ഓരോ ചിത്രവും ചരിത്രമാണ്. മാഞ്ഞുപോയ ഒരു കാലം മറവിയുടെ തിരശ്ശീലക്കപ്പുറത്തു നിന്ന് നിമിഷാര്‍ദ്ധം കൊണ്ട് വീണ്ടെടുത്തു തരാന്‍ കഴിയും അവയ്ക്ക്.
അര നൂറ്റാണ്ടിലേറെക്കാലം മുന്‍പ് ഒരു കൗമാരക്കാരന്റെ ക്യാമറയില്‍ പതിഞ്ഞ ഈ ചിത്രങ്ങളിലുമുണ്ട് ദീപ്തമായ ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിന്റെ ഹൃദയത്തുടിപ്പുകള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെക്കപ്പെടുമ്പോള്‍ അവ ഒപ്പിയെടുത്ത് അനശ്വരമാക്കിയ വിരലുകള്‍ മാത്രം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. എത്രയും വേഗം ചിത്രം വെര്‍ച്വല്‍ വാനവീഥിയിലേക്ക് ഒഴുക്കിവിടാനുള്ള തിടുക്കത്തില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അത് ക്ലിക്ക് ചെയ്ത വിരലുകളുടെ ഉടമയെ തിരഞ്ഞുപോകാന്‍ ആര്‍ക്കുണ്ട് സമയവും സാവകാശവും?
പക്ഷേ, തിരയാതിരിക്കാന്‍ ആകുമായിരുന്നില്ല എനിക്ക്. ഉള്ളിലൊരു ജിജ്ഞാസാഭരിതനായ ചരിത്രാന്വേഷിയുണ്ടല്ലോ. ഗായകന് ജയചന്ദ്രന്റെ യൗവനസുരഭില കാലത്തുനിന്നുള്ള അപൂര്‍വ ചിത്രങ്ങളാണ്. വിളമ്പുകാരനും മേളക്കാരനും ആര്പ്പുവിളിക്കാരനുമൊക്കെയായി ഭാവഗായകന് പകര്‍ന്നാടുന്ന പടങ്ങള്‍. ആരുടെ ക്യാമറാ ഫ്രെയിമിലായിരിക്കാം ഈ രസികന്‍ നിമിഷങ്ങള്‍ പതിഞ്ഞിരിക്കുക?
രാജൻ പൊതുവാൾ. ഫോട്ടോ: മധുരാജ്
യഥാര്‍ത്ഥ ‘ഛായാഗ്രാഹക’നെ കണ്ടെത്തിയപ്പോള്‍ അത്ഭുതം തോന്നി; ആഹ്ളാദവും. വര്‍ഷങ്ങളായി പരിചയമുള്ള ആള്. പഴയ സഹപ്രവര്ത്തകന്. കുട്ടിക്കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ ബൈലൈനിന്റെ ഉടമ: രാജന് പൊതുവാള്. മാതൃഭൂമിയുടെ മുന്‍ ഫോട്ടോ എഡിറ്റര്‍. കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച വാര്ത്താചിത്രമെടുപ്പുകാരില് ഒരാള്‍.
ജയചന്ദ്രന്റെ ഈ പടങ്ങള്‍ യാഷിക്കയുടെ റോളിഫ്ളക്സ് ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് രാജന്. ഒപ്പം അച്ഛന്റെ കീഴില്‍ അല്പസ്വല്പം ഫോട്ടോഗ്രാഫി പഠനവുമുണ്ട്. രക്തത്തില്‍ അലിഞ്ഞുചേര്ന്നതാണല്ലോ പടമെടുപ്പു കമ്പം. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ അച്ഛന് പി രാമന് പൊതുവാള് ഒറ്റപ്പാലത്ത് നടത്തിവന്ന യുണൈറ്റഡ് സ്റ്റുഡിയോ ആണ് രാജന്റെ പരിശീലനക്കളരി. കലാസാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പലരും സ്റ്റുഡിയോയില്‍ പതിവുകാര്. ക്യാമറയുമായുള്ള പ്രണയബന്ധം തുടങ്ങുന്നത് അക്കാലത്താണ്. ഈ പടങ്ങളെടുത്തതും അതേ നാളുകളില്‍ തന്നെ. അതിനു പിന്നിലുമുണ്ട് വിധിയുടെ ഇടപെടല്‍.
