
സ്ഥിരം മാനറിസങ്ങളും ശരീരഭാഷയും മാറ്റിവെച്ച് അടിമുടി ‘ഓസ്ലറാ’യി നമ്മെ വിസ്മയിപ്പിക്കുന്ന പുതിയൊരു ജയറാം, മിഥുൻ മാനുവൽ തോമസ് സംവിധാനംചെയ്ത ‘അബ്രഹാം ഓസ്ലർ’ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിനെയും കീഴടക്കുന്നത് ജയറാമിന്റെ ഈ മാസ്മരികപ്രകടനമാണ്. മലയാളത്തിൽ ചെറിയ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവിൽ ജയറാം തന്റെ പഴയ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ജയറാമിനൊപ്പം രണ്ടാംപകുതിയിൽ മമ്മൂട്ടിയുംകൂടി സ്ക്രീനിൽ നിറയുന്നതോടെ പാണ്ടിമേളവും പഞ്ചാരിയും ഒരുപോലെ കൊട്ടിക്കയറുന്ന ആവേശമാണ് ‘ഓസ്ലർ’ തിയേറ്ററുകളിൽ നിറയ്ക്കുന്നത്.
തിയേറ്ററുകൾ നിറയ്ക്കുന്ന ജയറാം മാജിക് ഏറെക്കാലത്തിനുശേഷം ആവർത്തിക്കുന്നു, ഓസ്ലറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നോ
എന്റെ മലയാളികൾ എന്നെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. എപ്പോഴായാലും എവിടെ വീണുപോയാലും അവരെനിക്ക് ഒരു കച്ചിത്തുരുമ്പ് ഇട്ടുതന്ന് ‘കേറിവാ മക്കളേ’ എന്നുപറയും. ഓസ്ലറിന്റെ വിജയം ഏറെ മധുരമേറിയതാണ്. ഈ ജോലിചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചും ഇത്തരമൊരു വിജയമുണ്ടാക്കുന്ന സന്തോഷം വളരെവളരെ വലുതാണ്. ഒരിടവേളയ്ക്കുശേഷം മലയാളസിനിമയിൽ ഓസ്ലറിലൂടെ വലിയൊരു എൻട്രി ലഭിച്ചു, സിനിമ പുതുവർഷത്തെ ആദ്യ സൂപ്പർഹിറ്റായും മാറി. ഞാൻ ഏറെനാളായി കാത്തിരുന്ന വിജയമാണിത്. അതിലുപരി ഇത്രയും ഇടവേളയ്ക്കുശേഷവും എന്നെ ഇഷ്ടപ്പെടുന്ന അമ്മമാരും കുട്ടികളുമൊക്കെ അടങ്ങുന്ന കുടുംബപ്രേക്ഷകർ മുഴുവൻ തിയേറ്ററിലേക്ക് വന്ന് സിനിമ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. തിയേറ്റർവിസിറ്റിന് ചെല്ലുമ്പോൾ എല്ലായിടങ്ങളിൽനിന്നും ആ സ്നേഹം ഞാൻ അനുഭവിച്ചറിയുന്നുണ്ട്. അവർക്കെല്ലാം ഞാൻ എത്രമേൽ പ്രിയപ്പെട്ടതാണെന്ന് വീണ്ടും തിരിച്ചറിയുന്നു. ഇനിയും നല്ലസിനിമകളുമായി മലയാളികളിലേക്ക് എത്തിയാൽ പഴയതിനെക്കാൾ ശക്തമായി ഞാൻ ഇവിടെയുണ്ടാകും എന്നകാര്യം ഉറപ്പാണ്. അത്തരത്തിൽ നല്ലസിനിമകൾമാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂവെന്ന് ഉറപ്പുനൽകുന്നു.
ലുക്കിലും സ്ക്രീനിലുമെല്ലാം അടിമുടി പുതിയൊരു ജയറാമാണ്, ഓസ്ലറിനായി നടത്തിയ മുന്നൊരുക്കങ്ങൾ
ഒരുവർഷംമുമ്പ് സംവിധായകനായ മിഥുനിൽനിന്ന് ഓസ്ലറിന്റെ കഥകേട്ടപ്പോൾത്തന്നെ ഞാൻ ആവേശത്തിലായി. ഞാൻ അപ്പോൾത്തന്നെ അദ്ദേഹത്തോട് ഓസ്ലറിന്റെ രൂപത്തെക്കുറിച്ച് ചോദിച്ചു. ഉറക്കമില്ലായ്മ, അകാലവാർധക്യമടക്കമുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിനായി ഞാൻതന്നെ ഒരു ലുക്കുണ്ടാക്കാമെന്ന് മിഥുനോട് പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങുന്നതിനുമുമ്പുള്ള നാലുമാസംകൊണ്ട് ഞാൻ രൂപപ്പെടുത്തിയതാണ് ഇപ്പോൾ കാണുന്ന ഓസ്ലറിന്റെ രൂപം. അത് മിഥുന് ഏറെ ഇഷ്ടമാകുകയും നടത്തത്തിലും നോട്ടത്തിലും വരുത്തേണ്ട ചിലകാര്യങ്ങൾ അദ്ദേഹം പറഞ്ഞുതരുകയുംചെയ്തു. സിനിമ കണ്ടവരെല്ലാം വ്യത്യസ്ത ഗെറ്റപ്പ് കഥാപാത്രത്തിന് ഏറെ ഗുണംചെയ്തുവെന്നുപറയുമ്പോൾ സന്തോഷമുണ്ട്.
