
ശശികുമാര്‍: ശ്രീമതീ, ആ പൂവെന്തു ചെയ്തു..?
ഭാര്‍ഗവി: ഏത് പൂ..?.
ശശികുമാര്‍: രക്തനക്ഷത്രം പോലെ കടുംചുവപ്പായ ആ പൂ.
ഭാര്‍ഗവി: ഓ…അതോ?. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്..?
ശശികുമാര്‍: ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയാന്‍..
ഭാര്‍ഗവി: കളഞ്ഞുവെങ്കിലെന്ത്..?.
ശശികുമാര്‍: ഒന്നുമില്ല.. എന്റെ ഹൃദയമായിരുന്നു അത്.
മരിച്ചുപോയ രണ്ടു പേര് തമ്മിലുള്ള പ്രേമസംഭാഷണമാണിത്. സംഭാഷണം മാത്രമല്ല, പ്രേതത്തിന്റെ പൊട്ടിച്ചിരികളെയും തമാശകളെയും എല്ലാം തിരശ്ശീലയില്‍ കാണാനൊത്ത ആദ്യ അനുഭവമായിരുന്നു മലയാളിക്ക് ഭാര്‍ഗവി നിലയം എന്ന സിനിമ. ഡിജിറ്റല്‍ ക്യാമറയെയും സിനിമാസ്കോപ്പിനെയും കുറിച്ച് കേട്ടിട്ടില്ലാത്ത കാലത്ത്, ഈസ്റ്റ്മാന് കളര്‍ പോലും അപൂര്‍വമായിരുന്ന കാലത്ത്, കറുപ്പിലും വെളുപ്പിലും മാത്രമായി ചിത്രീകരിച്ച ഭാര്‍ഗവി നിലയം മലയാളിക്ക് ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിച്ചത്. ടി കെ പരീക്കുട്ടി നിര്‍മ്മിച്ച് എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964 ഒക്ടോബര്‍ 22 നാണ് ചിത്രം റിലീസായത്. കറുപ്പിന്റെയും വെളുപ്പിന്റെയും സാധ്യതകളെ ഏഴുനിറങ്ങള്ക്കുമപ്പുറത്തേക്ക് മനോഹരമാക്കാമെന്ന് സംവിധായകന് വിന്‍സെന്റും പി ഭാസ്കരറാവു എന്ന ക്യമാറമാനും ചേര്‍ന്ന് തെളിയിച്ചു. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമാണ് ഭാര്‍ഗവി നിലയം. പക്ഷേ ഭയം എന്ന വികാരത്തെ വിറ്റുകാശാക്കുകയായിരുന്നില്ല ഭാര്‍ഗവി നിലയത്തിന്റെ ശില്‍പ്പികള്‍. മറിച്ച് ഭയം എന്ന വികാരം സൗന്ദര്യാത്മകമായ ദൃശ്യാനുഭവത്തിനുള്ള സാധ്യതയാക്കുകയായിരുന്നു. ഇവിടെ ഭീതി എന്ന ഭാവം മറ്റെല്ലാ രസങ്ങളും പോലെ ആസ്വാദ്യമാവുകയാണ്.
പ്രേതഭവനത്തിലെ പ്രേമസല്ലാപങ്ങള്‍
പ്രേതബാധയുള്ള ഭാര്‍ഗവി നിലയത്തില്‍ പുതിയ താമസക്കാരനായി ഒരു സാഹിത്യകാരന് എത്തുകയാണ്. ഇയാള്‍ക്ക് ചിത്രത്തില്‍ പേരില്ല. പ്രേതബാധയുള്ള വീടാണിതെന്നും ഇവിടെ ആരെയും സ്ഥിരമായി താമസിക്കാന്‍ പ്രേതം അനുവദിക്കാറില്ലെന്നും അയാള്‍ അല്‍പ്പം കഴിഞ്ഞാണ് മനസ്സിലാക്കുന്നത്. ഭാര്‍ഗവി എന്ന സുന്ദരിയായ യുവതിയുടെ പ്രേതമാണ് വീട്ടില്‍ അലഞ്ഞുനടക്കുന്നത്. ദുരന്തത്തില്‍ കലാശിച്ച ഒരു പ്രണയകഥയായിരുന്നു ഭാര്ഗവിയുടെത്. അയല്‍വാസി കൂടിയായ ശശികുമാര്‍ എന്ന ചെറുപ്പക്കാരനുമായി അവള് തീവ്രമായ പ്രേമബന്ധത്തിലായിരുന്നു. ശശികുമാറിനാല്‍ വഞ്ചിക്കപ്പെട്ട ഭാര്‍ഗവി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് കേട്ടറിഞ്ഞത്. നിഴലിന്റെയും കാറ്റിന്റെയും പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കളുടേയും രൂപത്തിലൊക്കെ ഭാര്‍ഗവി ഈ വീട്ടിലെ പലരെയും പേടിപ്പിച്ച് ഓടിക്കുകയായിരുന്നുവത്രേ. അതോടെ അവിടേക്ക് ആരും താമസത്തിന് വരാതായി.
