തമിഴിലെന്നപോലെ കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് ജയം രവി. ഈയിടെ പുറത്തിറങ്ങിയവയിൽ മണിരത്നം സംവിധാനംചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ജയം രവിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിൽ അരുൾമൊഴി വർമൻ എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ജയം രവി ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. അതിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ഒരു സുപ്രധാനവേഷത്തിൽനിന്ന് നടൻ ചിമ്പുവിനെ ഒഴിവാക്കാൻ ജയം രവിയാണ് കാരണം എന്നായിരുന്നു പ്രചരിച്ച കാര്യം. എന്നാൽ ഇത് പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ് ജയം രവി. അഭ്യൂഹങ്ങളെക്കുറിച്ച് താനും ചിമ്പുവും നേരത്തേ സംസാരിച്ചിരുന്നെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയം രവി പറഞ്ഞു.
“കഴിഞ്ഞ 21 വർഷമായി മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കാണുന്നു. അതിനുള്ള അവസരം ലഭിച്ചപ്പോൾ അനുഗ്രഹിക്കപ്പെട്ടെന്നു തോന്നി. മണിരത്നം സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ ആരെയെങ്കിലും ഒഴിവാക്കണമെന്നൊക്കെ ആവശ്യപ്പെടാൻ പറ്റുമോ എന്ന് ആദ്യം ആലോചിക്കണം. അദ്ദേഹത്തേപ്പൊലൊരു വലിയ സംവിധായകൻ ഞാൻ പറയുന്നത് കേൾക്കുമെന്ന് തോന്നുന്നുണ്ടോ?
ചിമ്പുവും ഞാനും നല്ല സുഹൃത്തുക്കളാണ്. അഭ്യൂഹങ്ങളുണ്ടായപ്പോൾത്തന്നെ ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും ആ ചിത്രത്തിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും അത് തികച്ചും രസകരമായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. എങ്ങനെയാണ് ഈ അഭ്യൂഹങ്ങൾ മുഴുവൻ തുടങ്ങിയതെന്ന് മനസിലാവുന്നില്ല.” ജയം രവി വ്യക്തമാക്കി.
അതേസമയം പൊന്നിയിൻ സെൽവൻ 2-ന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്തത് ചിമ്പുവായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും അദ്ദേഹം പങ്കെടുത്തിരുന്നു. എം.രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ ആണ് ജയം രവിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പ്രിയങ്ക മോഹനാണ് നായിക. അർജുനൻ ജൂനിയർ സംവിധാനംചെയ്യുന്ന ജീനി എന്ന ചിത്രവും ജയം രവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]