മലയാളത്തിൽനിന്ന് മാറിനിൽക്കാനുള്ള കാരണമെന്തായിരുന്നു
മലയാളത്തിൽനിന്ന് കുറച്ചുകാലം മാറിനിൽക്കാമെന്ന തീരുമാനം സ്വയമെടുത്തതായിരുന്നു. സമീപകാലത്ത് എന്റെ പല മലയാളസിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെപോയി. സിനിമയും അതുകാണുന്ന പ്രേക്ഷകരുമെല്ലാം ഏറെ മാറിയെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകരെയും ഒപ്പം പുതിയ ജനറേഷനെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഒരുകഥ വരുമ്പോൾ ഇനി സിനിമചെയ്യാമെന്ന തീരുമാനമെടുത്തത് അങ്ങനെയാണ്. നല്ലൊരു സിനിമ വരുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിൽ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ വലിയ സിനിമകളിൽത്തന്നെ മികച്ച ക്യാരക്ടർ റോളുകൾ ചെയ്തു. അവയെല്ലാംതന്നെ വലിയ ഹിറ്റായി. കുറച്ചുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മിഥുൻ, ഓസ്ലറിന്റെ കഥയുമായി എന്റെ അരികിലേക്ക് എത്തിയത്. കാത്തിരിപ്പ് വെറുതേയായില്ലെന്ന് ഈ വിജയം അടിവരയിടുന്നു.
മമ്മൂക്കയുടെ എൻട്രി ഓസ്ലറിന് എക്സ്ട്രാ മൈലേജ് നൽകിയിട്ടുണ്ട്, അദ്ദേഹം എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്
ഇപ്പോഴും അഭിനയത്തോട് അടങ്ങാത്ത ദാഹമുള്ള നടനാണ് മമ്മൂക്ക. വ്യത്യസ്തമായ കഥാപാത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അദ്ദേഹം ചോദിച്ചുവാങ്ങും. ഓസ്ലറിലെ കഥാപാത്രമായും അദ്ദേഹമെത്തിയത് അങ്ങനെയാണ്. ഓസ്ലറിലെ ആ പ്രധാന കഥാപാത്രം വലിയൊരു താരം ചെയ്യണമെന്ന് ആദ്യമേതന്നെ ഞങ്ങളുറപ്പിച്ചിരുന്നു. പല ഓപ്ഷനുകൾ അതിനായി നോക്കുകയുംചെയ്തു. അതിനിടെ യാദൃച്ഛികമായാണ് മമ്മൂക്കയുമായുള്ള ഒരു മീറ്റിങ്ങിനിടെ മിഥുൻ, ഓസ്ലറിന്റെ കഥ അദ്ദേഹത്തോട് പറയുന്നത്. കഥ പറഞ്ഞുതീർന്നപ്പോൾ അലക്സാണ്ടർ എന്ന കഥാപാത്രം ആരാണുചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതുവരെ തീരുമാനമായില്ലെന്ന് മിഥുൻ പറഞ്ഞപ്പോൾ ഞാൻ ചെയ്യട്ടെയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ആദ്യം മിഥുനൊന്ന് ഞെട്ടി. ‘അതുവേണ്ട മമ്മൂക്ക, നിങ്ങളൊക്കെ വന്നാൽ അത് വലിയ പണിയാകും’ എന്നുപറഞ്ഞ് മിഥുൻ ഒഴിഞ്ഞു. താൻ തമാശ പറഞ്ഞതല്ലെന്നും അലക്സാണ്ടർ എന്ന കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും പറ്റുമെങ്കിൽ തരണമെന്നും മമ്മൂക്ക ആവർത്തിച്ചു. മറുപടിപറയാതെ മിഥുൻ ഈ കാര്യം ഞങ്ങളോട് വന്നുപറഞ്ഞു. മമ്മൂക്ക തമാശയ്ക്ക് പറഞ്ഞതല്ലെങ്കിൽ നമുക്കൊന്ന് ആലോചിച്ചൂടെ എന്നായി ഞങ്ങൾ. അങ്ങനെ വീണ്ടും മിഥുൻ ചെന്ന് മമ്മൂക്കയോട് താത്പര്യമറിയിച്ചതോടെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയത്. മമ്മൂക്കയുടെ എൻട്രി ഈ സിനിമയ്ക്ക് തിയേറ്ററിൽ വലിയ ഗുണംചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]