കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുമെന്നും മാര്‍ച്ചിന് മുന്നെ പ്രഖ്യാപനമുണ്ടാവുമെന്നും അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍നായരുടെ മകള്‍ അശ്വതി വി. നായര്‍. പ്രഖ്യാപനം കഴിഞ്ഞ് ഒന്നരവര്‍ഷത്തോളം പ്രീപ്രൊഡക്ഷന് ജോലിയുണ്ടെന്നും അവർ പറഞ്ഞു. കോഴിക്കോട് കെ.എല്‍.എഫ് വേദിയില്‍ ‘മനോരഥങ്ങള്‍- എം.ടിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അശ്വതി.
സിനിമയ്ക്കാവശ്യമായ എല്ലാ വസ്തുക്കളേക്കുറിച്ചും എം.ടി നേരത്തെതന്നെ എഴുതിവെച്ചിട്ടുണ്ടെന്നും അത് ഒരു സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണെന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി കാണാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് നടക്കുമെന്ന് തന്നെയാണ് വിശ്വാസം. രണ്ടാമൂഴം സിനിമയാക്കാന്‍ അദ്ദേഹം എഴുതിവെച്ച കുറച്ച് സ്ക്രിപ്റ്റ് ഇപ്പോഴുമുണ്ട്, അശ്വതി പറഞ്ഞു.
മഞ്ഞ് നോവല്‍ സിനിമയാക്കാനും കുറെ പേര് സമീപിച്ചിരുന്നു. ചില പുസ്തകം വായിച്ചിട്ട് അതിലൊരു സിനിമാറ്റിക് മെറ്റീരിയലുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അശ്വതി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷബിത പരിപാടിയുടെ മോഡറേറ്ററായി.
പല വന്‍കിട കമ്പനികളും രണ്ടാമൂഴം സിനിമയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നേരത്തെ പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. സംവിധായകന് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഒപ്പിട്ടെങ്കിലും നിര്‍മാണം തുടങ്ങുന്നത് നീണ്ടുപോയതോടെ എം.ടി നിയമ നടപടികളിലൂടെ കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇത് വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ സിനിമ തുടങ്ങുമെന്ന എം.ടിയുടെ മകളുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകര്‍ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]