എന്നാല്‍ ഈ പ്രേതത്തെ പേടിച്ച് രക്ഷപ്പെടാനൊന്നും സാഹിത്യകാരന് തയ്യാറാവുന്നില്ല. ”എന്നെ പേടിപ്പിക്കാന്‍ മാത്രം ധൈര്യമുള്ള പ്രേതമോ. എന്നാല്‍ അവളെ ഒന്നു കാണണമല്ലോ’ എന്ന നിലപാടാണ് സരസനും നിര്‍ഭയനുമായ അയാള്‍ക്ക്. ഒത്താല്‍ ഒരു പ്രേതത്തെ അടുത്തുകാണുകയും സൗഹൃദമുണ്ടാക്കുകയും ചെയ്യാമല്ലോ എന്നും കരുതി അയാള്‍. ഭാര്‍ഗവിയെ കണ്ടുമുട്ടുന്നതായി സങ്കല്‍പ്പിച്ച് അയാള്‍ അവളോട് പതിവായി സംസാരിക്കാന്‍ തുടങ്ങി. പരിഭവം പറച്ചിലും ചിരിയും തമാശകളുമൊക്കെ നിറഞ്ഞതായി അവരുടെ സംഭാഷണം. വൈകാതെ അവളുടെ യഥാര്‍ഥ കഥ അയാള്‍ മനസ്സിലാക്കുന്നു. ശശികുമാര്‍ അവളെ വഞ്ചിക്കുകയോ അവള് ജീവനൊടുക്കുകയോ ചെയ്തതല്ല. ഇവരുടെ അഗാധ പ്രേമബന്ധത്തിനിടക്ക് വില്ലനായി കയറിവന്ന മുറച്ചെറുക്കന് നാണുക്കുട്ടനാണ് എല്ലാ കുഴപ്പങ്ങളും വരുത്തിവെച്ചത്. അയാള്‍ പ്രേമം കലക്കി ഭാര്‍ഗവിയെ സ്വന്തമാക്കാന്‍ ശ്രമിച്ചു. ഭാര്‍ഗവി കൊടുത്തയച്ചതെതെന്നു പറഞ്ഞ് ശശികുമാറിനെ പഴത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നു. പിന്നീട് ഭാര്‍ഗവിയെ കിണറ്റിലേക്ക് തള്ളിയിട്ടും കൊന്നു.
