
വാത്സല്യവും സ്നേഹവും കുസൃതിയും നിറയുന്ന ചിരിയോടെ എഴുപത്തിയാറാമത്തെ വയസ്സിൽ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമകൾക്കിന്ന് മൂന്നുവയസ്സ്.
കണ്ണൂർ പയ്യന്നൂർ പുല്ലേരി വാധ്യാരില്ലത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ‘ദേശാടനം’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേയ്ക്ക് വരുന്നത്. മൂത്ത മകൾ ദേവകിയുടെ ഭർത്താവും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വഴിയായിരുന്നു സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. നാല് തമിഴ് സിനിമകളടക്കം 22 സിനിമകളിലാണ് അഭിനയിച്ചത്. മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അതുതന്നെ ധാരാളമായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, രജനികാന്ത്, ജയറാം, ദിലീപ്, സുരേഷ് ഗോപി, മുരളി എന്നിവർക്കൊപ്പം അച്ഛനും മുത്തച്ഛനുമായി അദ്ദേഹം അഭിനയിച്ചു. ദിലീപ് നായകനായ കല്യാണരാമൻ അടക്കമുള്ള സിനിമയിൽ അദ്ദേഹം അഭിനയിച്ച രംഗങ്ങൾ ഇന്നും മലയാളികളെ രസിപ്പിക്കുന്നു.
സിനിമയിൽ കണ്ട രസികനായ അച്ഛൻ തന്നെയായിരുന്നു ജീവിതത്തിലും എന്ന് മകനും കേരള ഹൈക്കോടതി ജഡ്ജിയുമായ പി.വി. കുഞ്ഞികൃഷ്ണൻ മുൻപ് പറഞ്ഞിരുന്നു. ചായയിൽ ഒരു സ്പൂൺ മധുരം അധികം വേണമെന്നത് നിർബന്ധമുള്ള, ഉച്ചയ്ക്ക് ചൂടുചോറിൽ പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്ന മധുരപ്രിയനായിരുന്നു അദ്ദേഹം. മധുരത്തോടുള്ള ഈ പ്രിയമായിരിക്കാം അദ്ദേഹത്തിന്റെ ചിരിക്കും അത്രമേൽ മധുരം പകർന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും അദ്ദേഹത്തിന് ഇടമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് എ.കെ.ജി. അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരെ ഇല്ലത്ത് ഒളിവിൽ താമസിപ്പിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
2021 ജനുവരി 20-ന് 97-ാമത്തെ വയസ്സിലായിരുന്നു മരണം. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ നൽകുന്നത് നടൻ മധുവിനാണ്. ജനുവരി 25-ന് മധുവിന്റെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പുരസ്കാരം കൈമാറും.
മൂത്ത മകൻ കർണാടക ബാങ്ക് റിട്ട. സീനിയർ മാനേജർ ഭവദാസനും കുടുംബവുമാണ് പയ്യന്നൂരെ ഇല്ലത്തുള്ളത്. മറ്റൊരു മകൾ യമുന എറണാകുളത്താണ് താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]