അച്ഛന്റെ അടുത്ത സുഹൃത്താണ് ചെര്‍പ്പുളശ്ശേരി ഗവ സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന കുറുമാപ്പള്ളി കേശവന് നമ്പൂതിരി. നമ്പൂതിരിയുടെ അനിയന് പുരുഷോത്തമന് നമ്പൂതിരി ഒരിക്കല്‍ സ്റ്റുഡിയോയില്‍ വന്നപ്പോള്‍ കോളേജ് കുമാരനായ മകനെ ചൂണ്ടി അച്ഛനോട് ചോദിച്ചു: ‘രാമാ, ഇവനെന്താ പ്പൊ ഏര്‍പ്പാട് ?’
‘കാര്യായിട്ട് ഒന്നും ല്ല്യ. പഠിക്ക്യാണ്. എടക്ക് സ്റ്റുഡിയോയിലും കാണാം. ഫോട്ടോഗ്രാഫീല് സ്വല്പം കമ്പംണ്ട് ന്ന് തോന്നുണു.’ -രാമന് പൊതുവാള് പറഞ്ഞു.
എന്നാല്‍ നമുക്ക് ഇവനൊരു പണി കൊടുക്കാം എന്നായി കോളേജ് അധ്യാപകനായ പുരുഷോത്തമന് നമ്പൂതിരി. ‘പെരുന്തലക്കാട്ട് ഇല്ലത്ത് ഒരു വേളി വരണുണ്ട്. ഇവന് ചെന്ന് ഫോട്ടോ എടുക്കട്ടെ. നല്ലൊരു ട്രെയിനിംഗും ആവൂലോ..’ പുരുഷോത്തമന് നമ്പൂതിരിയുടെ അടുത്ത ബന്ധു കൂടിയായ സംഗീതജ്ഞന് പികെ കേശവന് നമ്പൂതിരിയാണ് വരന്. വധു നിര്‍മ്മലാദേവി. തൃശൂര്‍ തൈക്കാട്ടുശ്ശേരി തോക്കാട്ട് ആയുര്‍വേദ പണ്ഡിതന് ഇടി രവി മൂസ്സിന്റെ മകള്‍.
1974 ജൂണ്‍ എട്ടിന് വൈകീട്ട് അങ്ങനെ കേശവന് നമ്പൂതിരിയുടെ വേളി പകര്‍ത്താന്‍ യാഷിക്ക ക്യാമറയുമായി രാജന് പൊതുവാള് കോങ്ങാട്ട് പാറശ്ശേരിയിലെ പെരുന്തലക്കാട്ട് ഇല്ലത്ത് ഹാജരാകുന്നു. നേരത്തെ വധൂഗൃഹത്തില്‍ നടന്ന ചടങ്ങുകളും (കുടിവെപ്പ്) ക്യാമറയിലാക്കിയിരുന്നു പൊതുവാള്. കല്യാണച്ചടങ്ങില്‍ ‘ആദ്യാവസാനക്കാര’നായി ജയചന്ദ്രനുണ്ട്. കേശവന് നമ്പൂതിരിയുടെ ആത്മസുഹൃത്താണ് ജയചന്ദ്രന്. ചെന്നൈയില്‍ ഇരുവരും സഹവാസികള്‍. (ഇതേ കേശവന് നമ്പൂതിരിയുടെ ഈണത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ജയചന്ദ്രന്റെ എക്കാലത്തെയും ഹിറ്റ് ഭക്തിഗാന ആല്‍ബമായ പുഷ്പാഞ്ജലി പിറന്നത് എന്നത് മറ്റൊരു കൗതുകം.)