സാഹിത്യകാരന് ഭാര്‍ഗവിയുടെ കഥ എഴുതിത്തീര്‍ക്കുന്നു. കിണറ്റിന്കരയില് ചെന്ന് അയാള്‍ അവളെ അത് വായിച്ചുകേള്‍പ്പിക്കുന്നു. ഈ സമയം നാണുക്കുട്ടന് എത്തുകയാണ്. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുള്ള നാണുക്കുട്ടന് അയാളുടെ നീക്കങ്ങളെല്ലാം ആദ്യം മുതലേ പിന്തുടരുന്നു. കിണറ്റിന്കരയില് വെച്ചുള്ള സംഘട്ടനത്തിനൊടുവില്‍ നാണുക്കുട്ടന് കിണറ്റിലേക്ക് കാല്‍തെറ്റി വീണ് മരിക്കുന്നു. അങ്ങനെ താന്‍ ചെയ്യാനിരുന്ന പ്രതികാരം ഭാര്‍ഗവി തന്റെ കഥയെഴുത്തുകാരനിലൂടെ നിര്‍വഹിക്കുന്നു. ഇത്രയുമാണ് ഭാര്‍ഗവി നിലയത്തിന്റെ ഇതിവൃത്തം. വൈക്കം മുഹമ്മദ് ബഷീറിന്റെ നിലവെളിച്ചം എന്ന കഥ വികസിപ്പിച്ചാണ് തിരശീലയിലെ ഭാര്‍ഗവി നിലയം ഒരുക്കിയത്. ബഷീര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സരസവും ശ്രവണ സുഭഗവുമായ ബഷീറിയന്‍ സംഭാഷണ ശൈലി ഭാര്‍ഗവി നിലയത്തിന് ഭംഗി കൂട്ടുന്നു.
നടിമാരും നടന്മാരും
മധുവാണ് എഴുത്തുകാരനായി അഭിനയിച്ചത്. ബഷീറിന്റെ മാനറിസങ്ങള്‍ നല്ല കൈവഴക്കത്തോടെ മധു അഭിനയിച്ചുഫലിപ്പിക്കുന്നുണ്ട്. ഫ്ളാഷ്ബാക്കിലെ പ്രേമനായകന്‍ ശശികുമാറായി പ്രേംനസീറും. നിഷ്കളങ്കനും ലോലഹൃദയനുമായ കാമുകന്റെ വേഷം നസീറിന്റെ ശരീരപ്രകൃതിക്കും നന്നേ ഇണങ്ങി. വില്ലനായ നാണുക്കുട്ടന്റെ റോളില്‍ പി ജെ ആന്റണി വേഷമിട്ടു. കോഴിക്കോടന്‍ നാടകവേദികളില്‍ നിന്ന് ബഷീര്‍ കണ്ടെത്തിയ പദ്മദാളക്ഷന് എന്ന നടന് കുതിരവട്ടം പപ്പു എന്ന പേരില്‍ ചിത്രത്തില്‍ മധുവിന്റെ സഹായിയായി അഭിനയിക്കുന്നു. ബഷീറാണ് പദ്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന് പേരിട്ടതും. ഒരു കഥാപാത്രത്തിന്റെ പേരിനെ പിന്നീടങ്ങോട്ട് മുഴുവനായി കൂടെക്കൂട്ടിയ നടനെന്ന അപൂര്വഖ്യാതിയും ഇങ്ങനെ പപ്പുവിന് സ്വന്തമായി. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്ന് കണ്ടെത്തിയ വിജയനിര്‍മലയാണ് ഭാര്ഗവിയായത്. ആകാരഭംഗിയും നീണ്ടുവിടര്‍ന്ന കണ്ണുകളും കുസൃതി നിറഞ്ഞ വശ്യമായ ചിരിയുമുള്ള ഭാര്‍ഗവിയുടെ തല്സ്വരൂപമായിരുന്നു വിജയനിര്‍മലയ്ക്കും. ഭാര്‍ഗവി നിലയം മലയാളത്തിലും വിജയനിര്‍മലയെ പ്രിയപ്പെട്ട നടിയാക്കി. കല്യാണരാത്രികള്, പൂച്ചക്കണ്ണി തുടങ്ങിയ മലയാള ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. 1973 ല്‍ കവിത എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളത്തിലെ ആദ്യത്തെ വനിതാ സംവിധായകയുമായി അവര്‍. ഈ ചിത്രത്തിലെ നായികയും അവരായിരുന്നു. പിന്നീട് തെലുങ്കിലും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇവര്‍ 2001 എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ (47 എണ്ണം) സംവിധാനം ചെയ്ത വനിതയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
മതിവരാത്ത മധുരഗാനങ്ങള്‍
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍…അറുപതുവര്‍ഷം പിന്നിടുന്നു ഈ ഗാനം നമ്മുടെ കാതിലെത്തിയിട്ട്. മലയാളത്തിലെ മികച്ച കുറച്ചു ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ആരും ആദ്യംചേര്ക്കുന്ന പേരുകളിലൊന്നാവും ഇത്. ഈ ഗാനത്തിനു ലഭിച്ച സ്വീകാര്യത യേശുദാസിനെ മലയാളത്തിലെ പിന്നണി രംഗത്തെ മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വളര്‍ച്ചയിലേക്ക് വഴിതുറന്നു. കാരണം സിനിമാപിന്നണി ഗാനരംഗത്ത് എത്തിയിട്ട് രണ്ടു കൊല്ലത്തിനുള്ളിലാണ് ഈ ഗാനം പാടുന്നത്.
