
രാമചന്ദ്ര ശ്രീനിവാസ പ്രഭു ഒറ്റയ്ക്കായിരുന്നില്ല ഫോണിന്റെ മറുതലയ്ക്കൽ. ഒപ്പം ഒരു കാലം കൂടിയുണ്ടായിരുന്നു. മലയാളസിനിമയുടെ മറക്കാനാവാത്ത ഭൂതകാലം.
“ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചതിന് നന്ദി.” — പ്രഭു പറഞ്ഞു. “നീലക്കുയിലിനേയും ഭാർഗ്ഗവീനിലയത്തേയും ഒഴിച്ചുനിർത്തി ആർ എസ് പ്രഭുവിന് ഒരു സിനിമാജീവിതമില്ലല്ലോ.” എഴുപത് വർഷം മുൻപ് ഇതേ ദിവസമാണ് “നീലക്കുയിൽ” റിലീസായത്. പത്തു വർഷം കഴിഞ്ഞു മറ്റൊരു ഒക്ടോബർ 22 ന് “ഭാർഗവീനിലയ”വും. രണ്ടും മലയാള സിനിമയുടെ തലക്കുറി തിരുത്തിയ ചിത്രങ്ങൾ. രണ്ടു സിനിമകളുടെയും നിർമ്മാണത്തിൽ പങ്കാളിയാകാൻ ഭാഗ്യമുണ്ടായ ഒരേയൊരാളെ ഇന്ന് നമുക്കൊപ്പമുള്ളൂ — വടക്കൻ പറവൂർ സ്വദേശി പ്രഭു. നീലക്കുയിലിന്റെ (1954) പ്രൊഡക്ഷൻ ഇൻ ചാർജായിരുന്നു അദ്ദേഹം; ഭാർഗ്ഗവീനിലയത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും.
ചെന്നൈയിലെ വലസരവാക്കത്ത് ഭാര്യ ശാരദയ്ക്കൊപ്പം താമസിക്കുന്ന പ്രഭുവിന് പ്രായം 94. “ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. കേൾവിക്കുറവും. എന്നാൽ പ്രായം അച്ഛന്റെ ഓർമ്മയെ ബാധിച്ചിട്ടേയില്ല. പഴയ കാര്യങ്ങളെല്ലാം ഇപ്പോഴും കൃത്യമായി മനസ്സിലുണ്ട്.” — മകൻ രമേഷ് പറയുന്നു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ ബിസിനസ്സുമായി കഴിയുകയാണ് രമേഷ്. മറ്റൊരു മകനായ രാജഗോപാൽ കാനറാ ബാങ്കിൽ നിന്ന് വിരമിച്ച ശേഷം കുടുംബസമേതം അച്ഛന്റെ സമീപത്തുതന്നെ താമസിക്കുന്നു. “സിനിമാലോകവുമായി അച്ഛനിപ്പോൾ ബന്ധമൊന്നുമില്ല. അദ്ദേഹത്തിന്റെ സമകാലികർ എല്ലാം പോയില്ലേ? അതുകൊണ്ടുതന്നെ ആരെങ്കിലുമൊക്കെ പഴയ കഥകൾ ഓർമ്മിപ്പിക്കാൻ വിളിക്കുമ്പോൾ സന്തോഷമാണ്.” — രമേഷ്.
ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പിറന്നതെങ്കിലും “നീലക്കുയിൽ” വർണ്ണാഭമായ ഓർമ്മയാണ് പ്രഭുവിന്. ഉറൂബിന്റെ കഥ, രാമു കാര്യാട്ട് — പി ഭാസ്കരൻ കൂട്ടുകെട്ടിന്റെ സംവിധാനം, വിൻസന്റിന്റെ ക്യാമറ, രാഘവൻ മാഷിന്റെ സംഗീതം, സത്യന്റെയും മിസ് കുമാരിയുടേയും ഹൃദയസ്പർശിയായ അഭിനയം. ആഹ്ളാദങ്ങൾക്കൊപ്പം ചില്ലറ അനിശ്ചിതത്വങ്ങൾ കൂടി കലർന്നതാണ് പ്രഭുവിന്റെ നീലക്കുയിൽ ഓർമ്മകൾ. “റിലീസിന് നാല് ദിവസം മുൻപ് വാഹിനി സ്റ്റുഡിയോക്കാർ പറയുന്നു കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കാതെ സിനിമയുടെ പ്രിന്റ് വിട്ടുതരില്ലെന്ന്. അവരെ കുറ്റം പറഞ്ഞുകൂടാ. എഴുപത്തയ്യായിരം രൂപക്ക് പടം പൂർത്തിയാക്കാൻ പറ്റുമെന്നാണ് കാര്യാട്ടും ഭാസ്കരനും പരീക്കുട്ടി സാഹിബിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ ചെലവ് അവിടെയൊന്നും നിന്നില്ല. ഏതാണ്ട് ഒരു ലക്ഷത്തി മുപ്പത്താറായിരം രൂപ വേണ്ടിവന്നു പടം കംപ്ലീറ്റ് ചെയ്യാൻ. വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ട് ഞാൻ നേരെ വാഹിനി സ്റ്റുഡിയോ ഉടമ നാഗിറെഡ്ഡിയുടെ കാലിൽ ചെന്ന് വീണു. ആ പ്രാർത്ഥനക്ക് മുന്നിൽ മനസ്സലിഞ്ഞത് കൊണ്ട് മാത്രമാണ് പ്രിന്റ് വിട്ടുതരാൻ അദ്ദേഹം സമ്മതിച്ചത്. ഉദ്ദേശിച്ച പോലെ ഒക്ടോബർ 22 ന് പടം തിയേറ്ററിലെത്തുകയും ചെയ്തു.” ബാക്കിയുള്ളത് ചരിത്രം.
ആർ എസ് പ്രഭു അന്നു ഇന്നും| ഫോട്ടോ: special arrangement
സൂപ്പർ ഹിറ്റായി മാറിയ നീലക്കുയിലിലെ പാട്ടുകളുടെ പിറവിയും മറന്നിട്ടില്ല പ്രഭു. വാഹിനിയിലെ പ്രശസ്തനായ കൃഷ്ണയ്യർ ആയിരുന്നു റെക്കോർഡിസ്റ്റ്. സഹായിയായി ഒരു ആന്ധ്രക്കാരൻ യുവാവും ഉണ്ടായിരുന്നു — വിശ്വനാഥ്. പിൽക്കാലത്ത് ശങ്കരാഭരണവും സാഗരസംഗമവും പോലുള്ള ക്ലാസ്സിക് ചിത്രങ്ങൾ സംവിധാനം ചെയ്ത സാക്ഷാൽ കെ വിശ്വനാഥ് തന്നെ. വാഹിനി സ്റ്റുഡിയോയിൽ റെക്കോർഡിംഗ് അസിസ്റ്റന്റ് ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആലുവക്കടുത്ത് തോട്ടക്കാട്ടുകരയിൽ ഒരു വീടെടുത്ത് അവിടെയിരുന്നാണ് ഭാസ്കരനും രാഘവനും പാട്ടുകൾ ചിട്ടപ്പെടുത്തിയത്. എല്ലാം ഗ്രാമ്യഭംഗി നിറഞ്ഞ ഈണങ്ങൾ. കൊച്ചിക്കാരൻ ഹാജി അബ്ദുൾഖാദറിനെ ആണ് കായലരികത്ത് പാടാൻ രാഘവൻ കണ്ടുവെച്ചിരുന്നത്. എന്നാൽ ഹാജി പാടിക്കേട്ടതോടെ പരീക്കുട്ടി സാഹിബ് പറഞ്ഞു: വേണ്ട, ഈ പാട്ട് രാഘവൻ തന്നെ പാടിയാൽ മതി. ആദ്യം എതിർത്തുവെങ്കിലും ഒടുവിൽ രാഘവൻ മാഷിന്റെ ശബ്ദത്തിൽ ആ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടതും സർവകാല ഹിറ്റായി മാറിയതും ചരിത്രം. പ്രഭു അല്ലാതെ നീലക്കുയിലുമായി ബന്ധപ്പെട്ട ഒരാൾ കൂടിയേ ഇപ്പോൾ നമുക്കൊപ്പമുള്ളൂ: വിപിൻ മോഹൻ. പടത്തിൽ ബാലകഥാപാത്രമായി വേഷമിട്ട മോഹൻ പിൽക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഛായാഗ്രാഹകനായി വളർന്നു.
