
ഇന്ത്യന്‍ സിനിമ എക്കാലവും ഓര്‍ക്കുന്ന അനശ്വര നടന് രാജ് കപൂറിന്റെ 100-ാം ജന്മവാര്‍ഷികമാണ് ഡിസംബറില്‍. നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായി നിറഞ്ഞുനിന്ന രാജ് കപൂര്‍ ബോളിവുഡിന്റെ തലവര മാറ്റിയ മഹത് വ്യക്തിത്വങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ജന്മവാര്ഷികത്തിന് മുന്നോടിയായി അദ്ദേഹവുമായുണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തെപ്പറ്റിയുള്ള ഓര്മ പങ്കുവെക്കുകയാണ് നടി സീനത്ത് അമന്. സീനത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്ത ചിത്രമാണ് രാജ് കപൂറിന്റെ സംവിധാനത്തില്‍ 1978-ല്‍ പുറത്തിറങ്ങിയ ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലെ ‘രൂപ’ എന്ന നായിക വേഷം.
ശശി കപൂറിനെ നായകനാക്കി ഒരുക്കിയ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികവേഷം എങ്ങനെയാണ് താന്‍ നേടിയെടുത്തത് എന്ന് പറയുകയാണ് സീനത്ത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തനിക്ക് മേക്കപ്പ് ഇട്ടുതരുന്ന രാജ് കപൂറിന്റെ ചിത്രത്തോടൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സീനത്ത് ആ കഥ പങ്കുവെക്കുന്നത്. ‘1976-ലാണ് ഈ സംഭവം നടക്കുന്നത്. രാജ് കപൂര്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ‘വക്കീല്‍ ബാബു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്.
ശശി കപൂറും ഞാനും പ്രണയിതാക്കളായി അഭിനയിക്കുന്നു. ഒഴിവുവേളകളില്‍ താന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് രാജ് കപൂര്‍ എപ്പോഴും വാചാലനായി. പ്രണയത്തിന്റെ മറ്റൊരു തലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കഥ ഇഷ്ടമായി എന്നതിലുപരി അദ്ദേഹം അതിലേക്ക് എന്നെ തീരേ പരിഗണിക്കുന്നില്ല എന്ന തിരിച്ചറിവ് എനിക്ക് വലിയ വിഷമമുണ്ടാക്കി. ഞാന്‍ അന്ന് ബോളിവുഡില്‍ ഒരു സ്റ്റാറാണ്. എന്നിട്ടും എന്തുകൊണ്ടാണ് രൂപയുടെ കഥാപാത്രത്തിനായി അദ്ദേഹം എന്നെ പരിഗണിക്കാത്തത് എന്നായി എന്റെ ആലോചന.
അന്ന് ഞാന്‍ അത്യാവശ്യം ഗ്ലമറസായി അഭിനയിക്കുന്ന, മോഡേണ്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നായികയാണ്. എന്റെ കുട്ടിപ്പാവടകളും ബൂട്ടുകളുമാണ് ആ കഥാപാത്രത്തില്‍നിന്നും എന്നെ അകറ്റുന്നത് എന്നെനിക്ക് മനസിലായി. അതോടെ എങ്ങനെയും രാജ് കപൂറിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം എന്നായി എന്റെ ചിന്ത. അങ്ങനെ ഒരു ദിവസം ഗാഗ്ര ചോളിയൊക്കെ ഇട്ട്, അദ്ദേഹം പറഞ്ഞ കഥയിലെ നായികയെപ്പോലെ മുഖത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റ പോലെയുള്ള പാടുകള്‍ പേപ്പറൊക്കെ ഒട്ടിച്ച് റെഡിയാക്കി ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.
ആര്.കെ. സ്റ്റുഡിയോയില്‍ തന്നെ കാണാന്‍ വരുന്നവരെ സ്വീകരിക്കാനായി ഒരുക്കിയിട്ടുള്ള ‘ദി കോട്ടേജ്’ എന്നയിടത്തേക്ക് ഞാന്‍ ഈ വേഷത്തില്‍ ചെന്നു. രാജ് കുമാറിന്റെ വലംകൈയായ ജോണ്‍ എന്നെ കണ്ട് സംശയത്തോടെ വീണ്ടും നോക്കി, അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, ‘സാബ്ജിയോട് പറയൂ, രൂപ വന്നിട്ടുണ്ടെന്ന്’. ബാക്കി കഥയ്ക്കായി അടുത്ത പോസ്റ്റിനായി കാത്തിരിക്കൂ എന്നുപറഞ്ഞാണ് സീനത്ത് കഥയ്ക്ക് താത്കാലിക വിരാമമിട്ടിരിക്കുന്നത്. എന്നാല്‍ നേരത്തേ ഒരു ടിവി പരിപാടിയില്‍ സീനത്ത് ഇതേക്കുറിച്ച് പറഞ്ഞത്, ‘എന്റെ അര്‍പ്പണബോധത്തില്‍ അദ്ദേഹം സന്തുഷ്ടനായി. അദ്ഭുതത്തോടെ കുറച്ചുനേരം നോക്കിനിന്നു, എന്നിട്ട് സ്വര്‍ണനാണയങ്ങള്‍ നല്‍കുകയും ആ സിനിമയ്ക്കായി കരാന് ഒപ്പിടീക്കുകയും ചെയ്തു.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]