
മമ്മൂട്ടി ആരാധകനായ ജസ്ഫറിന് ഇത് ഇരട്ടിമധുരത്തിൻ്റെ സമയമാണ്. ശാരീരിക പരിമിതികൾക്കിടയിലും താൻ സ്വയം ഡിസെെൻ ചെയ്ത് ഷർട്ട് പ്രിയതാരത്തിന് നൽകിയതിൻ്റെ സന്തോഷത്തിലായിരുന്നു മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന്. ഇപ്പോഴിതാ ഒരുമാസത്തിനിപ്പുറം ആരാധകൻ സ്നേഹത്തോടെ സമ്മാനിച്ച ഷർട്ട് ധരിച്ചിരിക്കുകയാണ് മമ്മൂട്ടി.
മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ലിനൻ ഷർട്ടിൽ മമ്മൂട്ടിക്കായി ഡിസെെൻ ഒരുക്കിയത്. ഒരുമാസത്തിന് മുൻപ് നേരിട്ടുകണ്ട് താരത്തിന് ഷർട്ട് സമ്മാനിക്കുകയും ചെയ്തു. ഷർട്ട് ധരിക്കുമെന്ന് അന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയിരുന്നത്. എന്നാൽ ആരാധകനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി.
‘നന്ദി മമ്മൂക്കാ…, എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന്. എൻ്റെ എഫർട്ടിന് വാല്യു നൽകിയതിന്. പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന്’, ജസ്ഫർ കുറിച്ചു.
കഴിഞ്ഞ ദിവസം ‘ഇടിയൻ ചന്തു’ സിനിമയിലെ പാട്ടിൻ്റെ ലോഞ്ചിനാണ് മമ്മൂട്ടി ജസ്ഫർ ഡിസെെൻ ചെയ്ത ഷർട്ട് ധരിച്ചെത്തിയത്. ‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയുമായി ജസ്ഫർ കൂടിക്കാഴ്ച നടത്തിയത്. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും ജസ്ഫർ സമ്മാനമായി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]