അമ്മയ്ക്കും ഭാര്യ ലളിതക്കുമൊപ്പമാണ് ജയചന്ദ്രന് വന്നത്. ഒരു വര്‍ഷമേ ആയിരുന്നുള്ളൂ അവരുടെ വിവാഹം കഴിഞ്ഞിട്ട്. സദ്യക്കിടെ ഭാര്യയ്ക്ക് ജയചന്ദ്രന് വിളമ്പിക്കൊടുക്കുന്നതും കൂട്ടുകാര്‍ക്കൊപ്പം നിന്ന് ആഘോഷിക്കുന്നതുമൊക്കെ സ്വാഭാവികതയോടെ ക്യാമറയില്‍ പകര്‍ത്തി രാജന്. ജയേട്ടന് ചെണ്ട കൊട്ടുന്ന പടമെടുത്തത് തലേന്നു രാത്രിയിലെ കൂട്ടായ്മയിലാവണം. പടങ്ങളൊക്കെ ചരിത്രമാകുമെന്നോ ഉണ്ണ്യേട്ടന്റെ വിവാഹ ആല്‍ബത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുമെന്നോ സങ്കല്പിച്ചിട്ടില്ല അന്ന്. ‘ചില ഫോട്ടോകളുടെ നിയോഗമാണത്.’ -പൊതുവാള് ചിരിക്കുന്നു.
പടങ്ങള്‍ക്ക് മാത്രമല്ല, പടമെടുത്ത ക്യാമറക്കുമുണ്ടൊരു ചരിത്രം. ‘പൂമുള്ളി അഞ്ചാം തമ്പുരാനുമായി അച്ഛന് നല്ല അടുപ്പമായിരുന്നു. സംഗീതത്തില്‍ അഗാധപാണ്ഡിത്യമുള്ള ആളാണ് രാമന് നമ്പൂതിരിപ്പാട്. ഒരിക്കല്‍ അച്ഛന്റെ കൂടെ മനയ്ക്കല്‍ ചെന്നപ്പോള്‍ എന്നെ ചൂണ്ടി തമ്പുരാന് ചോദിച്ചു: ഈ വിദ്വാന് ഇപ്പൊ എന്ത് ചെയ്യണു? സ്റ്റുഡിയോയില്‍ വരാറുണ്ടെന്ന് അച്ഛന് പറഞ്ഞപ്പോള്‍ അകത്തുചെന്ന് ഒരു ക്യാമറ എടുത്തു കൊണ്ടുവന്ന് എനിക്ക് സമ്മാനിച്ചു അദ്ദേഹം. ഒപ്പം ഒരനുഗ്രഹവും തന്നു; ഇതോണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ എന്ന്…’
ജയചന്ദ്രൻ ചെമ്പൈയ്ക്കൊപ്പം. ഫോട്ടോ: മധുരാജ്
സമ്മാനമായി കിട്ടിയ ആ യാഷിക്ക ക്യാമറ ഉപയോഗിച്ചാണ് ജീവിതത്തിലെ ആദ്യത്തെ ‘വിവാഹദൗത്യം’ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് രാജന് പൊതുവാള്. ‘രണ്ടു റോള്‍ ഫിലിമാണ് അച്ഛന് തരുക. പന്ത്രണ്ട് വീതം ഇരുപത്തിനാല് സ്നാപ്പ് എടുക്കാനേ പറ്റൂ അതില്‍. അതീവ സൂക്ഷ്മതയോടെ വേണം ക്ലിക്ക് ചെയ്യാന്‍. ഫിലിം പാഴാക്കരുതല്ലോ…’
