സിനിമകളും പുസ്തകങ്ങളും സംഗീതവും അതിയായി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഓരോ വര്‍ഷവും തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളുടെയും പുസ്തകങ്ങളുടെയും പാട്ടുകളുടെയും വിവരങ്ങൾ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. 2017-ല്‍ വൈറ്റ് ഹൗസ് വിട്ടതു മുതല്‍ തുടരുന്ന പതിവാണിത്. മുന്‍ പ്രസിഡന്റിന്റെ അഭിരുചികളും മുന്‍ഗണനകളും എല്ലാ വര്‍ഷവും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറ്.
പതിവുപോലെ ഈ വര്‍ഷവും തന്നെ പ്രചോദിപ്പിച്ച സിനിമകള്‍ ഏതെന്ന് പങ്കുവെച്ചിരിക്കുകയാണ് ഒബാമ. സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒബാമ ശുപാര്‍ശ ചെയ്യുന്ന കൂട്ടത്തില്‍ മലയാളികള്‍ അഭിനയിച്ച ഇന്ത്യന്‍ സിനിമയുമുണ്ട് എന്നതാണ് ഈവര്‍ഷത്തെ പ്രത്യേകത. അതും പട്ടികയിൽ ഒന്നാമതായാണ് ഈ സിനിമയ്ക്ക് സ്ഥാനം നല്കിയിരിക്കുന്നതെന്നറിയുമ്പോള് മലയാളികള്‍ക്ക് ആകെത്തന്നെയും അഭിമാനിക്കാം.
മലയാള നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവര്‍ അഭിനയിച്ച പായല്‍ കപാഡിയ ചിത്രം ‘ഓള് വി ഇമേജിന് ആസ് ലൈറ്റ്’ ആണ് ഒബാമയുടെ പ്രിയ ചിത്രം. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പത്തു ചിത്രങ്ങളില്‍ ഏറ്റവും തലപ്പത്താണ് ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം. ഇതാദ്യമായാണ് ഒരിന്ത്യന്‍ സിനിമ ഒബാമയുടെ പ്രതിവര്‍ഷ ഇഷ്ട സിനിമാ പട്ടികയിൽ ഒന്നാമത് വരുന്നത്.
‘ഈ വര്‍ഷം ഞാന്‍ ശുപാര്‍ശ ചെയ്യുന്ന കുറച്ച് സിനിമകള്‍ ഇതാ’ എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന കൂട്ടത്തില്‍ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത് കോണ്‍ക്ലേവ് എന്ന സിനിമയ്ക്കാണ്. ദി പിയാനോ ലെസണ്, ദി പ്രോമിസ്ഡ് ലാന്‍ഡ് തുടങ്ങി പട്ടിക നീളുന്നു. കൂടാതെ ഈ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളും ഗാനങ്ങളും ഒബാമ പങ്കുവെച്ചിട്ടുണ്ട്.
2024-ല്‍ വളരെയധികം പ്രശംസയ്ക്ക് പാത്രമായ ഇന്ത്യന്‍ സിനിമകളിലൊന്നാണ് ഓള് വി ഇമേജിന് ആസ് ലൈറ്റ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാനകരമായ ഗ്രാന്‍ഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവും ഇതുതന്നെ. ഏഷ്യ പെസഫിക് സ്ക്രീന്‍ അവാര്‍ഡ്സിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡ്സിലെ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക് സര്‍ക്കിളിലെ മികച്ച അന്താരാഷ്ട്ര ഫിലിം നേട്ടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ചിത്രത്തെത്തേടിയെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]