
യുവാക്കളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും മയക്കുമരുന്നുപയോഗവും അവരെ അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും അത്തരക്കാർ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആപത്ക്കരമായ സാഹചര്യങ്ങളുമെല്ലാം വാർത്തകളായി നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. മയക്കുമരുന്നിന് അടിമകളാവുന്ന യുവതലമുറയേക്കുറിച്ച് ധാരാളം സിനിമകളിലൂടെയും നമ്മൾ കണ്ടിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള വ്യത്യസ്തമായ, നല്ല നാടൻ തല്ലിന്റെ ചൂടുള്ള ചിത്രമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ ഒരുക്കിയ ഇടിയൻ ചന്തു.
സ്കൂളുകളിലേക്ക് ലഹരിമരുന്ന് മാഫിയ എങ്ങനെ കടന്നുകയറാൻ ശ്രമിക്കുന്നുവെന്നും അതിനെ വിദ്യാർത്ഥികൾതന്നെ എങ്ങനെ നേരിടുന്നുവെന്നുമാണ് ഇടിയൻ ചന്തു പറയുന്നത്. നഗരം വിട്ട് നാട്ടിൻപുറങ്ങളിലേക്ക് സ്കൂളുകൾ വഴി ലഹരി കുട്ടികളിലേക്ക് എങ്ങനെ പടർന്നേക്കാമെന്നും ചിത്രം സംസാരിക്കുന്നുണ്ട്. സമൂഹത്തിൽ ലഹരി മാഫിയയുടെ ഇടപെടലിനേക്കുറിച്ച് നേരിട്ട് പറയാതെ ചന്തു എന്ന കഥാപാത്രത്തിലൂടെ, അയാൾക്ക് ഏത് സാഹചര്യത്തിൽ ലഹരി മാഫിയയുമായി ഏറ്റുമുട്ടേണ്ടിവരുന്നു എന്നതിലൂടെയാണ് ഇടിയൻ ചന്തു എന്ന ചിത്രം സഞ്ചരിക്കുന്നത്.
ചന്തു എന്ന നായക കഥാപാത്രത്തിന്റെ ജീവിത സാഹചര്യവും കുട്ടിക്കാലത്ത് മനസിനേൽക്കുന്ന ആഘാതവും അതിന്റെ ഫലമായി അവൻ അനുഭവിക്കുന്ന സംഘർഷങ്ങളുമെല്ലാം പറഞ്ഞ്, ഒരു അടിത്തറ ഇട്ടതിനുശേഷമാണ് ഇടിയൻ ചന്തു അതിന്റെ ആവേശകരമായ യഥാർത്ഥ സംഭവവികാസങ്ങളിലേക്ക് വരുന്നത്. അടുത്ത കാലത്ത് പ്രചാരത്തിലായ വളരെ ഡാർക്ക്-സ്റ്റൈലിഷ് മോഡിൽ പറഞ്ഞുപോകുന്ന സിനിമയാക്കാമായിരുന്നിട്ടും ആ ക്ലീഷേ മാറ്റിപ്പിടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകൻ ശ്രീജിത്ത് വിജയൻ. വ്യത്യസ്തവും കൗതുകമുള്ളതുമായ കഥാപാത്രങ്ങളെ പ്രേക്ഷകരുമായി വൈകാരികമായി അടുപ്പിക്കുന്നതിലും അദ്ദേഹം വിജയം കണ്ടിരിക്കുന്നു.
ചന്തു എന്ന അത്ര സുഖകരമല്ലാത്ത ബാല്യമുണ്ടായിരുന്ന നായകനെ വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ചതാക്കിയിട്ടുണ്ട്. ആക്ഷൻ ഹീറോ പരിവേഷത്തിലേക്കുള്ള വിഷ്ണുവിന്റെ ചുവടുവെപ്പായും ചന്തുവിനെ കണക്കാക്കാം. എടുത്തുപറയേണ്ട മറ്റൊരാൾ വില്ലനായെത്തിയ ചന്തു സലിം കുമാറാണ്. മഞ്ഞുമ്മൽ ബോയ്സിൽനിന്നും നടികറിൽനിന്നുമെല്ലാം നടനെന്ന നിലയിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നു ചന്തു. കണ്ടാൽ ദേഷ്യംതോന്നുന്ന വില്ലനെ ചന്തു മനോഹരമാക്കിയിട്ടുണ്ട്. ലാലു അലക്സിന്റെ മാസ് വികാരി വേഷം തിയേറ്ററിൽ കയ്യടി സൃഷ്ടിക്കുന്നുണ്ട്. ജോണി ആന്റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു എന്നിവരുടെ സാന്നിധ്യവും ചന്തുവിന്റെ ഇടിക്ക് ശക്തിയേകുന്നു.
പിന്നണിയിൽ പ്രവർത്തിച്ചവരേക്കുറിച്ച് പറയുമ്പോൾ ആദ്യം എടുത്തുപറയേണ്ടത് സംഘട്ടനസംവിധായകൻ പീറ്റർ ഹെയിനേക്കുറിച്ചാണ്. കൽക്കി, ഇന്ത്യൻ 2 പോലുള്ള വമ്പൻ ചിത്രങ്ങൾ ചെയ്യുന്നതിനിടെ ഇങ്ങനെയൊരു മലയാളചിത്രം ചെയ്യാൻ കാരണം അതിന്റെ വിഷയമാണെന്ന് മാതൃഭൂമി ഡോട്ട് കോമിനോടുതന്നെ അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകൾ എത്ര ആത്മാർത്ഥമായിട്ടാണെന്ന് ഇടിയൻ ചന്തുവിലെ ആക്ഷൻ രംഗങ്ങൾ സ്ഥിരീകരിക്കും. ഇതിനൊപ്പം ദീപക് ദേവിന്റെ പശ്ചാത്തലസംഗീതം കൂടിയാവുമ്പോൾ സംഘട്ടനരംഗങ്ങൾ വേറെ ലെവലാകുന്നുണ്ട്.
മയക്കുമരുന്ന് മാഫിയയെ സ്കൂളുകൾ എങ്ങനെ നേരിടണമെന്നുകൂടി ചിത്രം സംസാരിക്കുന്നുണ്ട്. നാടൻ പശ്ചാത്തലത്തിലുള്ള, ഒരു നാടൻ ഇടിപ്പടം കാണാൻ ഇടിയൻ ചന്തുവിന് ടിക്കറ്റെടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]