കൊച്ചി: നഗരം ഇനി സാക്ഷ്യം വഹിക്കുക സംഗീത സാന്ദ്രമായ ആഘോഷരാവുകള്‍ക്ക്. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റി ഓഫ് ഫ്യൂച്ചര്‍ ആഘോഷമാക്കിമാറ്റുവാന്‍ കൊച്ചിയില്‍ എത്തുന്നത് ബോളിവുഡ് ഗായകന് അര്മാന് മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ത്രസിപ്പിക്കുന്ന സംഗീതമഴ തീര്‍ക്കാന്‍ വിവിധ മ്യൂസിക് ബാന്‍ഡുകളും എത്തും. ഇന്‍ഡി ഫോക്, പോപ് ബാന്‍ഡുകളും ഇലക്ടോണിക് സംഗീതകാരന്മാരും വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാകും വരുംനാളുകളില്‍ മെട്രോ നഗരത്തിനായി ഒരുക്കുക. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന് വരെയുള്ള ദിനങ്ങളില്‍ പതിനേഴോളം സംഗീതകലാകാരന്മാരുടെ മാസ്മരിക പ്രകടനത്തിന് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വേദിയാകും. ടിക്കറ്റുകള്‍ ബുക്ക് മൈഷോയില്‍ ലഭ്യമാണ്.
ബോളിവുഡ് താരഗായകന്‍ അര്മാന് മാലിക് ജനുവരി 26നാണ് കൊച്ചിയിലെത്തുന്നത്. ഇന്ത്യയുടെ പോപ് സെന്സേഷന് ആയ അര്മാന് മാലികിന്റെ സംഗീത പരിപാടിക്ക് കേരളത്തില്‍ വലിയ രീതിയില്‍ ആരാധകരുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണി മുതല്‍ കൊച്ചിക്കാര്‍ക്ക് അര്മാന് മാലിക് ഷോ ആസ്വദിക്കാം. അന്നേദിവസം തന്നെ വൈകീട്ട് ആറ് മണിക്ക് പ്രമുഖ മ്യുസീഷന് ആയ മുബാസ് എന്ന മുഹമ്മദ് മുബാസിന്റെ സംഗീത പരിപാടിയും വേദിയില്‍ അരങ്ങേറും. താളാത്മകമായ കഥപറച്ചിലുമായെത്തുന്ന 43 മൈല്‍സ്, കര്‍ണാട്ടിക് മ്യൂസിക് തരംഗവുമായ് അഗം എന്നീ ബാന്‍ഡുകളാണ് ജനുവരി 27 ന് എത്തുന്നത്. വൈകുന്നേരം 6.30 നും രാത്രി എട്ട് മണിക്കുമാണ് സംഗീത സന്ധ്യ നടക്കുക. ജനുവരി 28 മറ്റഡോറിയ മ്യൂസിക് ബാന്‍ഡ്, ഫ്ലോക്, റോക്ക് മ്യൂസിക് ഫ്യൂഷനുമായി മസാല കോഫി മ്യൂസിക് ബാന്‍ഡ് എന്നിവരും പ്രേക്ഷകര്‍ക്ക് മുന്പിലെത്തും.
29 വൈകീട്ട് 6.30ന് ഡിജെ പാര്‍ട്ടി വൈബുമായി ഡിജെ നോയ്സ്, രാത്രി 8 മണിക്ക് ഇലക്ട്രോണിക് മ്യൂസിക് തരംഗവുമായി ലെ ട്വിന്‍സ് എന്നീ ബാന്‍ഡുകളും കൊച്ചിയില്‍ എത്തും. ജനുവരി 30-ന് ഷാന്ക ട്രൈബ്സ്, ചായ് മെറ്റ് ടോസ്റ്റ് എന്നിവരും വേദിയില്‍ പ്രകടനത്തിനെത്തും. 31ന് മൂന്ന് ഷോകളാണുള്ളത്. സ്ട്രീറ്റ് അക്കാദമിക്സ്, എംസി കൂപ്പര്‍, റിബിന് റിച്ചാര്‍ഡ് തുടങ്ങിയവരുടെ സംഗീത പരിപാടിക്കും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സാക്ഷ്യംവഹിക്കും.
ഫ്യൂച്ചര്‍ ഓഫ് സമ്മിറ്റിന്റെ സമാപന ദിവസമായ ഫെബ്രുവരി ഒന്നിന് നാല് ബാന്‍ഡുകളാണ് കൊച്ചിക്ക് സംഗീതനിശ സമ്മാനിക്കാന്‍ എത്തുന്നത്. ഡിജെ ജെയിംസ് ബാന്‍ഡിന്റെ ഷോയിലൂടെ സംഗീത പരിപാടിക്ക് തുടക്കം കുറിക്കും. പിന്നീട് ഡിജെ അറെസ്, ഡിജെ സെഫര്ടോണ്, തുംഗ് വാഗ് തുടങ്ങിയ ബാന്‍ഡുകളും വേദിയില്‍ എത്തും.
ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ഉച്ചകോടിയില്‍ സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക്കല്‍ ഇവന്റ് ഒഴികെ മറ്റെല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് അമ്പത് രൂപ മുതലാണ് പ്രവേശന ഫീ.
സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര് പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242, futuresummit.in
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]