
തമിഴ് നടന് സൂര്യയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചെന്നിത്തല തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
സൂര്യ എന്ന നടനോടുള്ള വലിയ ഇഷ്ടവും രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ തുറന്നു പറഞ്ഞു. ജയ് ഭീം എന്ന ചിത്രം കണ്ട ശേഷമാണ് സൂര്യയോടുള്ള ഇഷ്ടം കൂടിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. ആ ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. സൂര്യയുടേയും ചെന്നിത്തലയുടേയും ആരാധകരായ നിരവധി പേര് തങ്ങളുടെ ഇരട്ടിച്ച സന്തോഷം കമന്റുകളില്‍ പങ്കുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാറും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറും കണ്ടുമുട്ടി എന്നായിരുന്നു ഒരു കമന്റ്.
ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ കങ്കുവ ആണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ദിഷ പഠാണിയാണ് നായിക. 350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ഈ ചിത്രം വമ്പന്‍ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തില്‍ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്, നടരാജന് സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന് ശിവ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തുവന്നിട്ടുള്ള ടീസര്‍, ഗാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]