
സിനിമയിലെ ‘പവര്‍ ഗ്രൂപ്പ്’ ആരോപണങ്ങള്‍ ശരിയാണെന്നു തിലകന്റെ സുഹൃത്തും നാടകപ്രവര്‍ത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്. സിനിമയില്‍നിന്നു വിലക്ക് വന്നതോടെ തിലകന് വേണ്ടി നാടകസമിതിയുണ്ടാക്കിയ വ്യക്തിയാണ് അമ്പലപ്പുഴ രാധാകൃഷ്ണന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് അമ്പലപ്പുഴ രാധാകൃഷ്ണന്റെ പ്രതികരണം.
“തിലകനെ വിലക്കിയിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നത് അസത്യമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ തിലകനെ കാണാന്‍ വരികയുണ്ടായി. തിലകനെ വച്ച് ഒരു സീരിയല്‍ ചെയ്യുന്നത് ഒരു വലിയ സ്വപ്നമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അനിയന് എല്ലാം ആലോചിച്ചാണ് വന്നത്? അതിന്റെ (സീരിയല്‍ സംഘടനയുടെ) പ്രസിഡന്റ് ആരാണെന്ന് അറിയാമല്ലോ. ആ വ്യക്തിയുള്ള കാലത്തോളം നടക്കില്ല- എന്നാണ് തിലകന് പറഞ്ഞത്. ഇല്ല സാര്‍, ഞാന്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞാണ് അയാള്‍ പോയത്. തിലകന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് ചോദിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ആ വ്യക്തി ഇറങ്ങിപ്പോകുമ്പോഴേ തിലകന് പറഞ്ഞു. ഇനി അയാള്‍ വരില്ലെന്ന്. പറഞ്ഞത് പോലെയായി. പിന്നീട് അയാള്‍ വന്നേതേയില്ല.
“സിനിമയില്‍ ഒരു സംഘമുണ്ട്. മാഫിയ എന്ന് തിലകന് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചര്‍ച്ചയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയിരുന്നു. മാഫിയ എന്ന് പറഞ്ഞത് പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. താനത് പിന്‍വലിക്കില്ലെന്ന് തിലകന് ഉറച്ചു നിന്നു.
“നാടകത്തിലേക്ക് തിരികെ വന്നപ്പോള്‍ തന്റെ തട്ടകത്തില്‍നിന്ന് വിലക്കാന്‍ ആരും വരില്ലെന്നാണ് തിലകന് പറഞ്ഞത്. എനിക്ക് ഭയങ്കര ലാഭം കിട്ടിയ നാടകമാണിത്. നൂറ്റിനാലോളം സ്റ്റേജ് ചെയ്തപ്പോള്‍ 15 ലക്ഷം രൂപയുടെ ചെക്കാണ് ഞാന്‍ എഴുതി കൊടുത്തത്. പ്രേക്ഷകരായിരുന്നു തിലകന്റെ ശക്തി. അദ്ദേഹത്തെ കാണുമ്പോഴേ അവര്‍ ആവേശത്തിലാകും. നാടകത്തില്‍ വീണ്ടും സജീവമായപ്പോള്‍ സിനിമയിലേക്ക് ഇനിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തട്ടകത്തില്‍ കിടന്ന് മരിക്കണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയിലേക്ക് വിളിക്കുന്നത്. 95-ാമത്തെ നാടകത്തില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അത്. നാടകത്തിന് വേണ്ടി നിങ്ങള്‍ ഒരുപാട് കാശ് മുടക്കിയല്ലേ, ഇപ്പോള്‍ താന്‍ സിനിമയിലേക്ക് പോയാല്‍ ശരിയാകുമോ എന്ന ആശയകുഴപ്പം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ചേട്ടന് പോകണം, നാടകത്തിന് വേണ്ടിയല്ല ഇപ്പോള്‍ നമ്മള് നാടകം ചെയ്യുന്നത്. സിനിമയിലെ വരേണ്യവര്‍ഗ്ഗത്തിനെതിരേയുള്ള പോരാട്ടമായിരുന്നു. അതില്‍ ജയിച്ചിരിക്കുന്നൂ എന്ന്.
ഭയങ്കര അവഗണനയാണ് ആ മനുഷ്യന് അനുഭവിച്ചത്. അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചവരാണ് സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തിയത്. പക്ഷേ തിലകന് ആര്‍ക്ക് മുന്നിലും വഴങ്ങിയില്ല. അദ്ദേഹം ഏറ്റവും പ്രധാന്യം നല്‍കിയത് പ്രേക്ഷകര്‍ക്കാണ്. ഞാനൊരു നടനാണ്, ആരുടെയും മുന്നില്‍ കൈകൂപ്പി നില്‍ക്കില്ല, അതാണ് ഇവര്‍ക്ക് എന്നോടുള്ള ദേഷ്യം എന്ന് പറയാറുണ്ട്. ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപാണെന്ന് അദ്ദേഹം അവസാനകാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്തു പറ്റി? മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നഷ്ടമായി. അദ്ദേഹത്തിന് ആരോടും ഒരു പിണക്കവുമുണ്ടായിരുന്നില്ല- അമ്പലപ്പുഴ രാധാകൃഷ്ണന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്:
തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര് ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ നടന് പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍, അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന് കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ പറയുന്നു.