താമസമെന്തേ വരുവാന്‍ മാത്രമല്ല ഭര്‍ഗവി നലിയത്തിലെ മറ്റെല്ലാ ഗാനങ്ങളും മികച്ചവയായി. ഇന്നും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. കെ പി ഉദയഭാഗനു പാടിയ ഏകാന്തതയുടെ അപാരതീരം, എസ് ജാനകി പാടിയ പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു, വാസന്ത പഞ്ചമിനാളില്‍, അനുരാഗ മധുചഷകം, പൊട്ടാത്ത പൊന്നിന് കിനാവു കൊണ്ടൊരു, യേശുദാസും പി സുശീലയും ചേര്‍ന്ന് ആലപിച്ച അറബിക്കടലൊരു മണവാളന് എന്നിവയാണ് ഭാര്‍ഗവി നിലയത്തിലെ മറ്റു ഗാനങ്ങള്‍. എല്ലാം ഒന്നിനൊന്നുമികച്ചത്.
ബാബുരാജ് എന്ന സംഗീതസംവിധായകനെ പ്രശസ്തിയുടെ നെറുകയിലേക്ക് ഉയര്‍ത്തി ഈ ഗാനങ്ങളെല്ലാം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൗന്ദര്യം മലയാള സിനിമയിലേക്ക് പുതിയ അനുഭവമായി കടന്നുവരികയായിരുന്നു ബാബുരാജിന്റെ ഈണങ്ങളിലൂടെ. പി. ഭാസ്കരനാണ് പാട്ടുകളെല്ലാം രചിച്ചത്. പി.ഭാസ്കരന്-ബാബുരാജ് കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച എണ്ണമറ്റ മനോഹര ഗാനങ്ങളില്‍ ആദ്യം എണ്ണുക ഭാര്‍ഗവി നിലയത്തിലെ ഈ പാട്ടുകളായിരുക്കും.
ഭാര്‍ഗവി നിലയം എന്ന ദൃശ്യാനുഭവത്തെ ഇത്രമേല്‍ മധുരതരമാക്കിയത് ഹൃദയഹാരിയായ ഈ ഗാനങ്ങള്‍ കൂടിയാണ്. സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യവും ഇടകലര്ന്നുവരുന്നതാണ് ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍. പൊടിയും മാറാലയും പിടിച്ച ഇരുണ്ട മുറികളില്‍ ഉറങ്ങിക്കിടന്ന പ്രേമകല്പ്പനകളെ പാടിയുണര്ത്തുകയായിരുന്നു ആ ഈണങ്ങള്‍. പ്രണയവും വിരഹവും ഭീതിയും പ്രതികാരവും പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം ഇടവിട്ടുവരുന്ന ദൃശ്യാനുഭവത്തെ സുഖകരമായ ഈണങ്ങളില്‍ കേര്ത്തെടുക്കുകയായിരുന്നു ഗാനങ്ങളൊരുക്കിയ മഹാപ്രതിഭകള്‍.
