ത ദിവസങ്ങളില്‍ പാടത്ത് എള്ളിനിടയിലുള്ള കള പറിക്കുന്ന ജോലിയൊക്കെ കുട്ടിയായ പദ്മരാജന് ചെയ്യും. ആ ജോലിയില്‍ ഏകാന്തതയും സര്‍ഗാത്മാകതയും കൗമാരക്കാരനായ പദ്മരാജനെ പിടികൂടിയിരുന്നു എന്നു കാണാം. ചൂണ്ടല്‍ എന്ന പ്രസിദ്ധമായ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിച്ച കഥയുടെ അന്തരീക്ഷം തന്നെ മുതുകുളത്തെ ഈ ഏകാന്തമായ കാലത്തിന്റെ ചിന്താധാരകള്‍ തന്നെ… ഏവൂരുള്ള ദേശബന്ധു വായനശാലയിലേക്ക് രണ്ടണയ്ക്ക് വാടകക്ക് സൈക്കിള്‍ എടുത്ത് പുസ്തകങ്ങള്‍ എടുക്കാന്‍ സായാഹ്നങ്ങളില്‍ പദ്മരാജന് പോകുമായിരുന്നു. ആ യാത്രകളിലൊക്കെ ഗ്രാമത്തിലെ കഥയും കഥാപാത്രങ്ങളുമൊക്കെ പദ്മരാജനില്‍ ചേക്കേറി ത്തുടങ്ങിയിരുന്നു.
ആദ്യകഥ
സ്കൂളില്‍ പോകുമ്പോള്‍ കായലോര പ്രദേശം കൂടിയായ അവിടമാകെ തൊണ്ടുതല്ലുകാരികള് ജോലി ചെയ്യുന്നത് കാണുമായിരുന്നു. അവരെ കുറിച്ച് 1954-ല്‍ ഒന്‍പതാം വയസില്‍ സ്കൂളിന്റെ കൈയെഴുത്തു മാസികയില്‍ പ്രസിദ്ധീകരിച്ച ജീവിതസമരം എന്ന കഥയാണ് പദ്മരാജന് എഴുതിയ ആദ്യകഥ.
ഓണാട്ടുകരയിലെ സര്‍പ്പകഥകള്‍, മുത്തശ്ശിക്കഥകള്‍, പുരാണ കഥകള്‍, ഇതെല്ലാം കഥ പറച്ചിലുകാരിയായ ദേവകിയമ്മയുടെ ഇടയിലൂടെ വളര്‍ന്ന പദ്മരാജന്റെ കൗമാര കാലം പിന്നീട് വലിയ ഒരു കഥാകാരനാക്കി മാറ്റി എന്നും പറയാം. ഓണാട്ടുകരയിലെ നാട്ടുജീവിതത്തിലും നാട്ടുചട്ടമ്പികളിലും പദ്മരാജന്റെ നിരീക്ഷണം എത്തി നിന്നു.
മുതുകുളം കലാസംഘം
1963-ല്‍ പദ്മരാജന്, പദ്മധരന്‍, ശ്രീകുമാരന്‍ തമ്പി ഇവരെല്ലാം ചേര്‍ന്ന് മുതുകുളം കലാസമിതി രൂപവത്കകരിച്ചു. 1975-ല്‍ മുതുകുളം ഫിലിം സൊസൈറ്റിയും ആരംഭിച്ചു.
ഓണാട്ടുകരയിലെ ഉത്സവകാലം
നാടന്‍ ചട്ടമ്പിമാരുടെ കിടമത്സരത്തിനു പുറമേ ഉത്സവങ്ങളില്‍ ഹരികഥ പോലുള്ള കലാരൂപങ്ങള്‍ അന്ന് അമ്പലപ്പറമ്പുകളില്‍ അരങ്ങേറും. ഈ അന്തരീക്ഷം തന്റെ ആദ്യ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തില്‍ പദ്മരാജന് ആവിഷ്കരിച്ചിട്ടുണ്ട്. ഹരിപ്പാട് സരസ്വതി അമ്മാള്‍, ജയലക്ഷ്മി ശ്രീനിവാസന് എന്നിവരുടെ ഹരികഥ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത ഗ്രാമം, കാളവണ്ടികള്‍, തടിമില്ലുകള്‍, പുഴയും കടത്തു തോണിയും, നാട്ടു കവലകള്‍, ചക്കിലാട്ടുന്ന എണ്ണ, തൊഴില്‍ പരിസരങ്ങള്‍, സൈക്കിള്‍, കായലോരം, ഷാപ്പ്, ചായക്കടകള്‍, ഉത്സവരാത്രി, കൊലപാതകങ്ങള്‍, ഇതെല്ലാം പെരുവഴിയമ്പലത്തില്‍ കടന്നുവരുന്നുണ്ട്. ഇതെല്ലാം ഓണാട്ടുകരയിലെ ദേശചിഹ്നങ്ങള്‍ കൂടിയായിരുന്നു.