“ഭാർഗവീനിലയം” മറ്റൊരു സുവർണ്ണസ്മരണ. ബഷീറും സംവിധായകൻ വിൻസന്റ് മാഷും മധുവും വിജയനിർമ്മലയും ബാബുരാജുമൊക്കെ നിറഞ്ഞുനിൽക്കുന്നു ആ സ്മൃതിചിത്രങ്ങളിൽ. 1964 -ലാവണം, കൊച്ചിയിൽ നിന്ന് കാറിൽ ചെന്നൈയിലേക്ക് വരികയാണ് ചിത്രസാഗർ ഫിലിംസിന്റെ അബ്ദുള്ളയും ശോഭന പരമേശ്വരൻ നായരും. വഴിക്കുവെച്ച് വൈക്കം മുഹമ്മദ് ബഷീർ കാറിന് കൈകാണിക്കുന്നു. കോഴിക്കോട്ട് എത്തിച്ചു തരണം; അതാണാവശ്യം. അതിനെന്താ കേറിക്കോളൂ എന്ന് അബ്ദുള്ളയും പരമേശ്വരൻ നായരും. എന്നാൽ ബഷീറിനെ കയറ്റി അബ്ദുള്ള കാർ നേരെ വിട്ടത് ചെന്നൈയിലേക്ക്. കഥാലോകത്തെ സൂപ്പർതാരത്തെ കൊണ്ട് ഒരു സിനിമക്ക് തിരക്കഥയെഴുതിക്കുകയാണ് ഗൂഢോദ്ദേശ്യം.
ചെന്നൈ ടി നഗർ വെങ്കട്ടനാരായണ തെരുവിലെ ചന്ദ്രതാരാ ഓഫീസിനു മുന്നിലെത്തിയ ശേഷമേ കാർ നിന്നുള്ളൂ. അവിടെ പ്രഭുവുണ്ട് — ചന്ദ്രതാരയുടെ സ്ഥിരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രഭു താമസിക്കുന്നതും അതേ കെട്ടിടത്തിൽ തന്നെ. ഉടമസ്ഥൻ പരീക്കുട്ടി സാഹിബ് സ്ഥിരമായി കൊച്ചിയിലായതിനാൽ സിനിമാനിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും നിർവഹിച്ചിരുന്നത് പ്രഭുവാണ്.
“ബഷീറിന്റെ ഒരു കഥ സിനിമയാക്കണം എന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു ഞങ്ങൾ.”– പ്രഭുവിന്റെ ഓർമ്മ. “പ്രശസ്തമായ ബാല്യകാലസഖിയിലാണ് ആദ്യം കണ്ണു വെച്ചതെങ്കിലും അത് നടന്നില്ല.” ചന്ദ്രതാര ഓഫീസിലെ കൂടിക്കാഴ്ചക്കിടയിൽ “നീലവെളിച്ചം” എന്ന കഥ സിനിമയാക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടത് സാഹിത്യരസികനായ അബ്ദുള്ളയാണ്. “പരമേശ്വരൻ നായർക്കും എനിക്കും ആ നിർദ്ദേശം ബോധിച്ചു. ബഷീറിന്റെ എതിർപ്പുകളൊന്നും പിന്നെ വിലപ്പോയില്ല. എനിക്ക് ചില വ്യവസ്ഥകളുണ്ട്, അവ സമ്മതിച്ചാൽ തിരക്കഥ എഴുതുന്നതിനെ കുറിച്ചാലോചിക്കാം എന്നായി ബഷീർ.”
