താൻ സിനിമാ നിർമാണരംഗത്തേക്ക് വരുന്നു എന്ന വാർത്തകൾ നിഷേധിച്ച് നടി സിമ്രാൻ. എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം. വിജയ്യെ നായകനാക്കി സിമ്രാൻ സിനിമ നിർമിക്കുന്നു എന്നായിരുന്നു പ്രചരിച്ച അഭ്യൂഹം. ഇതിനെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് കുറിപ്പുമായി നടിയെത്തിയത്. തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണെന്നും തന്റെ പരിമിതികൾ തനിക്കറിയാമെന്നും സിമ്രാൻ കുറിച്ചു.
അഭ്യൂഹങ്ങളെ അപ്പാടെ തള്ളിക്കളയുന്നതും ആത്മാഭിമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നതുമായിരുന്നു സിമ്രാന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്.
ആളുകൾക്ക് നിങ്ങളെ എങ്ങനെ വൈകാരികമായി കൈകാര്യം ചെയ്യാമെന്നും നിങ്ങളുടെ സുഹൃത്തുക്കൾ അതിനെക്കുറിച്ച് എത്രമാത്രം ശ്രദ്ധിക്കുന്നില്ലെന്നും കാണുന്നത് ശരിക്കും നിരാശാജനകമാണെന്ന് അവർ പറഞ്ഞു. ഇതുവരെ, താൻ മൗനം ഭജിച്ചു. ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ്. സിനിമയിൽ വലിയ നടന്മാർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. എന്നാൽ തൻ്റെ ലക്ഷ്യങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയിലുള്ള അതിരുകൾ തനിക്കറിയാമെന്നും സിമ്രാൻ വ്യക്തമാക്കി.
“മറ്റൊരാളുടെ പേരുമായി ചേർത്ത് എന്റെ പേരുവരുമ്പോഴെല്ലാം ഇക്കണ്ട വർഷങ്ങളത്രയും ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. ആത്മാഭിമാനമാണ് ആദ്യം വേണ്ടത്. നിർത്തുക എന്നത് വളരെ ശക്തിയുള്ള വാക്കാണ്. അതാണ് ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം. ഈ കിംവദന്തികൾക്ക് അറുതിവരുത്താൻ ആരും വരികയോ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ആരും എൻ്റെ വികാരങ്ങളെന്താണെന്ന് ശ്രദ്ധിച്ചില്ല.
എന്റെ പേരിന്റെ പ്രയോജനം ഞാനൊരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഞാൻ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇൻഡസ്ട്രിയിലെ വിവേകമുള്ള ആളുകളിൽ നിന്നും ഇതേ ആർജവം ഞാൻ പ്രതീക്ഷിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ എന്നോട് ആത്മാർത്ഥമായി മാപ്പ് പറയണം.” സിമ്രാൻ കൂട്ടിച്ചേർത്തു.
എച്ച്.വിനോദ് ഒരുക്കുന്ന ദളപതി 69-ൽ ഒരു പ്രധാനവേഷം അവതരിപ്പിക്കാൻ അണിയറപ്രവർത്തകർ സിമ്രാനെ കണ്ടേക്കും എന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. പ്രിയമാനവളേ, വൺസ് മോർ, തുള്ളാത മനവും തുള്ളും, ഉദയാ എന്നീ ചിത്രങ്ങളിൽ മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]