നസ്രിയ നസീമും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതകൊണ്ടുതന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ചലച്ചിത്രമാണ് എം.സി. ജിതിന് സംവിധാനംചെയ്ത ‘സൂക്ഷ്മദര്‍ശിനി’. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥപറയുന്ന ചിത്രത്തില്‍ മത്സരിച്ചഭിനയിച്ചിരിക്കുകയാണ് ഇരുവരും.
അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളെയാണ് നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്. സൗഹാര്‍ദത്തോടെ നീങ്ങിയ ആ അയല്‍ ബന്ധത്തില്‍ പെട്ടെന്നൊരുലച്ചില് സംഭവിക്കുന്നു. സംശയത്തിന്റെ നിഴലിലൂടെ സിനിമ നീങ്ങുമ്പോള്‍ പ്രിയദര്‍ശിനി കുറ്റാന്വേഷണത്തിലേക്ക് വഴിമാറുന്നു. സാധാരണ ഒരു വീട്ടമ്മയില്‍നിന്ന് വ്യത്യസ്തയാണ് പ്രിയ. കരിയര്‍ ബ്രേക്ക് മറികടക്കാന്‍ പരിശ്രമിക്കുന്ന അവള്‍ക്ക് ഒരു കാര്യം മനസ്സില്‍ കയറിയാല്‍ പിന്നെ അതില്‍നിന്ന് പിടിവിടാനാവില്ലെന്ന് ഭര്‍ത്താവ് ആന്റണി പറയുന്നുണ്ട്. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ആഴത്തില്‍ ചിന്തിച്ച് വിശകലനം ചെയ്യാനും അവള്‍ക്കറിയാം. ആ സ്വഭാവംതന്നെയാണ് അയല്‍വീട്ടിലെ അസ്വഭാവികതയിലേക്ക് പ്രിയയുടെ ശ്രദ്ധയെ നയിക്കുന്നതും. ഡാര്‍ക്ക് കോമഡി ത്രില്ലറായ ചിത്രം പ്രക്ഷകരുടെ മനസ്സിൽനിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല; പ്രത്യേകിച്ച് പ്രിയദര്‍ശിനിയെ.
പ്രിയദര്‍ശിനിയുടെ പിടിവിടാത്ത സംശയങ്ങളും അതിനെ തുടര്‍ന്ന് അവള് നടത്തുന്ന സൂക്ഷ്മദര്‍ശനങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. പ്രിയദര്‍ശിനിയുടേയും മാനുവലിന്റേയും വീടും വീട്ടുകാരും അയല്‍വീട്ടുകാരും അവരുടെ റസിഡന്‍ഷ്യല്‍ ഏരിയയിലെ സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ഒരു പുതിയ അയല്‍വാസിയെ പോലെ പ്രേക്ഷകരും ചിത്രത്തിന്റെ ഭാഗമായിത്തീരും. നര്മസന്ദർഭങ്ങളിലൂടെ ഓരോ കഥാപാത്രങ്ങളെയും അവിടെവെച്ച് പരിചയപ്പെടാനാകും.
അയല്‍വീട്ടിലേക്ക് അധികമൊന്നും എത്തിനോക്കാത്തവരാണ് അവിടത്തെ നിവാസികൾ. തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷം. എന്നാല്‍ പുതിയ താമസക്കാരായ മാനുവലും കുടുംബവും അവിടേക്കെത്തുന്നതോടെ പതിയെ അന്തരീക്ഷം മാറുകയാണ്. പ്രിയദര്‍ശിനി എന്തിനാണ് തുടര്‍ച്ചയായി അയലത്തേക്ക് എത്തിനോക്കുന്നതെന്ന് ചിത്രം കാണുന്നര് ചിന്തിച്ചേക്കാമെങ്കിലും പിന്നീടവൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറുന്നു.
സിനിമയുടെ ആദ്യപകുതിവരെ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി പ്രേക്ഷകരുടെ മനസ്സില്‍ സ്വാഭാവികമായി രൂപപ്പെടുന്ന ധാരണകളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു പിടിയുംതരാതെ വഴിമാറിസഞ്ചരിക്കുന്ന കഥാഗതിയാണ് ലിബിനും അതുലും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന തിരക്കഥയ്ക്കുള്ളത്. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റേയും എ.വി.എ. പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബേസിലിന്റെ മാനുവല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി ചിത്രത്തിലെത്തിയ മനോഹരി ജോയിയുടേത് സുപ്രധാന റോളാണ്. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മനോഹരി ജോയ്യുടെ വ്യത്യസ്തമായ ഭാവാഭിനയം ആ കഥാപാത്രത്തിന്റെ ശക്തി തെളിയിക്കുന്നതാണ്. ഇടവേളയ്ക്ക് ശേഷമെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്, ദീപക് പറമ്പോല്‍, കോട്ടയം രമേശ്, അഖില ഭാര്ഗവന്, പൂജ മോഹന്‍രാജ്, മെറിന് ഫിലിപ്പ്, ഹെസ്സ മെഹക്ക്, ഗോപന് മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്, അഭിറാം രാധാകൃഷ്ണന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രിയദര്‍ശിനിയുടെ സൂക്ഷദര്ശനമാണ് ചിത്രം. അതിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കാവുന്ന സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒളിച്ചുവെച്ചിട്ടുണ്ട്. ഹ്രസ്വസംഭാഷണങ്ങളിലൂടെ, ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതത്തോടെ പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്ന ചിത്രം കുടുംബപ്രേക്ഷകരേയും ആകര്‍ഷിക്കുമെന്നുറപ്പാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]