
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളും തുടർസംഭവങ്ങളും അവസാനിക്കുന്നില്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റും സോഷ്യൽ മീഡിയാ ആക്രമണങ്ങളും നേരിട്ട നടിയാണ് സുശാന്തിന്റെ കാമുകി കൂടിയായിരുന്ന റിയ ചക്രവർത്തി. തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തേക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് അവരിപ്പോൾ.
സുശാന്തിന്റെ മരണശേഷമുള്ള സമയത്തെ തന്റെ ജീവിതത്തിന്റെ ചാപ്റ്റർ 2 എന്നാണ് റിയ വിശേഷിപ്പിച്ചത്. നടി സുസ്മിത സെൻ അതിഥിയായെത്തിയ പോഡ്കാസ്റ്റ് ഷോയിൽ അവതാരകയായിരുന്നു റിയ. ഈ പരിപാടിയിലാണ് അവർ തന്റെ പുതിയ ജീവിതത്തേക്കുറിച്ച് തുറന്നുപറഞ്ഞത്. താനിപ്പോൾ അഭിനയം എന്നെന്നേക്കുമായി നിർത്തിയെന്ന് റിയ പറഞ്ഞു.
“ജീവിക്കാനായി ഞാനെന്തുചെയ്യുന്നു എന്ന് ആളുകൾക്ക് ആശയക്കുഴപ്പമുണ്ട്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയിരിക്കുകയാണ്. മറ്റുചില കാര്യങ്ങൾ ചെയ്യുന്നു. ഉപജീവനത്തിനുള്ള പണത്തിനായി മോട്ടിവേഷണൽ സ്പീക്കറായി ജോലി ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒന്നാം അധ്യായം എന്താണെന്ന് എല്ലാവർക്കും അറിയാം. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കുന്നതിൻ്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി. എന്റെതന്നെ വ്യത്യസ്തമായ പതിപ്പുകളായിരുന്നു അവ. ഒടുവിൽ ഒരു പുനർജന്മം എന്നപോലെ, എന്റെ പുത്തൻ പതിപ്പുപോലെ എനിക്ക് അനുഭവപ്പെട്ടു. ജീവിതത്തിൽ രണ്ടാം അധ്യായമുള്ള ആരുമായെങ്കിലും അതൊന്നാഘോഷിക്കണമെന്ന് എനിക്ക് തോന്നി. ജീവിതത്തിൽ രണ്ടാം അധ്യായമുള്ളത് പ്രശ്നമുള്ള കാര്യമല്ലെന്ന് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം.” റിയ പറഞ്ഞു.
വീഡിയോ ജോക്കിയായാണ് റിയ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അവർ ഒരേപോലെ വേഷമിട്ടു. 2020-ൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് രൂക്ഷമായ വിമർശനമായിരുന്നു റിയ നേരിട്ടത്. ഇതേവർഷം സെപ്റ്റംബറിൽ സുശാന്തിനുവേണ്ടി മയക്കുമരുന്ന് വാങ്ങിയെന്ന കുറ്റത്തിന് അവർ അറസ്റ്റിലായി. 28 ദിവസം ബൈക്കുള ജയിലിൽ കിടന്ന റിയ 2020 ഒക്ടോബറിൽ പുറത്തിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]