ബോളിവുഡ് താരം സെയ്ഫ് അലിഖാന് മോഷണ ശ്രമത്തിനിടെ ഗുരുതരമായി കുത്തേല്‍ക്കുകയും നട്ടെല്ലിനടക്കം പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത സിനിമാ ലോകത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. കാരണം, അത്രമാത്രം സുരക്ഷാസന്നാഹങ്ങളോടെ താമസിക്കുന്ന ഒരു നടന്. പഴയ നവാബ് പാരമ്പര്യത്തിലെ ഒടുവിലത്തെ കണ്ണി. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള നടന്. ഒപ്പം ബോളിവുഡ് സിനിമയുടെ തലവര മാറ്റിയ കപൂര്‍ ഫാമിലിയിലെ മരുമകന്. അദ്ദേഹം പോലും സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവ് കൂടിയായിരുന്നു ഈ ഞെട്ടലിന് കാരണം.
ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടില്‍നിന്ന് സ്വയം ഇറങ്ങിവന്ന് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടിയ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയടക്കമുള്ള ചികിത്സകൾ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പക്ഷെ, അഞ്ച് ദിവസത്തിനകം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ട് സെയ്ഫ് വീട്ടിലെത്തിയതോടെ പലരും അത്ഭുതപ്പെട്ടു. ഇത്രപെട്ടെന്ന് മുറിവുകൾ ഭേദപ്പെട്ട് തിരിച്ചുവരാനാകുന്ന പരിക്ക് മാത്രമേ സെയ്ഫിന് ഉണ്ടായിരുന്നുള്ളൂ എന്നതാണ് അത്ഭുതത്തിന് കാരണം.
പി.ആര് പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കം വിമര്‍ശനമുയര്‍ന്നു. ഇത് വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഏറ്റെടുക്കുകയും ട്രോളുകളായും മീമുകളായും സോഷ്യല്‍മീഡയയില്‍ വലിയതോതിൽ പ്രചരിക്കുകയും ചെയ്തു. ഒരാൾ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ട് പെട്ടെന്ന് തിരികെവന്നതാണ് ഇക്കൂട്ടരുടെ പ്രശ്നമെന്ന് ചോദിക്കുന്നവരും കുറവല്ല.
നടന്റെ പെട്ടെന്നുള്ള സുഖപ്പെടലിന് ആധുനിക ചികിത്സാരീതികൾക്കാണ് നന്ദിപറയേണ്ടതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പഴയകാലത്തുനിന്ന് വ്യത്യസ്തമായി ചികിത്സാരീതികളിലും രോഗനിര്ണയത്തിലുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. റോബോട്ടിക്ക് ലേസര്‍ എ.ഐ ചികിത്സാരീതികളുമൊക്കെ ചികിത്സാരംഗത്ത് പുതു ചരിത്രമെഴുതിച്ചേര്ക്കുന്നു. മുറിവ് പറ്റിയാല്‍ നൂലുകൊണ്ട് തുന്നിച്ചേര്‍ത്ത് ദീര്‍ഘനാളത്തെ വിശ്രമത്തിന് ശേഷം തിരിച്ചുവരുന്നതിന് ഇന്ന് മാറ്റം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനൂതന സാങ്കേതിക വിദ്യകളടക്കം ചികിത്സയുടെ ഭാഗമായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സെയ്ഫ് അലിഖാന് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സെയ്ഫിനെ പോലെ രാജ്യത്തെ പ്രമുഖരിലൊരാള്ക്ക് അപകടം പറ്റുമ്പോള്‍ തങ്ങള്‍ക്ക് കൊടുക്കാന്പറ്റുന്ന ഏറ്റവും ആധുനിക ചികിത്സതന്നെയാണ് ആശുപത്രി അധികൃതര്‍ സെയ്ഫിന് നല്‍കിയത്. ഇക്കാര്യം അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും ഉറപ്പിക്കുന്നുണ്ട്. എന്നാൽ, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടിൽനിന്ന് സെയ്ഫിന് ലഭിച്ച ചികിത്സയെ കാണുമ്പോൾ ആശുപത്രി അധികരുടെ വാദം പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ലതാനും.
സെയ്ഫിന്റെ ഡിസ്ചാര്‍ജ് വിവാദത്തില്‍ കാര്യമായ ചര്‍ച്ച നടക്കുമ്പോള്‍ ബെംഗളൂരുവിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ദീപക് കൃഷ്ണമൂര്‍ത്തി തന്റെ അമ്മയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവെച്ചിരുന്നു. 78 വയസ്സായ അമ്മ എല്ല് പൊട്ടിയ കാലുമായി നടക്കുന്ന വീഡിയോ ആണിതെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വോക്കിങ് സ്റ്റിക് വെച്ച് അമ്മ നടക്കുന്ന അന്നുതന്നെയായിരുന്നു അവര്‍ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടന്നത്. സെയ്ഫ് അലിഖാന് നടത്തിയ ശസ്ത്രക്രിയയെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും വിവാദങ്ങള്‍ ഉയർത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
സെറിബ്രോസ്പൈനല്‍ ഫളൂയിഡ് ലീക്കായിരുന്നു പ്രധാനമായും സെയ്ഫിനുണ്ടായതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ബൈപ്പാസ് ശസ്ത്രക്രിയക്ക് ശേഷം പോലും ആളുകള്‍ക്ക് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കാനും കോണിപ്പടികള്‍ കയറാനുമാവുമെന്നകാര്യം ഒരു ഹൃദയാരോഗ്യ വിദഗ്ധനെന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയും. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിക്കുന്നതിന് മുന്നെ അറിയാത്ത കാര്യങ്ങളേക്കുറിച്ച് സ്വയം പഠിക്കാന്‍ തയ്യറാവണമെന്നും ഡോക്ടര്‍ പറയുന്നു.
‘ബ്യൂട്ടി ഓഫ് മോഡേണ്‍ മെഡിസിന്’ എന്നാണ് സെയ്ഫിന്റെ ആരോഗ്യനിലയേക്കുറിച്ച് ഡോ. അമിത് തദാനി എക്സില്‍ കുറിച്ചത്. പുതിയകാലത്ത് ഗുരുതരമായ നട്ടെല്ല് ശസ്ത്രക്രിയപോലും ഒരു ദിവസം കൊണ്ട് ചെയ്യാന്‍ പറ്റുന്നതും ബെഡ് റെസ്റ്റ് ആവശ്യമില്ലാത്തതുമായി മാറിയിട്ടുണ്ട്. മോഷ്ടാവിനെ പ്രതിരോധിക്കുന്നതിനിടെയാണ് കത്തി സെയ്ഫിന്റെ ദേഹത്ത് കയറിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ നട്ടെല്ലിന്റെ ഏതെങ്കിലും ഭാഗത്തിനടുത്തേക്ക് കത്തി ചെരിഞ്ഞ് കയറിപ്പോയതാവാം. ഒരുപക്ഷെ, നേരിട്ട് നട്ടെല്ലിന് കുത്തേല്‍ക്കുകയും നട്ടെല്ല് തകര്‍ത്ത് അത് കയറിപ്പോവുകയും ചെയ്തിരുന്നുവെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നു. പക്ഷെ, അങ്ങനെയുണ്ടായില്ലെന്നത് എല്ലാവരുടേയും ഭാഗ്യം. നടന്റെ പെട്ടെന്നുള്ള തിരിച്ചുവരവിന് ഇത് കാരണമായേക്കാമെന്നും അമത് തദാനി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]