പ്രേതങ്ങള്‍ക്ക് യൂണിഫോം നിശ്ചയിച്ച ഭാര്‍ഗവി
സിനിമയിലെ പ്രേതങ്ങള്‍ക്ക് യൂണിഫോമായി വെള്ള സാരിയും വെള്ള ബ്ലൗസും നിശ്ചയിച്ചത് ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവിയാണ്. അതുവരെ ആശുപത്രി നേഴ്സുമാര്‍ മാത്രമായിരുന്നു വെള്ളയും വെള്ളയും യൂണിഫോം ധരിച്ചിരുന്നത്. വര്‍ഷം പത്തറുപതു പിന്നിട്ടിട്ടും സിനിമയിലെ പ്രേതങ്ങള്‍ ഇപ്പോഴും ധരിക്കുന്നത് വെള്ളയും വെള്ളയും തന്നെ. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച ഭാര്‍ഗവി നിലയത്തില്‍ ഭാര്‍ഗവിയുടെ വസ്ത്രം വെള്ളയ്ക്കു പകരം കറുപ്പായിരുന്നെങ്കില്‍ ഇന്നും സിനിമാ പ്രേതങ്ങളുടെ യൂണിഫോം കറുപ്പായേനെ.
വസ്ത്രം മാത്രമല്ല, ഭാര്‍ഗവിയില്‍ നിന്നും പ്രേതങ്ങള്‍ കടം കൊണ്ടത്. നിലാവത്ത് ഇറങ്ങിനടക്കുക, കാല് നിലത്തു തൊടാതെ നടക്കുക, നടക്കുമ്പോള്‍ ചിലങ്ക കിലുക്കുക, പെട്ടന്ന് അപ്രത്യക്ഷയാവുക, എല്ലാവരും നിശ്ബരായിരിക്കുമ്പോള് ഓരിയിടുക, തമാശ കേള്‍ക്കാതെയും പൊട്ടിച്ചിരിക്കുക, ഞൊടിയിടയില്‍ തട്ടിന്‍പുറത്തും മരക്കൊമ്പിലുമൊക്കെ വലിഞ്ഞുകേറുക, നായയായും പൂച്ചയായും അസമയത്ത് പ്രത്യക്ഷപ്പെടുക തുടങ്ങി ആളെ പേടിപ്പിക്കാന്‍ സിനിമാപ്രേതങ്ങള് കാട്ടിക്കൂട്ടുന്ന വിദ്യകളില്‍ പലതും ഭാര്‍ഗവിയുടെ പാരമ്പര്യത്തില്‍ നിന്നും ‘താവഴി’ യായി കിട്ടിയതാണ്.
സിനിമയില്‍ അധികവും പെണ്ണുങ്ങളുടെ പ്രേതമാണ്. അപൂര്‍വമായിട്ടേ ആണുകള്‍ പ്രേതമായിട്ടുള്ളു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ജഗതി അവതരിപ്പിക്കുന്ന പ്രേതകഥാപാത്രം ആണ്പ്രേതമാണ്. ജഗതിയുടെ ഇരുന്തലക്കാടന് നമ്പൂതിരി രാത്രിയില്‍ ‘അത്യാവശ്യ കാര്യത്തിന്’ കാര്യസ്ഥന്റെ വീട്ടിലേക്ക് പോകുന്നത് വെള്ളാട്ടെ പോക്കര് എന്ന ചത്തുപോയ ഒരാളുടെ പ്രേതമായിട്ടാണ്. പക്ഷെ ആണായ പോക്കരും പെണ്ണായ ഭാര്‍ഗവിയെ അനുകരിച്ചിട്ടുണ്ട്. വെള്ളവസ്ത്രം തന്നെയാണ് വെള്ളാട്ടെ പോക്കരും ഇട്ടിരിക്കുന്നത്. സാരിയും ബ്ലൗസുമല്ല എന്നൊരു മാറ്റമേ ഉള്ളൂ. ചുരുക്കത്തില്‍ മലയാള സിനിമയിലെ പ്രേതസങ്കല്പ്പങ്ങളുടെയെല്ലാം മാതാവു കൂടിയാണ് ഭാര്‍ഗവി.
പ്രേതബാധയുള്ള വീടുകളെയെല്ലാം മലയാളികള്‍ ഇന്നും ഭാര്‍ഗവി നിലയം എന്നാണ് ഇന്നും വിളിക്കുക. അത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഭാര്‍ഗവിനിലയം എന്ന ചിത്രവും ചിത്രത്തിന്റെ പേരും. അതിനാല്‍ പ്രായാധിക്യത്തെയല്ല, നിത്യയൗവനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഭാര്‍ഗവിനിലയം അറുപതാണ്ട് തികയ്ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]