
സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത സംഗീതലോകത്തും ആരാധകരിലും ഏറെ നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചു. ഇതോടെ എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി.
എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് അവർ എല്ലാവരോടും അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.
“അഭിമുഖമെടുക്കാനെന്നുപറഞ്ഞ് വലിയതോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം.” മോഹിനി ഡേ ആവശ്യപ്പെട്ടു.
ഇത്തരം ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞ് എ.ആർ. റഹ്മാന്റെ മകൻ അമീൻ രംഗത്തെത്തിയിരുന്നു. ‘എആർ റഹ്മാൻ ഒരു ഇതിഹാസ കലാകാരൻമാത്രമല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകൾ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീൻ പറഞ്ഞത്. അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികൾ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാർ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്മാന്റെ മക്കളായ കദീജയും റഹീമയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]