അതേവര്‍ഷം തന്നെ ജയചന്ദ്രന്റെ മറ്റൊരു അപൂര്‍വ ഫോട്ടോ കൂട്ടി എടുക്കാന്‍ യോഗമുണ്ടായി പൊതുവാളിന്. സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭഗവതര്ക്കൊപ്പമുള്ള ആ പടവും വ്യാപകമായി പങ്കുവെക്കപ്പെടാറുണ്ട്. കഥകളിയിലെ ഇതിഹാസമായ കലാമണ്ഡലം കൃഷ്ണന് നായരാശാന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തൃപ്പൂണിത്തുറ കളിക്കോട്ടയില്‍ എത്തിയതായിരുന്നു ചെമ്പൈ. സംഗീത മാന്ത്രികനൊപ്പം നിന്ന് പടമെടുക്കുക എന്ന ഭാവഗായകന്റെ സ്വപ്നം സഫലമാക്കുകയായിരുന്നു പൊതുവാള്. അതേവര്‍ഷം ഒക്ടോബറില്‍ ഒറ്റപ്പാലത്തിനടുത്ത് പൂഴിക്കുന്ന് ക്ഷേത്രത്തില്‍ നടന്ന ചെമ്പൈയുടെ അവസാന കച്ചേരി ക്യാമറയില്‍ പകര്‍ത്തിയതും പൊതുവാള് തന്നെ. മറ്റൊരു വിധിനിയോഗം.
ജയചന്ദ്രനും കേശവൻ നമ്പൂതിരിയും
രണ്ടു വര്‍ഷം കൂടി കഴിഞ്ഞു ന്യൂസ് ഫോട്ടോഗ്രാഫറായി മാതൃഭൂമിയില്‍ പ്രവേശിക്കുന്നു പൊതുവാള്. വാര്‍ത്തകള്‍ക്കൊപ്പമുള്ള സംഭവബഹുലമായ ഒരു യാത്രയുടെ തുടക്കം. ആ യാത്രയില്‍ എത്രയോ ചരിത്രനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. എത്രയോ മഹാരഥന്മാരെ പരിചയപ്പെട്ടു; അവരുമായി സൗഹൃദം സ്ഥാപിച്ചു. കെപി കേശവമേനോനെയും എംടി വാസുദേവന്‍ നായരെയും വിഎം നായരേയും എംപി വീരേന്ദ്രകുമാറിനെയും പോലുള്ള പ്രഗത്ഭമതികള്‍ക്ക് കീഴില്‍ ജോലി ചെയ്തു. മുപ്പത്തെട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം 2014 ല്‍ വിരമിക്കുമ്പോഴേക്കും ഫോട്ടോഗ്രാഫി ഏറെ മാറിപ്പോയിരുന്നു. എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയായി, സ്വയം നവീകരിച്ചുകൊണ്ട് വാര്‍ത്തകള്‍ക്ക് പിറകെ സഞ്ചരിച്ചുകൊണ്ടിരുന്നു രാജന് പൊതുവാള്; പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജസ്വലതയോടെ.
ഇടയ്ക്കൊക്കെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍ എടുത്തു നോക്കുമ്പോള്‍ പൊതുവാളിന്റെ ഓര്‍മ്മയില്‍ പഴയൊരു യുഗം തെളിഞ്ഞുവരും. ഒരിക്കലും തിരിച്ചുവരാത്ത സ്നേഹസുരഭിലമായ ഒരു യുഗം. ഇങ്ങനേയും കുറെ ആളുകള്‍ ഉണ്ടായിരുന്നല്ലോ നമുക്ക് ചുറ്റും എന്ന് അത്ഭുതത്തോടെ ഓര്‍ക്കും അപ്പോള്‍. അവരെയൊക്കെ കാണാനും പരിചയപ്പെടാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞുവെന്നത് ഔദ്യോഗിക ജീവിതം കനിഞ്ഞു നല്കിയ സൗഭാഗ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]