സംവിധായകനായി എ വിൻസന്റ് വേണം എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ആർക്കുമില്ല അതിൽ വിരോധം. നായകനായ എഴുത്തുകാരന്റെ റോൾ മധുവിന് നൽകണമെന്നതാണ് അടുത്ത ഉപാധി. അവിടെ ചെറിയൊരു പ്രശ്നമുണ്ട്. പ്രേംനസീർ ആണ് അക്കാലത്തെ മിനിമം ഗ്യാരണ്ടിയുള്ള നടൻ. നസീർ കൂടി ഉണ്ടെങ്കിൽ പടത്തിന്റെ ബോക്സോഫീസ് വിജയസാധ്യത മെച്ചപ്പെടും. എങ്കിൽ പിന്നെ ഫ്ലാഷ്ബാക്കിൽ വരുന്ന കാമുകന്റെ വേഷം നസീറിന് ഇരിക്കട്ടെ എന്ന് ബഷീർ. ആൾ പരമ സുന്ദരനാണല്ലോ. ചന്ദ്രതാരാ ഓഫീസിൽ താമസിച്ചുകൊണ്ടാണ് ഭാർഗ്ഗവീനിലയത്തിന്റെ തിരക്കഥയും സംഭാഷണവും ബഷീർ എഴുതിത്തീർത്തതെന്ന് പ്രഭു.”തിങ്കൾ മുതൽ ശനി വരെ എഴുത്ത്; ഞായർ അവധി. അതായിരുന്നു ബഷീറിന്റെ വ്യവസ്ഥ. നാലാഴ്ച കൊണ്ട് സ്ക്രിപ്റ്റ് തീർത്തു അദ്ദേഹം. ചെന്നൈയിലെ സ്റ്റുഡിയോ സെറ്റിൽ വെച്ചുള്ള ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.” തലശ്ശേരിയിലെ തലായി കടപ്പുറത്തും പരിസരത്തെ ചില വീടുകളിലും വെച്ചായിരുന്നു വാതിൽപ്പുറ ചിത്രീകരണം.
നീലക്കുയിൽ, ഭാർഗവീനിലയം | photo: special arrangements, mathrubhumi archives
1950 ലാണ് പ്രഭു സിനിമയിലെത്തുന്നത് — “രക്തബന്ധം” എന്ന ചിത്രത്തിൽ നടനും പ്രൊഡക്ഷൻ മാനേജരുമായി. “ചന്ദ്രലേഖയിൽ രഞ്ജന്റെ സാഹസികമായ അഭിനയം കണ്ട് മതിമറന്നാണ് നടനാകണം എന്ന മോഹം മനസ്സിലുദിച്ചത്. എന്നാൽ വിധി എനിക്ക് വേണ്ടി കരുതിവെച്ചത് മറ്റു വേഷങ്ങളായിരുന്നു.” — പ്രഭു ചിരിക്കുന്നു. രക്തബന്ധത്തിനു പിന്നാലെ രാജശ്രീ പിക്ചേഴ്സിന്റെ മാനേജരായി കൊച്ചിയിൽ തങ്ങുമ്പോഴാണ് ഒരുനാൾ സിനിമാമോഹങ്ങളുമായി പരീക്കുട്ടി സാഹിബ് കാണാനെത്തിയത്. “കൂടെ വരുന്നോ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ സാഹിബ് എന്റെ മനസ്സ് കീഴടക്കിക്കളഞ്ഞു. പിന്നീടങ്ങോട്ട് വർഷങ്ങളോളം ചന്ദ്രതാര ആയിരുന്നു എന്റെ തറവാട്.”
നീലക്കുയിലും രാരിച്ചൻ എന്ന പൗരനും മുടിയനായ പുത്രനും തച്ചോളി ഒതേനനും ഉൾപ്പെടെ ചന്ദ്രതാരയുടെ പടങ്ങളിലെല്ലാം നിർമ്മാണച്ചുമതല വഹിച്ച ശേഷം രാജമല്ലി (1965) യിലൂടെ നിർമ്മാതാവും സംവിധായകനുമായി മാറുന്നു പ്രഭു. പിൽക്കാലത്ത് പൂർണ്ണമായി നിർമ്മാണരംഗത്ത് ചുവടുറപ്പിച്ച പ്രഭുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ ആഭിജാത്യം, തീർത്ഥയാത്ര, ആരണ്യകാണ്ഡം, അഭിമാനം, അടവുകൾ പതിനെട്ട് എന്നിവയുണ്ട്. ആയുധം (1982) എന്ന ചിത്രത്തോടെ നിർമ്മാണ രംഗം വിടുകയായിരുന്നു അദ്ദേഹം. സിനിമാലോകം തിരിച്ചറിയാനാവാത്ത വിധം മാറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.
“നിങ്ങൾ പറഞ്ഞപോലെ ഇന്നെന്റെ ജീവിതത്തിലെ സുവർണ്ണദിനമാണ്. ഓർമ്മിപ്പിച്ചതിന് നന്ദി.” — വിടപറയും മുൻപ് പ്രഭു പറഞ്ഞു. “ഓർമ്മകൾ പങ്കുവയ്ക്കാൻ ആരുമില്ലല്ലോ ഭൂമിയിൽ എന്നൊരു ദുഃഖം മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]