
സിനിമയിൽ ശോഭിക്കാനായില്ലെങ്കിലും രാഷ്ട്രീയത്തിൽ വിജയം കണ്ടെത്തിയയാളാണ് ചിരാഗ് പാസ്വാൻ. മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായി രാം വിലാസ് പാസ്വാന്റെ മകൻ കൂടിയായ ഈ മുൻ സിനിമാതാരം. സിനിമയിൽ താനൊരു ദുരന്തമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
2011-ൽ പുറത്തിറങ്ങിയ മിലേ നാ മിലേ ഹം എന്ന ചിത്രത്തിലൂടെയാണ് ചിരാഗ് പാസ്വാൻ സിനിമയിലെത്തിയത്. തന്റെ കുടുംബത്തിൽനിന്ന് സിനിമയിലെത്തുന്ന ആദ്യത്തെയാളായിരുന്നു താൻ. എന്നാൽ സിനിമാ മേഖലയ്ക്ക് പറ്റിയയാളല്ലെന്ന് നാട്ടുകാർക്ക് തോന്നുന്നതിനുമുൻപേ തനിക്ക് സ്വയം തോന്നിയിരുന്നെന്ന് ചിരാഗ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐ.യോടായിരുന്നു ചിരാഗിന്റെ പ്രതികരണം.
“അതൊരു വ്യത്യസ്തമായ സമയമായിരുന്നു. അത് ലളിതമായിരുന്നോ ബുദ്ധിമുട്ടായിരുന്നോ എന്ന് പറയാനാവില്ല. കുടുംബത്തിലാരും അന്നുവരെ ബോളിവുഡിൽ ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തിൽനിന്ന് ബോളിവുഡിലേക്ക് കടക്കാൻ ശ്രമിച്ച ആദ്യത്തെയാൾ ഞാനായിരുന്നു. പക്ഷേ വൈകാതെ തന്നെ ആ തീരുമാനം ഒരു ദുരന്തമായി തോന്നി. രാജ്യം മനസിലാക്കുന്നതിനും വളരെ മുൻപേ ഞാനൊരു ദുരന്തമായി എനിക്കുതോന്നി. സിനിമാ മേഖലയ്ക്കുവേണ്ടിയുള്ളയാളല്ല ഞാനെന്ന് എനിക്ക് മനസിലായി.” ചിരാഗ് തുറന്നുപറഞ്ഞു.
ചെറുപ്പംതൊട്ടേ അച്ഛനായ രാം വിലാസ് പാസ്വാനെ കണ്ടാണ് വളർന്നതെന്ന് ചിരാഗ് പറഞ്ഞു. “അച്ഛൻ വേദിയിൽനിന്ന് പ്രസംഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ സിനിമയിൽ എനിക്ക് എഴുതിവെച്ച സംഭാഷണം തരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ വളരെ മനോഹരമായി സംസാരിക്കുന്ന അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. അതിനാൽ സംഭാഷണങ്ങൾ തത്സമയം ഇഷ്ടമുള്ള രീതിയിൽ മെച്ചപ്പെടുത്താനും അത് പറയാനും കഴിയുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ അത് തെറ്റായിരുന്നെന്ന് അധികം വൈകാതെ ഞാൻ മനസിലാക്കി. ” ചിരാഗ് കൂട്ടിച്ചേർത്തു.
മിലേ നാ മിലേ ഹമിൽ കങ്കണ റണൗട്ട് ആയിരുന്നു നായിക. സിനിമയിൽ ഭാഗ്യം പരീക്ഷിക്കവേ ആകെ സംഭവിച്ച നല്ല കാര്യം കങ്കണ റണൗട്ടിനെ പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതാണെന്നും ചിരാഗ് ഓർമിച്ചു. പാർലമെൻ്റിൽ കങ്കണയെ കാണാൻ താൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എൻ്റെ സ്വന്തം ജീവിതത്തിൽ വളരെ തിരക്കിലായിരുന്നതിനാൽ കങ്കണയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ചിരാഗ് വ്യക്തമാക്കി.
നിലവിൽ ഹാജിപുരിൽ നിന്നുള്ള എം.പിയും കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രിയുമാണ് ചിരാഗ് പാസ്വാൻ. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ വിജയിച്ച് എം.പിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]