ചെമ്പകപ്പൂക്കള്‍
അമ്മയായ ദേവകിയമ്മയുടെ ഓര്‍മ്മയ്ക്ക് മുതുകുളത്തെ ചെമ്പകത്തെപ്പറ്റി പദ്മരാജന് എഴുതിയ കഥയാണ് കിഴക്കേ മുറ്റത്തെ ചെമ്പകം എന്ന ചെറുകഥ.. അതേ ചെമ്പകമരത്തിന്റെ നിഴലിലിരുന്ന് മകന് അനന്തപദ്മനാഭന് എല്ലാ വര്‍ഷവും ശ്രാദ്ധമിടുന്നു. മലയാളികളും പദ്മരാജന്റെ ആരാധകരും ഗന്ധര്വസ്മരണയ്ക്കു മുന്നില്‍ ഓണാട്ടുകരയില്‍ പദ്മരാജന്റെ സ്മൃതിമണ്ഡപം തേടിയെത്തുന്നു. ദേശാടനക്കിളികളെ പോലെ..
പദ്മരാജനും അമ്മയും
സംഗീതം
കുട്ടിയായപ്പോള്‍ പദ്മരാജന് ഇടത്തേ കാലില്‍ ഒരു പരുവന്നു. ഓപ്പറേഷന് ചെയ്തു നീക്കിയപ്പോള്‍ ദിവസങ്ങളോളം കുഞ്ഞായ പദ്മരാജന് കരഞ്ഞു. സംഗീത പണ്ഡിതയായ അമ്മ ദേവകിയമ്മ പഴയ ഗ്രാമഫോണിലൂടെ ത്യാഗരാജ കീര്‍ത്തനങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടാണ് പദ്മരാജന്റെ കരച്ചില് മാറ്റിയിരുന്നത്. സംഗീതബോധം പദ്മരാജനില്‍ ജനിക്കാനും ഈ അനുഭവത്തില്‍ നിന്നാകാം. കുളഞ്ഞിയില്‍ രാമന്‍പിള്ള ഭാഗവതരുടെ കീഴില്‍ സംഗീതവും കുഞ്ഞായ പദ്മരാജന് പഠിച്ചു. പിന്നീട് യൗവനകാലത്ത് ഒരു നാടകത്തിന് വേണ്ടി പദ്മരാജന് സംഗീത സംവിധാനം നിര്‍വഹിച്ചതും അപൂര്‍വമായ കാര്യമാണ്. ശ്രീകുമാരന്‍ തമ്പിയാണ് മൂന്ന് ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയത്. സഹോദരിയും സഹോദരന്മാരുമൊക്കെ ഗായകരായി മാധവന്‍പിള്ള, പദ്മധരന്‍ ശ്രീലത, പദ്മപ്രഭ എന്നിവര്‍ പദ്മരാജന്റെ സംഗീതത്തില്‍ ആലപിച്ചു. വസന്തരാവിന്റെ സൗരഭം, ഇന്നലെ ഞാനൊരു സ്വപ്നം, ചെപ്പോ ചെപ്പോ കണ്ണാടി എന്നീ ഗാനങ്ങളാണവ.
പഠനകാലം
നിലത്തെഴുത്താശാനായിരുന്ന മുതുകുളം കുമാരസ്വാമി ആശാന് എഴുത്തു പള്ളിക്കൂടത്തില്‍ ആണ് പദ്മരാജന് ഹരിശ്രീ കുറിക്കുന്നത്. സംസ്കൃത പണ്ഡിത കൂടിയായ അമ്മ ദേവകിയമ്മയ്ക്ക് മകന് പദ്മരാജനേയും സംസ്കൃതം പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായി. തന്റെ ഗുരുവും മഹാ പണ്ഡിതനുമായിരുന്ന ചേപ്പാട്ട് അച്യുതവാര്യര്‍ ആശാനില്‍ നിന്നുമാണ് പദ്മരാജന് സംസ്കൃതം കുഞ്ഞുനാളില്‍ തന്നെ പഠിക്കാന്‍ തുടങ്ങി. ചിങ്ങനല്ലൂര്‍ എല്‍.പി. സ്കൂള്‍ ചിങ്ങോലി , മുതുകുളം ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് പദ്മരാജന് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]