
ഒരു സിനിമയും ഗാനവും പുറത്തിറങ്ങി 33 വർഷങ്ങളാവുന്നു. ഒരു അഭിമുഖം കാരണം ആ ഗാനം വീണ്ടും തരംഗമാവുന്നു. 1991-ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രവും അതിലെ ഉണ്ണീ വാ വാ വോ എന്ന ഗാനവുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ഈ ചർച്ചയ്ക്കെല്ലാം വഴിയൊരുക്കിയതാകട്ടെ മലയാളത്തിലേ അല്ലാത്ത ഒരു ടോക്ക് ഷോയും.
കപിൽ ശർമ അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോ-സീസൺ 2 ഉദ്ഘാടനം ചെയ്യവേ നടി ആലിയാ ഭട്ട് തന്റെ മകൾ റാഹയേക്കുറിച്ച് പറഞ്ഞിരുന്നു. അതിനിടയിലാണ് റാഹ കേട്ടുറങ്ങുന്ന ഉണ്ണീ വാ വാ വോ എന്ന മലയാള ഗാനത്തേക്കുറിച്ചും ആലിയ സംസാരിച്ചത്. റാഹ ഈ പാട്ടുകേട്ടാണ് ഉറങ്ങാറുള്ളതെന്ന് താരം പറഞ്ഞു.
“റാഹയെ ഉറക്കാനായി അവളുടെ നഴ്സ് സ്ഥിരം ഉണ്ണീ വാ വാ വോ എന്ന പാട്ടാണ് പാടിക്കൊടുക്കാറുള്ളത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് റാഹ പറയും മാമ വാവോ, പാപ്പാ വാവോ എന്ന്. അവൾക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോൾ ഞാനും രൺബീറും അവൾക്കുവേണ്ടി ആ പാട്ടുപഠിച്ചു.” ആലിയ വിശദീകരിച്ചു.
ആലിയയുടെ ഈ വാക്കുകൾ ക്ലിപ്പുകളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ സാന്ത്വനത്തിലെ ഈ ഗാനം കേൾക്കാനായി യൂട്യൂബിലേക്ക് ആസ്വാദകരുടെ തള്ളിക്കയറ്റമാണ്. ഒന്നരക്കോടി പേരാണ് ഗാനം ഇതുവരെ യൂട്യൂബിൽ മാത്രം കണ്ടത്. ആലിയ ഭട്ടിൻ്റെ വീഡിയോ കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ എന്നാണ് പലരും ചോദിച്ചത്. ഇങ്ങനെയൊരു പാട്ട് പരിചയപ്പെടുത്തിത്തന്നതിന് ആലിയക്കും രൺബീറിനും നന്ദി, കപിൽ ശർമ ഷോ കണ്ടതിനുശേഷം വന്നവരുണ്ടോ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
1991-ൽ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനംചെയ്ത ചിത്രമായിരുന്നു സാന്ത്വനം. നെടുമുടി വേണു, ഭാരതി, മീന, സുരേഷ് ഗോപി, മുരളി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. മോഹൻ സിതാരയായിരുന്നു സംഗീതസംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]