ഓസ്കറിലേക്കുള്ള ചവിട്ടുപടി എന്നറിയപ്പെടുന്ന ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഇതിൽ മലയാളികൾക്കും അഭിമാനിക്കാനുള്ള വകയുണ്ടായിരുന്നു. കാരണം വിദേശ ഭാഷാ വിഭാഗത്തിലെ സ്വതന്ത്ര ചിത്രത്തിലെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ആടുജീവിതത്തിലൂടെ എ.ആർ.റഹ്മാനാണ് സ്വന്തമാക്കിയത്. വാർത്തയറിഞ്ഞതിനുപിന്നാലെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായെത്തിയത്. ഇതിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് റഹ്മാൻ.
ബിൽബോർഡ് ഡോട്ട് കോമിന്റെ ലിങ്കാണ് എ.ആർ.റഹ്മാൻ പോസ്റ്റ് ചെയ്തത്. HMMA പുരസ്കാരവിവരം സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം ഇതിലൂടെ.
പുരസ്കാരത്തേക്കുറിച്ച് എ.ആർ. റഹ്മാൻ സംസാരിക്കുന്ന ഒരു വീഡിയോ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അധികൃതരും പുറത്തുവിട്ടിട്ടുണ്ട്. “ആടുജീവിതത്തിന് വിദേശ ഭാഷാ ചിത്രത്തിലെ മികച്ച സ്കോറിനുള്ള ഈ അവാർഡ് ലഭിച്ചത് അവിശ്വസനീയമായ ബഹുമതിയാണ്. ഈ പശ്ചാത്തലസംഗീതത്തെ തിരിച്ചരിഞ്ഞ് അംഗീകരിച്ചതിന് ഹോളിവുഡ് മ്യൂസിക് ആൻഡ് മീഡിയ അവാർഡുകളോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ബെന്യാമിന്റെ 2008-ലെ നോവൽ ആസ്പദമാക്കി ഒരുക്കിയ ചിത്രം യഥാർത്ഥത്തിൽ ‘സ്നേഹത്തിന്റെ അധ്വാനം’ തന്നെയായിരുന്നു.
എന്റെ സംഗീത ടീമുമായും സാങ്കേതിക പ്രവർത്തകരുമായും സംവിധായകൻ ബ്ലെസിയുമായും ഇങ്ങനെയൊരു കാഴ്ചയ്ക്ക് ജീവൻ നൽകാൻ പ്രയത്നിച്ച എല്ലാവരുമായും ഈ നിമിഷം ഞാൻ പങ്കിടുകയാണ്. ലോകമെമ്പാടുമുള്ള എൻ്റെ ആരാധകർക്കും പിന്തുണയ്ക്കുന്നവർക്കും, നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പ്രചോദനത്തിനും നന്ദി.” എ.ആർ. റഹ്മാൻ പറഞ്ഞു. നടൻ പൃഥ്വിരാജും ആടുജീവിതം ടീമും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റ് ആയ പെരിയോനേ എന്ന ഗാനത്തിലൂടെയാണ് എ.ആർ.റഹ്മാനെ തേടി അന്തർദേശീയ സംഗീത പുരസ്കാരമെത്തിയത്. റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ജിതിൻരാജാണ് ഗാനം ആലപിച്ചത്. ഫീച്ചർ ഫിലിം ഗാനവിഭാഗത്തിലായിരുന്നു പെരിയോനേ മത്സരിച്ചത്. ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ എ.ആർ. റഹ്മാനുവേണ്ടി സംവിധായകൻ ബ്ലെസിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]