അഭിനയം മേഘനാഥന് ഇടക്കൃഷിയായിരുന്നു. സിനിമാത്തിരക്കുകൾക്കിടയിലും കൊയ്ത്തുസമയത്ത് ഷൊർണൂരിലെ സ്വന്തം പാടത്തേക്ക് ഓടിയെത്താറുണ്ടായിരുന്നു അദ്ദേഹം. അച്ഛന്റെ നിഴൽപറ്റിയാണ് മേഘനാഥൻ സിനിമയെ സ്നേഹിച്ചുതുടങ്ങിയത്. മദ്രാസ് മെയിലിൽ രാവിലെ ഷൊർണൂരിലെ വീട്ടിലെത്തി രാത്രി മടങ്ങുന്ന അച്ഛനെക്കുറിച്ച് മേഘനാഥൻ പറയാറുണ്ടായിരുന്നു.
ബാലൻ കെ. നായർക്ക് സിനിമാത്തിരക്കുള്ള കാലമായിരുന്നു അത്. അച്ഛനൊപ്പം മദിരാശിയിലേക്ക് മാറിയതോടെ മേഘനാഥനുചുറ്റും സിനിമയുടെ വെളിച്ചം നിറഞ്ഞു. ലൊക്കേഷനിൽപ്പോകാൻ അവസരങ്ങൾ ലഭിച്ചു. വീട്ടിലെത്തുന്നവരിലധികവും സിനിമക്കാർ. സ്കൂൾക്കാലത്ത് ഒരു നാടകത്തിൽപ്പോലും വേഷമിട്ടില്ലെങ്കിലും സിനിമ മോഹമായി മൊട്ടിട്ടു. പി.എൻ. മേനോൻ ഉൾപ്പെടെയുള്ള മുതിർന്ന പല സംവിധായകന്മാരുമായും അടുത്തിടപഴകാൻ കഴിഞ്ഞു.
വെള്ളിത്തിരയിൽ ഭീതിനിറച്ച ബാലൻ കെ. നായരുടെ മകന് സിനിമ കരുതിവെച്ചത് വില്ലൻവേഷങ്ങൾതന്നെയായിരുന്നു. സിനിമയെമാത്രം ആശ്രയിച്ച് മുന്നോട്ടുപോയാലുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് മകന് ബാലൻ കെ. നായർ കൃത്യമായ ഉപദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ, അഭിനയത്തിനൊപ്പം കൃഷിരീതികളും ഓട്ടോമൊബൈൽ എൻജിനിയറിങ്ങും പഠിച്ചു. ജോലിചെയ്തുകിട്ടിയ കാശുകൊണ്ട് ആദ്യം വാങ്ങിയത് നിലമുഴാനുള്ള ട്രാക്ടറായിരുന്നു. നടനായല്ല, കൃഷിക്കാരനായാണ് നാട്ടിൽ മേഘനാഥൻ അറിയപ്പെട്ടത്.
സിനിമയുടെ ആർഭാടങ്ങളിലേക്കു വീഴാതെ നാട്ടിൻപുറത്തുകാരനായി തുടരാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഒരിക്കൽ അതേക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘സിനിമയിൽ അറിയപ്പെട്ടുതുടങ്ങുമ്പോഴേക്കും അഹങ്കരിക്കുന്നവരാണ് പലരും. എന്തോ എനിക്കങ്ങനെ പറ്റുന്നില്ല, ഒരുപക്ഷേ, എനിക്കുള്ള കുറവും അതുതന്നെയായിരിക്കും. സിനിമയിൽ വിലപേശലുകളില്ലാതെ ജീവിച്ച അച്ഛന്റെ മകനാണ് ഞാൻ. ദേശീയപുരസ്കാരം വാങ്ങാൻ അച്ഛൻ ചെന്നത് മുണ്ടുടുത്തുകൊണ്ടാണ്.’’
തല്ലുകൊള്ളൽ അവസാനിപ്പിച്ച് സിനിമയിലെ വില്ലന്മാർ ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറിയപ്പോൾ, സ്വഭാവനടനിലേക്കായിരുന്നു മേഘനാഥന്റെ മാറ്റം. ‘ആക്ഷൻ ഹീറോ ബിജു’വിലെ കുടുംബനാഥൻ മേഘനാഥന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയവേഷമായി.
സിനിമയിലെ ഇടവേളകൾ മേഘനാഥന്റെ അഭിനയജീവിതത്തെയും ബാധിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം അഭിനയിച്ച പി.എൻ. മേനോന്റെ ‘അസ്ത്ര’മാണ് ആദ്യസിനിമ, പിന്നീട് ‘പഞ്ചാഗ്നി’. അതിനുശേഷം പഠനംതുടരാനായി മാറിനിന്നു, അതായിരുന്നു ആദ്യ ഇടവേള. ചെങ്കോൽ, ചമയം തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ടാം വരവ്. വില്ലൻവേഷങ്ങളിൽ കൈയടിലഭിച്ചുതുടങ്ങിയ കാലം. മുരളി നായകനായ ‘പ്രായിക്കര പാപ്പാനി’ൽ അഭിനയിച്ചുവരുമ്പോൾ കാർ അപകടത്തിൽപ്പെട്ടു. ആറുമാസത്തോളം വിശ്രമം.
കമലിന്റെ ‘ഈ പുഴയും കടന്ന്’ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവന്നു. സിനിമകണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഭീതിനിറയ്ക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. അഭിനയത്തിൽ സജീവമായി തുടരവെ ‘കുടമാറ്റം’ സിനിമയുടെ സെറ്റിൽ പാറപ്പുറത്തുനിന്നുവീണ് കാലിന് പരിക്കേറ്റു. മാസങ്ങളോളംനീണ്ട വിശ്രമം.
മിനിസ്ക്രീനിലും സജീവമായിരുന്നു, മേഘനാഥൻ. സ്നേഹാഞ്ജലി, ശ്രീരാമൻ ശ്രീദേവി, അഭയം തുടങ്ങിയ സീരിയലുകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ക്രൈം ഫയൽ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമൻ, പിക്കറ്റ് 43, മുന്തിരവള്ളികൾ തളിർക്കുമ്പോൾ, വൺ, കൂമൻ… തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
മേഘനാഥന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ വീട്ടുവളപ്പിൽ അച്ഛൻ ബാലൻ കെ. നായരുടെയും അടുത്തിടെ മരിച്ച സഹോദരൻ അജയകുമാറിന്റെയും അന്ത്യവിശ്രമസ്ഥലത്തിനു സമീപം സംസ്കരിച്ചു.
ഭാര്യ: സുസ്മിത. മകൾ: പാർവതി. മരുമകൻ: ആദിത്യൻ. മറ്റുസഹോദരങ്ങൾ: അനിൽകുമാർ, സുജാത, സ്വർണലത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]